play-sharp-fill
പാലായിൽ വൻ ചീട്ടുകളി സംഘം പിടിയിൽ: വീട്ടിൽ നിന്നും പിടികൂടിയത് ഒൻപത് ലക്ഷത്തോളം രൂപയുമായി 17 പേരെ; പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ രണ്ടാം നിലയിൽ നിന്നു ചാടിയ ആൾ കാലൊടിഞ്ഞ് ആശുപത്രിയിൽ

പാലായിൽ വൻ ചീട്ടുകളി സംഘം പിടിയിൽ: വീട്ടിൽ നിന്നും പിടികൂടിയത് ഒൻപത് ലക്ഷത്തോളം രൂപയുമായി 17 പേരെ; പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ രണ്ടാം നിലയിൽ നിന്നു ചാടിയ ആൾ കാലൊടിഞ്ഞ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: പാലാ മുരിക്കുംപുഴയിലെ വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയിരുന്ന വമ്പൻ സംഘം പിടിയിൽ. ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ പതിനേഴ് പേരിൽ നിന്നായി ഒൻപത് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സംഭവ സ്ഥലത്തു നിന്നും പൊലീസിനെ കണ്ട് രക്ഷപെടാൻ രണ്ടാം നിലയിൽ നിന്നും ചാടിയ യുവാവിന്റെ കാലൊടിഞ്ഞു. ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പാലാ മുരിക്കുംപുഴ മോന്തക്കര ഭാഗത്ത് കാരയ്ക്കൽ വീട്ടിലായിരുന്നു മാസങ്ങളായി ചീട്ടുകളി നടന്നിരുന്നത്. ഇതു സംബന്ധിച്ചു ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു കഴിഞ്ഞ ദിവസം രഹസ്യ വിവരം ലഭിച്ചു. തുടർന്ന് അദ്ദേഹം പാലാ ഡിവൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന ഡിവൈഎസ്പി ഗിരീഷ് പി സാരഥിയ്ക്ക് നിർദേശം നൽകി. തുടർന്നു പാലാ സി.ഐ രാജൻ കെ.അരമനയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എത്തുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഒൻപതര ലക്ഷത്തോളം രൂപയും, ചീട്ടുകളും കണ്ടെത്തിയത്. മാസങ്ങളായി പ്രദേശത്ത് ചീട്ടുകളി നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ 17 പേരെ ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിടുമെന്നാണ് സൂചന.
സി ഐ രാജൻ കെ അരമന, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിലെ എ എസ് ഐ അജിത്ത്, സിനിയർ സി പി ഒ മനോജ്, സി പി ഒ ജിമോൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു