Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: വാർത്താചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ ആർ. ശ്രീകണ്ഠൻ നായരുടെ ട്വൻറി ഫോറിനെ വീഴ്ത്തി റിപോർട്ടർ ടിവി രണ്ടാം സ്ഥാനക്ക്. 36-ാം ആഴ്ചയിലെ റേറ്റിങ്ങിലാണ് ട്വൻറി ഫോറിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളി റിപ്പോര്‍ട്ടര്‍ ടിവി രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് തന്നെ നിലനിര്‍ത്തി.

വീക്ക് 36ലെ ബാർക്ക് റേറ്റിങ്ങില്‍ യൂണിവേഴ്സല്‍ വിഭാഗത്തില്‍ റിപോർട്ടറിന് 92.83 പോയിൻെറ് ലഭിച്ചപ്പോള്‍ നേരത്തെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ട്വൻറി ഫോറിന് 88.59 പോയിൻറ് മാത്രമേ ലഭിച്ചിട്ടുളളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞയാഴ്ച രണ്ടാം സ്ഥാനത്തായിരുന്ന ട്വൻറി ഫോറിന് 101 പോയിൻറുണ്ടായിരുന്നു. 13 പോയിൻറ് ഇടിഞ്ഞാണ് ട്വൻറിഫോർ റിപോർട്ടറിന് പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് വീണത്. രണ്ടാഴ്ച മുൻപ് വരെ മൂന്നും രണ്ടും സ്ഥാനങ്ങളിലേക്ക് ഇടിഞ്ഞ ഏഷ്യനെറ്റ് ന്യൂസ് തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ഒന്നാം സ്ഥാനം എന്ന ആധിപത്യം നിലനിര്‍ത്തി. കഴിഞ്ഞയാഴ്ചയും ഒന്നാം സ്ഥാനത്തായിരുന്ന എഷ്യാനെറ്റിൻെറ ഇപ്പോഴത്തെ ബാർക്ക് റേറ്റിങ്ങ് പോയിൻറ് 100.86 ആണ്.

എന്നാല്‍ തൊട്ട് മുൻപുളള ആഴ്ചയിലേക്കാള്‍ 8 പോയിൻെറ് കുറവാണ് ഏഷ്യാനെറ്റിന് ലഭിച്ചിരിക്കുന്നത്. ഈയാഴ്ച രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്ന റിപോർട്ടറും ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും തമ്മില്‍ 7 പോയിൻറ് വ്യത്യാസം മാത്രമാണുളളത്.

ഷിരൂർ, വയനാട് ഉരുള്‍പൊട്ടല്‍, ഹേമാ കമ്മിറ്റി റിപോർട്ട് പോലുളള വൻസംഭവങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തൊട്ട് മുൻപുളള ആഴ്ചയിലെ പോയിൻറില്‍ കുറവില്ലാതെ റിപോർട്ടർ രണ്ടാം സ്ഥാനത്തേക്ക് എത്തിയത് മറ്റ് ചാനലുകളെയെല്ലാം തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസിനും ട്വൻറി ഫോറിനും എല്ലാം മുൻപത്തെ ആഴ്ചയിലേക്കാള്‍ പോയിൻറ് കുറഞ്ഞപ്പോള്‍ റിപോർട്ടറിന് മാത്രമാണ് നഷ്ടം സംഭവിക്കാതിരുന്നത്. ഇതാണ് ഇതര ചാനലുകളെ വിഷമിപ്പിക്കുന്ന കാര്യം. റിപോർട്ടർ കുതിപ്പ് തുടരുന്നത് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസിനും കനത്ത വെല്ലുവിളിയാണ്.

മലയാളത്തിലെ ആദ്യ ചാനലെന്നും വിപണിയിലെ കരുത്തൻ എന്നുമുളള പാരമ്ബര്യമൊക്കെ പറഞ്ഞ് അലസമായി നീങ്ങിയാല്‍ റേറ്റിങ്ങില്‍ പിന്നോട്ടടിക്കും എന്നതാണ് ഏഷ്യാനെറ്റിന് മുന്നിലുളള അപായ സൂചന. പരമ്ബരാഗത രീതിയിലുളള വാർത്താവതരണവും റിപോർട്ടിങ്ങും ഒക്കെയായി മുന്നോട്ടുപോയിരുന്ന ഏഷ്യാനെറ്റ് മത്സരം കടുത്തതോടെ കെട്ടിലും മട്ടിലും അവതരണത്തിലും വാർത്തകള്‍ കൈകാര്യം ചെയ്യുന്ന രീതിയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഗൗരവമുളളതും കണ്ടൻറുളളതുമായ വാർത്തകള്‍ സംഭവിക്കുന്ന ഘട്ടത്തില്‍ മികവ് പുലർത്താൻ ഏഷ്യാനെറ്റ് ന്യൂസിന് ഇപ്പോള്‍ കഴിയുന്നുണ്ട്. എന്നാല്‍ വലിയ സംഭവങ്ങളും വാർത്തകളും റിപോർട്ട് ചെയ്യുമ്ബോഴാണ് ഏഷ്യാനെറ്റ് പിന്നില്‍ പോകുന്നത്.

വാർത്തയുടെ അവതരണത്തിലും കെട്ടിലും മട്ടിലും എല്ലാം മികവോടെ മുന്നേറുന്ന റിപോർട്ടർ ടിവി കണ്ടൻറില്‍ കൂടി നല്ലവണ്ണം ശ്രദ്ധിച്ചാല്‍ വലിയതോതില്‍ മുന്നേറ്റം സാധ്യമാകും. ഉടമകള്‍ക്കെതിരായ മുട്ടില്‍ മരം മുറി കേസും അടുത്തിടെ പുറത്തുവിട്ട സ്ത്രീ പീഡന ആരോപണവുമൊക്കെ റിപ്പോര്‍ട്ടറിന്‍റെ വിശ്വാസ്യതയില്‍ കരിനിഴല്‍ തന്നെയാണ്. മരംമുറി കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പി ബെന്നി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഒരു യുവതി പറഞ്ഞതായ ആരോപണം റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നെങ്കിലും ഇത് വ്യാജമാണെന്ന ആരോപണം ശക്തമാണ്.

റിപോർട്ടർ ടിവി മുന്നോട്ട് വന്നതോടെ താഴേക്ക് പോയ പത്രമുത്തശ്ശികളുടെ കുടുംബത്തില്‍ നിന്നുളള ചാനല്‍ കുഞ്ഞുങ്ങള്‍ക്ക് ഈയാഴ്ചയും കനത്ത ഇടിവാണ്. പതിവ് പോലെ മനോരമ ന്യൂസ് നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. നാലാം സ്ഥാനത്തുളള മനോരമ ന്യൂസിന് 49.06 പോയിന്‍റാണ് ഈയാഴ്ച കിട്ടിയത്. തൊട്ടുമുൻപുളള ആഴ്ചയിലേക്കാള്‍ 4 പോയിൻറ് കുറവാണിത്.

മാതൃഭൂമി ന്യൂസിന് ഈയാഴ്ച 38.58 പോയിൻറ് ലഭിച്ചു. തൊട്ടുമുൻപുളള ആഴ്ചയില്‍ 42 പോയിൻറ് ലഭിച്ചിടത്ത് നിന്ന് നാല് പോയിൻറ് കുറവാണിത്. ട്വന്‍റി ഫോർ, റിപോർട്ടർ ചാനലുകള്‍ പോയിൻറ് നില ഉയർത്തി മുന്നേറ്റം ആരംഭിച്ചത് മുതലാണ് കേരളത്തിലെ വൻകിട മീഡിയാ ഹൌസുകളില്‍ നിന്നുളള ചാനലുകളായ മനോരമാ ന്യൂസിനും മാതൃഭൂമി ന്യൂസിനും പോയിൻറ് പടിപടിയായി കുറയാൻ തുടങ്ങിയത്.

വാർത്താ ചാനലുകള്‍ക്ക് ഇടയിലെ മത്സരം കടുത്തിട്ടും മനോരമ അവതരണത്തിലും റിപോർട്ടിങ്ങിലും കാര്യമായ മാറ്റം കൊണ്ടുവന്നിട്ടില്ല. ഫുഡ്, ട്രാവല്‍ തുടങ്ങി ഡിജിറ്റല്‍ പ്ളാറ്റ് ഫോമില്‍ സ്വീകാര്യത ലഭിക്കുന്ന വാർത്തകള്‍ക്ക് ഊന്നല്‍ നല്‍കുന്ന ശൈലിയിലേക്ക് പോയതാണ് മാതൃഭൂമി ന്യൂസിന് വിനയായത്.

ഗൗരവമുളള വാർത്തകള്‍ക്ക് സ്ഥിരം പ്രേക്ഷകർ പോലും മറ്റ് ചാനലുകളെ ആശ്രയിക്കുന്ന നില വന്നതോടെയാണ് മാതൃഭൂമി ന്യൂസിൻെറ കീഴ്പോട്ടിറക്കം തുടങ്ങിയത്. ഇപ്പോള്‍ റേറ്റിങ്ങ് ഇടിവിനെ തുടർന്ന് വാർത്താരീതിയില്‍ മാറ്റം വരുത്തിയെങ്കിലും ഫലം കാണാൻ സമയമെടുത്തേക്കും.

സംഘപരിവാർ ആഭ്യമുഖ്യം പുലർത്തുന്ന ജനം ടിവിയാണ് റേറ്റിങ്ങില്‍ ആറാം സ്ഥാനത്ത്. ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന സി.പി.എം അനുകൂല ചാനലായ കൈരളിയുമായി ജനം ടിവിക്ക് നേരിയ വ്യത്യാസമേയുളളു. ജനം ടിവിക്ക് 19.88 പോയിൻറ് ലഭിച്ചപ്പോള്‍ തൊട്ടുപിന്നിലുളള കൈരളി പീപ്പിളിന് 19.27 പോയിൻറാണ് ലഭിച്ചത്. ഇടക്കാലത്ത് ആറാം സ്ഥാനത്തേക്ക് വരെ വന്ന ന്യൂസ് 18 കേരളത്തിന് ആ മുന്നേറ്റം നിലനിർത്താനാകുന്നില്ല. എട്ടാം സ്ഥാനത്തുളള ന്യൂസ് 18 കേരളത്തിന് 16.09 പോയിൻറാണുളളത്. 12.63 പോയിൻറുമായി മീഡിയാവണ്‍ ചാനലാണ് ഏറ്റവും പിന്നില്‍.