സിബിഐ വേണ്ടെന്നു പറയാൻ പിണറായി സർക്കാർ ചിലവഴിച്ചത് 34 ലക്ഷം..! ഷുഹൈബ് വധക്കേസിൽ പ്രതികളെ രക്ഷിക്കാൻ സർക്കാരിന്റെ ഒത്തുകളി

Spread the love
സ്വന്തം ലേഖകൻ
കൊച്ചി: കണ്ണൂർ ഷുഹൈബ് വധക്കേസിൽ പ്രതികളെ രക്ഷിച്ചെടുക്കാനും, സിബിഐയെ ഒഴിവാക്കാനും പിണറായി സർക്കാർ ഇതുവരെ ചിലവാക്കിയത് 34 ലക്ഷം രൂപ.
പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടു വന്നതിന് നൽകിയ ഏറ്റവും ഉയർന്ന തുകയാണിത്. ഇതുമായി ബന്ധപ്പെട്ട് സണ്ണി ജോസഫ് ഉന്നയിച്ച ചോദ്യത്തിന് കേസിന്റെ വിശദാംശങ്ങൾ മറച്ചു വച്ചാണ് സർക്കാർ മറുപടി നൽകിയതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
നിയമസഭയിൽ മന്ത്രി എ കെ ബാലനാണ് ഇക്കാര്യം അറിയിച്ചത് . ഷുഹൈബിന്റെ ബന്ധുക്കൾ നൽകിയ അപ്പീലിനെ എതിർക്കാൻ വിജയ് ഹൻസാരിയ , അമരേന്ദ്രൻ ശരൺ സീനിയർ എന്നീ അഭിഭാഷകരെയാണ് പിണറായി സർക്കാർ കൊണ്ടുവന്നത് .
ഇതിൽ വിജയ് ഹൻസാരിയയ്ക്ക് 12,20,000 രൂപയും , അമരേന്ദ്ര ശരൺ സീനിയർ അഭിഭാഷകന് 22,00,000 രൂപയുമാണ് നൽകിയത് . മന്ത്രി എ കെ ബാലൻ നൽകിയ മറുപടിയിൽ കേസിന്റെ നമ്ബർ മാത്രമാണ് പറഞ്ഞത് . ഏത് കേസാണെന്നോ , മറ്റ് വിശദാംശങ്ങളോ നൽകിയിട്ടില്ല .
കൊല്ലപ്പെട്ട ഷുഹൈബിന്റെ പേരും പരാമർശിച്ചിട്ടില്ല .
2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ ഷുഹൈബ് കൊല്ലപ്പെടുന്നത്. കേസിൽ സിപിഎം ലോക്കൽ സെക്രട്ടറി അടക്കം പ്രതികളാണ്.
കേസിൽ സിബിഐയെ ഒഴിവാക്കിയില്ലെങ്കിൽ സിപിഎമ്മിലെ ഉന്നതരുടെ അടക്കം തലയിലേയ്ക്ക് അന്വേഷണം എത്തും. ഈ സാഹചര്യത്തിലാണ് എന്തു വിലകൊടുത്തും സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ശ്രമം നടത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന.