സ്‌കൂട്ടറിലെത്തി വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന സംഭവം ; പ്രതികൾ പിടിയിൽ
സ്വന്തം ലേഖകൻ
തൊടുപുഴ: സ്‌കൂട്ടറിലെത്തി വീട്ടമ്മയെ ആക്രമിച്ച് മൂന്നേകാൽ പവന്റെ മാല കവർന്ന സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. മൂവാറ്റുപുഴ കൊക്കരണിയിൽ അനീഷ് (33), കണ്ണൂർ സ്വദേശി ഷെഹനാദ് (32) എന്നിവരാണ് പിടിയിലായത്. ഇവരെ തൊടുപുഴ പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കേസിലെ ഒന്നാം പ്രതി അനീഷിനെ അറസ്റ്റ് ചെയ്തത് . മറ്റൊരു മാല മോഷണക്കേസിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസിന്റെ പിടിയിലായ ഷെഹനാദ് റിമാൻഡിലാണ്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് കോടതിയിൽ അപേക്ഷ നൽകുമെന്ന് എസ്.ഐ. എം.പി.സാഗർ പറഞ്ഞു .
2019 നവംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം . പാറക്കടവ് നടുത്തൊട്ടിയിൽ അനിതാ രാജുവിന്റെ (44) സ്വർണമാലയാണ് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചെടുത്തത് . അരിക്കുഴമഠം ബസ് സ്‌റ്റോപ്പിലേക്ക് പോകുമ്പോഴായിരുന്നു ആക്രമം. തലയിടിച്ചുവീണ അനിതയുടെ കാലിലൂടെ പുറകിൽ നിന്നെത്തിയ കാർ കയറിയിറങ്ങി. ആ തക്കത്തിന് മോഷ്ടാക്കൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് കാൽവിരലിന് പൊട്ടലേറ്റനിലയിൽ റോഡിൽ കിടന്ന അനിതയെ നാട്ടുകാരുടെ നേതൃത്വത്തിലാണ് ആശുപത്രിയിലെത്തിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപത്തെ കടകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു . സ്‌കൂട്ടറിന് പുറകിലിരുന്നയാളുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു . എന്നാൽ, പ്രത്യേക അന്വേഷണ സംഘത്തെ രൂപവൽകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല . പ്രതികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇതിനിടെ മാലമോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷെഹനാദ് തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസിന്റെ പിടിയിലാകുന്നത് . ഇയാൾ അരിക്കുഴ മോഷണക്കേസിലെ പ്രതിയാണെന്ന് സംശയം തോന്നിയ തൊടുപുഴ പോലീസ് അവിടെയത്തി ഷെഹനാദിനെ തിരിച്ചറിയുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണ് അനീഷാണ് വാഹനമോടിച്ചിരുന്നതെന്ന് മനസിലായത് . അന്വേഷിച്ചപ്പോൾ അനീഷ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പോലീസിന്റെ കസ്റ്റഡിയിലാണെന്ന് അറിഞ്ഞു . എന്നാൽ, ഈ കേസുമായി ബന്ധമില്ലെന്ന് കണ്ട് ഇവർ ഇയാളെ വിട്ടയച്ചു. തുടർന്നാണ് തൊടുപുഴ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു .
അനീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സംഭവസമയം ഉപയോഗിച്ചിരുന്ന ഹെൽമെറ്റും വസ്ത്രങ്ങളും കണ്ടെടുത്തെങ്കിലും ഇതുവരെ മാല കണ്ടെത്താനായിട്ടില്ല. അനീഷിനെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.