ആധാറിന് അംഗീകാരം; മൊബൈൽ കണക്ഷൻ എടുക്കാൻ ആധാർ വേണ്ട, ഫോൺനമ്പറുമായി ലിങ്കും ചെയ്യേണ്ട; ബാങ്ക് അക്കൗണ്ടിനും സ്‌കൂളിലും നിർബ്ബന്ധമല്ല; പാൻകാർഡിനും ഇൻകംടാക്സിനും സർക്കാർ ആനുകൂല്യങ്ങൾക്കും ആധാർകാർഡ് വേണം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ആധാർകേസിൽ സുപ്രീംകോടതി നടത്തിയ സുപ്രധാന വിധിയിൽ കേന്ദ്ര സർക്കാർ നിർബ്ബന്ധിതമാക്കിയ ചില കാര്യങ്ങൾക്ക് ആധാർ കാർഡ് നിർബ്ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മൊബൈൽ കണക്ഷൻ എടുക്കാനും ബാങ്ക് അക്കൗണ്ടിനും ആധാർ ബാധകമാകില്ല. ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ, സ്‌കൂൾ അഡ്മിഷൻ, പ്രവേശന പരീക്ഷകൾ തുടങ്ങിയ കാര്യങ്ങൾക്ക് ആധാർ നിർബ്ബന്ധമാണെന്നത് അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. ഇക്കാര്യങ്ങളിൽ നിർബ്ബന്ധമാണെന്ന് നിർദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നു.
ഇതോടെ മൊബൈൽ നമ്പറുകളുടേയും അക്കൗണ്ട് നമ്പറുമായും ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്ന നിർബ്ബന്ധം ഇല്ലാതായി. ആധാർ ഇല്ലാത്തതിന്റെ പേരിൽ സ്‌കൂൾ വിദ്യാഭ്യാസമോ ഭരണഘടനയിൽ അനുശാസിക്കുന്ന വ്യക്തികളുടെ അവകാശങ്ങളോ നിഷേധിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ സിബിഎസി, യുജിസി, നീറ്റ് പരീക്ഷകൾക്കും ആധാർ നിർബ്ബന്ധമല്ല. എന്നാൽ ആദായനികുതി റിട്ടേൺ, പാൻകാർഡ്, സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾക്കും ആധാർ നിർബ്ബന്ധമാണ്.