
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: ദ്രാവകം സ്പ്രേ ചെയ്ത് കാറിന്റെ ചില്ലുകൾ പൊടിച്ച് കളഞ്ഞ് മോഷണം നടത്തുന്നവർ എറണാകുളത്ത് സജീവമാകുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സ്വദേശികളായ പ്രവാസി ദമ്പതികളാണ് ഇത്തരത്തിൽ മോഷണത്തിനു ഇരകളായത്. കഴിഞ്ഞ തിങ്കളാഴ്ച എറണാകുളം എംജി റോഡിൽ കവിതാ തിയറ്ററിനു സമീപം മൂവാറ്റുപുഴ കീച്ചേരിപ്പടി മുനീറിന്റെ മകൾ ഡോ. മുന്നുവിന്റെ കാറിന്റെ ചില്ലുകൾ തകർത്തും മോഷണം നടന്നിരുന്നു. കാറിലുണ്ടായിരുന്ന മുന്നുവിന്റെ ബാഗ്,ഐപാഡ് എന്നിവ നഷ്ടപ്പെട്ടു. വിദേശത്തു ജോലി ചെയ്യുന്ന ഡോ. മുന്നു നാട്ടിൽ അവധിക്കെത്തിയതായിരുന്നു. തിരികെ പോകുന്നതിന്റെ ഭാഗമായി സാധനങ്ങൾ വാങ്ങാൻ എംജി റോഡിലെ വ്യാപാര കേന്ദ്രത്തിലെത്തിയതായിരുന്നു മുന്നു. തിരിച്ചെത്തിയപ്പോൾ പുറകിലെ ചില്ലു പൊടിഞ്ഞു സീറ്റിൽ കിടക്കുന്നതാണു കണ്ടത്. പ്രത്യേകതരം സ്പ്രേയാണ് ഇതിനായി മോഷ്ടാക്കൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം എംജി റോഡിൽ നേവി ഓഫിസറുടെ കാറിൽ നിന്ന് ഇത്തരത്തിൽ മോഷണം നടന്നിരുന്നു. പണവും രേഖകളും ബാഗിൽ ഉണ്ടായിരുന്നെങ്കിലും പണം എടുത്ത ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതേ രീതിയിൽ നേരത്തേ മൂന്നു മോഷണങ്ങൾ നടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.