
സ്വന്തം ലേഖകൻ
കോട്ടയം : എരുമേലിയിൽ സിഡിഎം വഴി നിക്ഷേപിച്ച കാശ് അക്കൗണ്ടില്‍ എത്തിയില്ലെന്ന് നിക്ഷേപകനായ യുവാവിന്റെ പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിക്ഷേപകനും സംഘാംഗങ്ങളും പിടിയില്‍.
കള്ളനോട്ട് നിക്ഷേപിച്ച എരുമേലി വയലാപറമ്പ് സ്വദേശി ഷെഫീക്ക് (26) ആണ് പൊലീസ് പിടിയിലായത്. പണം മറ്റൊരാള്‍ക്ക് നല്‍കാനായി സിഡിഎം വഴി നിക്ഷേപിച്ചത് അക്കൗണ്ടില്‍ എത്തിയില്ലെന്ന് യുവാവ് ബാങ്കിലും ഒപ്പം പോലീസിലും പരാതി നല്‍കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പണം കള്ള നോട്ടുകള്‍ ആണെന്നറിഞ്ഞതോടെ യുവാവ് അറസ്റ്റിലാവുകയായിരുന്നു. രഹസ്യ ഇടപാടുകളിലൂടെ ലഭിച്ച പണം ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എരുമേലി ഫെഡറല്‍ ബാങ്ക് ശാഖയുടെ സിഡിഎമ്മിലാണ് യുവാവ് 2000രൂപയുടെ പത്ത് നോട്ടുകള്‍ നിക്ഷേപിച്ചത്. എന്നാൽ ഈ തുക അക്കൗണ്ടില്‍ എത്താതാവുകയും തുടർന്ന് യുവാവ് ബാങ്കിലും പൊലിസ് സ്റ്റേഷനിലും അറിയിക്കുകയായിരുന്നു.
ഇന്നലെ യുവാവിനെ ബാങ്ക് അധികൃതര്‍ വിളിച്ചു വരുത്തി ടെക്നീഷ്യനെ കൊണ്ട് സിഡിഎം തുറന്ന് പരിശോധിക്കുകയും ഫേക്ക് നോട്ടുകള്‍ വീഴാന്‍ സ്ഥാപിച്ച ബോക്സില്‍ നിന്ന് തുക കണ്ടെത്തി.
തുടര്‍ന്നു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ വാഹനം വിറ്റു കിട്ടിയ 28,000 രൂപയില്‍ 2000 രൂപ മറ്റൊരാള്‍ക്ക് നല്‍കാനായി അയാളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നാണ് യുവാവ് ആദ്യം പറഞ്ഞത്. ബാക്കി കുറച്ച് തുക വാഹന ബ്രോക്കര്‍മാര്‍ക്ക് കമ്മീഷന് നല്‍കിയെന്നും പറഞ്ഞു.
പിന്നീടുള്ള അന്വേഷണത്തില്‍ യുവാവ് പറഞ്ഞത് കളവാണെന്ന് മനസിലായതോടെ യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്തു. ഇതോടെ തനിക്ക് പണം ലഭിച്ചത് വെച്ചൂച്ചിറ സ്വദേശിയില്‍ നിന്നാണെന്ന് യുവാവ് പൊലീസിന് മൊഴി നൽകി.
വെച്ചൂച്ചിറ സ്വദേശിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തതോടെ ഇയാള്‍ കഞ്ചാവ് വില്പന കേസില്‍ പ്രതിയാണെന്ന് അറിയുകയും പണം ലഭിച്ചത് കഞ്ചാവ് വില്പനയില് നിന്നാകാമെന്ന് സംശയം ശക്തമാകുകയുമായിരുന്നു.
സംഭവത്തിൽ എരുമേലി സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആര്. മധുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.



