play-sharp-fill
കേന്ദ്രമന്ത്രി അനന്ദ്കുമാർ അന്തരിച്ചു: അന്ത്യം കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ; സംസ്‌കാരം ബംഗളൂരുവിൽ

കേന്ദ്രമന്ത്രി അനന്ദ്കുമാർ അന്തരിച്ചു: അന്ത്യം കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ; സംസ്‌കാരം ബംഗളൂരുവിൽ

സ്വന്തം ലേഖകൻ

ബംഗളൂരു: കേന്ദ്രമന്ത്രി പാർലമെന്ററി കാര്യമന്ത്രി അനന്ദ്കുമാർ അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്തരിച്ചത്.
കർണ്ണാടക സ്വദേശിയായ ഇദ്ദേഹം ആറു തവണയായി തുടർച്ചയായ ഇരുപത് വർഷമായി ലോക്‌സഭ അംഗമാണ്. കർണ്ണാടകയിലെ ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നാണ് തുടർച്ചയായ തവണകളിൽ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അനന്ത്കുമാർ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെയാണ് ബിജെപി കർണ്ണാടകത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും, ലോക്‌സഭയിലേയ്ക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയതും. വാജ്‌പേയി സർക്കാർ വ്യോമയാന മന്ത്രിയായും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.
കാൻസർ ബാധിതനായ ഇദ്ദേഹം ഏറെ വൈകിയാണ് ഇത് തിരിച്ചറിഞ്ഞത്. തുടർന്ന് ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഏറെ വൈകിയിരുന്നതിനാൽ ചികിത്സ പ്രയോജനം ചെയ്തില്ല. രോഗം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഒൻപത് മണി മുതൽ മൃതദേഹം ബംഗളൂരുവിൽ പൊതുദർശനത്തിനു വയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തും. ഇതിനായി പ്രത്യേക ക്രമീകരണങ്ങളെല്ലാം ബംഗളൂരുവിൽ ഒരുക്കിയിട്ടുണ്ട്.