
എറണാകുളം : ആത്മകഥയിൽ സൂര്യനെല്ലി പീഡനക്കേസ് അതിജീവിതയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സിബി മാത്യുസിനെതിരെ കേസെടുക്കും. ഹൈക്കോടതിയാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുള്ളത്.
സിബി മാത്യൂസ് രചിച്ച ആത്മകഥയായ ‘നിർഭയം ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലാണ് സൂര്യനെല്ലി കേസിലെ അതിജീവിതയെ കുറിച്ചുള്ള വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.
ഐപിസി 228 എ പ്രകാരമാണ് മുൻ ഡിജിപിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത്. ജസ്റ്റിസ് എ ബദറുദ്ദീൻ ആണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. സിബി മാത്യൂസ് പുസ്‌തകത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾ കൊണ്ട് സൂര്യനെല്ലി കേസിലെ അതിജീവിത ആരാണെന്ന് പൊതുസമൂഹത്തിന് വ്യക്തമാകും എന്നാണ് കോടതി വിലയിരുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിബി മാത്യൂസിൻ്റെ പുസ്‌തകത്തിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല എങ്കിലും അതിജീവിത താമസിക്കുന്ന സ്ഥലവും മാതാപിതാക്കളുടെ പേരും പഠിച്ച സ്കൂളിനെ കുറിച്ചും എല്ലാം കൃത്യമായി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളിലൂടെ അതിജീവിത ആരാണെന്ന് വ്യക്തമാകുമെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.