പണി പട്ടാളത്തിൽ, നാട്ടിലെത്തിയാൽ മോഷണം: സ്‌കൂട്ടറിലെത്തി മാല മോഷ്ടിച്ചു; സി.ആർ.പി.എഫുകാരൻ പിടിയിൽ
സ്വന്തം ലേഖകൻ
മാന്നാർ: സ്‌കൂട്ടറിലെത്തി ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുക്കുന്ന സി.ആർ.പി.എഫ് ജവാൻ അറസ്റ്റിൽ. സി.ആർ.പി.എഫ് ഡൽഹി യൂണിറ്റിലെ ജവാൻ പത്തനംതിട്ട കോയിപ്രം കുന്നത്തുംകര കാഞ്ഞിരത്തിൽ കുന്നിൽ വിജിത്ത് വിജയനാ(28)ണ് അറസ്റ്റിലായത്. ഡൽഹിയിൽ ഉദ്യോസ്ഥനായ ഇയാൾ അവധിയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് മാല മോഷണം നടത്തിയത്. ചെന്നിത്തല കിഴക്കേവഴി കേശവ ഭവനത്തിൽ വിജയന്റെ ഭാര്യ കോമള(58)ത്തിന്റെ അഞ്ചര പവന്റെ മാലയാണ് ഇയാൾ പൊട്ടിച്ചെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചെന്നിത്തല കല്ലുംമൂട് കാട്ടിൽമുക്കിന് സമീപമായിരുന്നു സംഭവം. വഴി ചോദിക്കാനെന്ന വ്യാജേന വീട്ടമ്മയുടെ മുമ്പിൽ സ്‌കൂട്ടർ നിർത്തിയ ശേഷം മാല പൊട്ടിക്കുകയായിരുന്നു. വീട്ടമ്മ കുറച്ചുദൂരം ഇയാളുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷനിൽ ഒരു കേസും കറുകച്ചാൽ സ്റ്റേഷനിൽ രണ്ടു കേസും മാലപൊട്ടിക്കലുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിലുണ്ട്. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്വർണക്കടകളിൽ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റതായി പോലീസ് പറഞ്ഞു. തനിക്കുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാനായി എളുപ്പമാർഗമായിട്ടാണ് മാല മോഷണം തെരഞ്ഞെടുത്തതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച തിരികെ ജോലിയിലേക്ക് പോകാനിരിക്കുന്നതിനിടയിലാണ് അറസ്റ്റിലാകുന്നത്. മാന്നാർ സി.ഐ ജോസ്മാത്യു, എസ്.ഐ മഹേഷ്, സി.പി.ഒമാരായ രജീഷ്, ഉണ്ണിക്കൃഷ്ണൻ, അരുൺഭാസ്‌കർ, ഷഫീക്ക്, റിയാസ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് വിജിത്തിനെ അറസ്റ്റ് ചെയ്തത്.