
ഞങ്ങളുടെ തണല്‍ നശിപ്പിക്കരുതേ…! ചങ്ങനാശേരി ജനറല്‍ ആശുപത്രി റോഡിലെ ആല്‍മരത്തിന്റെ വേരുകളില്‍ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച നിലയിൽ; പരാതിയുമായി ഓട്ടോറിക്ഷ ഡ്രൈവർമാർ
ചങ്ങനാശേരി: അരുത് ഞങ്ങളുടെ തണല്‍ ഇല്ലാതെ ആക്കരുത്…!
ചങ്ങനാശേരി ജനറല്‍ ആശുപത്രി റോഡിലെ 1ാം നമ്പർ ഓട്ടോസ്റ്റാന്റിലെ തൊഴിലാളികള്‍ വലിയ വേദനയോടെയാണ് കൊടും ചൂടില്‍ തങ്ങളുടെ ആശ്രയമായ ആല്‍മരത്തിന്റെ വേരുകളില്‍ സാമൂഹ്യ വിരുദ്ധർ ആസിഡ് ഒഴിച്ച ക്രൂരതയോട് പ്രതികരിച്ചത്.
കരിങ്കല്‍കെട്ടിനിടയില്‍ ഞെങ്ങിഞെരുങ്ങി വളർന്നു തണലേകുന്ന ആല്‍മരം. കൂടെ ഓരം ചേർന്ന് വളരുന്ന ബദാമും കണിക്കൊന്നയും. കഴിഞ്ഞ 20 വർഷത്തിലേറെയായി നാട്ടുകാർക്ക് തണലേകുന്ന ആല്‍ മരത്തിന്റെ വേരിലാണ് ബുധനാഴ്ച രാത്രി വലിയ തോതില്‍ ആസിഡ് ഒഴിച്ച് നശിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെയാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ മരത്തിന്റെ വേരുകളില്‍ ആസിഡ് ഒഴിച്ചത് കണ്ടത്. ഉടൻ തന്നെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി ആയിരം ലിറ്റർ വെള്ളം വാങ്ങി മരത്തിന്റെ ചുവട് വൃത്തിയായി കഴുകി. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റില്‍ പരാതിപെട്ടപ്പോള്‍ പ്രതിവിധിയായി മരുന്ന് എത്തിക്കാം എന്ന് അറിയിച്ചു.
മുൻപും തണല്‍ മരങ്ങള്‍ നശിപ്പിക്കാൻ സാമൂഹ്യ വിരുദ്ധരുടെ ശ്രമം ഉണ്ടായപ്പോള്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ അത് തടഞ്ഞിരുന്നു. വഴിയോരങ്ങളില്‍ തണല്‍മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഫോറസ്റ്റ് വകുപ്പിന്റ അനുമതിയോടെ 28 വർഷങ്ങള്‍ക്കു മുൻപാണ് ചങ്ങനാശ്ശേരിയിലെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഇവിടെ മരങ്ങള്‍ വെച്ച് പിടിപ്പിച്ചത്.
വർഷങ്ങളായി ഈ മരങ്ങള്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ സംരക്ഷിച്ചു പോരുകയായിരുന്നു. മരങ്ങള്‍ നശിപ്പിക്കുന്നതിന്ശ്രമം നടത്തിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരി പൊലീസിലും ഫോറസ്റ്റ് വകുപ്പിലും ഓട്ടോറിക്ഷ ഡ്രൈവർമാർ പരാതി നല്‍കിയിട്ടുണ്ട്.