play-sharp-fill
തീവ്രവാദികൾക്കു കാറുകൾ വാടകയ്ക്കു നൽകിയ സംഭവം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചില്ല; പ്രതിഭാഗം വാദങ്ങൾ അംഗീകരിച്ച് കോടതി

തീവ്രവാദികൾക്കു കാറുകൾ വാടകയ്ക്കു നൽകിയ സംഭവം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചില്ല; പ്രതിഭാഗം വാദങ്ങൾ അംഗീകരിച്ച് കോടതി

ക്രൈം ഡെസ്‌ക്

കോട്ടയം: കോയമ്പത്തൂരിലെ അൽ ഉമ്മ തീവ്രവാദികൾക്കു ആഡംബരകാറുകൾ എത്തിച്ചു നൽകിയ സംഭവത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയില്ല. പ്രതികൾക്കായി വെസ്റ്റ് പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. റിട്ട പൊലീസ് ഉദ്യോഗസ്ഥനു വേണ്ടി പൊലീസ് വഴിവിട്ട ഇടപെട്ടതായായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് അംഗീകരിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകാതിരുന്നത്.


കേസിലെ പ്രതികളായ തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നതിനായി വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ കോടതിയിൽ അപേക്ഷ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയെങ്കിൽ മാത്രമേ വാഹനം കണ്ടെത്തുന്നതിനും, യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തുന്നതിനും പൊലീസിനു സാധിക്കൂ. എന്നാൽ, പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകാൻ കോടതി തയ്യാറാകാതെ വന്നതോടെ പൊലീസും പ്രതിരോധത്തിലായി.

പ്രാഥമിക പൊലീസ് മൊഴിയിൽ എട്ടു ലക്ഷത്തോളം രൂപയ്ക്കു വണ്ടി വിൽപ്പന നടത്തിയെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, പിന്നീട് ഇവർ രണ്ടു ചെക്ക് നൽകിയെന്നായി പൊലീസിന്റെ വാദം. ഇത് രണ്ടിനെയും പ്രതിഭാഗം അഭിഭാഷകരായയ അഡ്വ.വിവേക് മാത്യു വർക്കിയും , അഡ്വ.മജീഷും ചേർന്ന് ഖണ്ഡിച്ചു. ഇതോടെയാണ് പൊലീസിന്റെ വാദം തള്ളിയ കോടതി പ്രതികളെ കസ്റ്റഡിയിൽ നൽകാതിരുന്നത്. ഒന്നാം പ്രതിയ്ക്കു വേണ്ടി അഡ്വ.വിവേക് മാത്യുവും, രണ്ടാം പ്രതിയ്ക്കു വേണ്ടി അഡ്വ.മജീഷും കോടതിയിൽ ഹാജരായി.

അടുത്ത ദിവസം തന്നെ പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും, യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതോടെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അടക്കമുള്ള ഏജൻസികൾ പ്രതികളെ ചോദ്യം ചെയ്യാൻ എത്തും. ഇതിനു ശേഷമാവും കേസിൽ വിശദമായ അന്വേഷണം ഉണ്ടാകുക.

വാഹനം വിറ്റ സ്ഥലം സംബന്ധിച്ചു പ്രതികളിൽ നിന്നും മൊഴി ലഭിച്ചാൽ ഇവരെ തമിഴ്‌നാട്ടിൽ തെളിവെടുപ്പിനായി കൊണ്ടു പോയേക്കും. തമിഴ്‌നാട്ടിലെ തീവ്രവാദ സംഘടനയായ അൽ ഉമ്മയുടെ നേതാവ് ഭായി നസീറിനാണ് പ്രതികൾ കാറുകൾ മറിച്ചു നൽകിയതെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരിക്കുന്നത്.