അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ മദ്ധ്യവയ്‌സകന്റെ ജീവിതം ഇൻഷുറൻസ് തുക  പോലും ലഭിക്കാതെ ദുരിതക്കയത്തിൽ : കേസിനെ  ഭയമാണെങ്കിൽ അജ്ഞാതമായെങ്കിലും ഞങ്ങളെ സഹായിക്കണം ; അപേക്ഷയുമായി ഒരു കുടുംബം  മുഴുവൻ

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ മദ്ധ്യവയ്‌സകന്റെ ജീവിതം ഇൻഷുറൻസ് തുക പോലും ലഭിക്കാതെ ദുരിതക്കയത്തിൽ : കേസിനെ ഭയമാണെങ്കിൽ അജ്ഞാതമായെങ്കിലും ഞങ്ങളെ സഹായിക്കണം ; അപേക്ഷയുമായി ഒരു കുടുംബം മുഴുവൻ

 

സ്വന്തം ലേഖിക

കൊല്ലം: എട്ട് മാസങ്ങൾക്ക് മുൻപ് കൊല്ലം ബൈപ്പാസിലൂടെ നടന്നു വരുമ്പോൾ ചീറിയടുത്ത വെള്ള കാർ പെരുവഴിയിലാക്കിയത് ഒരു കുടുംബത്തെ മുഴുവനാണ്. കൊല്ലം കുരീപ്പുഴ കൊച്ചാലുംമൂട്ടിൽ ആന്റണിയുടെ ( 57 ) ജീവിതം ഇന്ന് ദുരരിതക്കയത്തിലാണ്. അപകടത്തിന് ശേഷം മരപ്പലക അടിച്ച വാടക വീട്ടിൽ ഒരേ കിടപ്പാണ് ആന്റണി. ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ആന്റണിയ്ക്ക് ചികിത്സ നൽകിയത്. എന്നാൽ ഇതുവരെ ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും ഇതുവരെ ആന്റണിക്കായിട്ടില്ല.

അപകടം ഉണ്ടാക്കിയ കാർ ആരുടേതെന്ന് കണ്ടെത്താനാവാതെ പോയതോടെ ഇൻഷുറൻസ് തുകയും ലഭിച്ചില്ല. മത്സ്യത്തൊഴിലാളിയായിരുന്ന ആന്റണി കായലിൽ വലയിട്ടതിനു ശേഷം രാത്രി ഭക്ഷണം കഴിക്കാനായി വീട്ടിലേക്കു വരുംവഴിയാണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളക്കാറാണ് തന്നെ ഇടിച്ചതെന്ന് ആന്റണി പറയുന്നുണ്ടെങ്കിലും മറ്റൊന്നും അറിയില്ല. ആന്റണിയുടെ സഹായത്തിനായി ഭാര്യ ഉഷ എല്ലായിപ്പോഴും അരികിൽ തന്നെ ഉണ്ട്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക്മൂലം ആന്റണിക്ക് ഇനിയും എഴുന്നേറ്റു നിൽക്കാൻ ആയിട്ടില്ല. അൽപനേരം ഇരുന്നാൽ വേദന ശരീരത്തെ വലിഞ്ഞു മുറുക്കും. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതു പോലും കിടന്നുകൊണ്ടാണ്.

വർഷങ്ങളോളം മറ്റു വള്ളങ്ങളിൽ തൊഴിലെടുത്തിരുന്ന ആന്റണി സ്വന്തമായി വള്ളവും വലയും വാങ്ങിയിട്ട് 5 മാസം തികയും മുൻപേയായിരുന്നു അപകടം. ഇതോടെ 50,000 രൂപ വായ്പയെടുത്തു വാങ്ങിയ വള്ളവും വലയും 20,000 രൂപയ്ക്കു വിൽക്കേണ്ടി വന്നു. അഞ്ചു വയസ്സുകാരിയായ കൊച്ചുമകളുടെ കാതിലുണ്ടായിരുന്ന കമ്മൽ പോലും വിറ്റതു ചികിത്സയ്ക്കാണെന്നു പറയുമ്പോൾ ഉഷയ്ക്ക് ഇന്നും തേങ്ങൽ മാത്രമാണ്.
‘ എന്നെ പൊന്നു പോലെ നോക്കിയ മനുഷ്യനാണ്. എന്തുണ്ടെങ്കിലും അതിന്റെ പാതി എനിക്കു കൊണ്ടു വന്നു തന്നിരുന്നു. ഈ കിടപ്പിൽ ഞാൻ അദ്ദേഹത്തെയും അതു പോലെ നോക്കണ്ടേ…’ ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും അതു ഭാര്യ ഉഷ ആന്റണിക്കു നൽകുന്ന ഉറപ്പാണിത്. രണ്ടു ദിവസത്തേക്കുള്ള മരുന്നു കൂടിയേ ഇനി ബാക്കിയുള്ളൂ. മരുന്നു വാങ്ങാൻ ഒരു രൂപ പോലും കയ്യിലില്ല. സങ്കടങ്ങൾ ഇങ്ങനെ ഓരോന്നായി എണ്ണിപ്പറയുമ്പോഴും ഭർത്താവിനു നേരെ പുഞ്ചിരി സമ്മാനിക്കുന്നുമുണ്ട് അവർ.

തന്നെ ഇടിച്ച വാഹനം ദൂരെ മാറ്റിയെവിടെയോ ആ വാഹനം നിർത്തിയതായി ആരൊക്കെയോ പറഞ്ഞു കേട്ട അറിവു മാത്രമേ ആന്റണിക്കുള്ളൂ. ആ കാർ ഇടിപ്പിച്ചത് നിങ്ങൾ ആണെങ്കിൽ അതിൽ നിങ്ങൾക്ക് കുറ്റ ബോധം തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ആന്റണിയെ സഹായിക്കണം. ആന്റണിയുടെ കണ്ണീരൊപ്പാൻ നിങ്ങൾ ബാധ്യസ്ഥനാണ്. കേസിനെ ഭയമാണെങ്കിൽ രഹസ്യമായെങ്കിലും സഹായിക്കണം.

ഉഷയുടെ ഫോൺ നമ്പർ 7736358367.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: പേര് ഉഷ മേരി
അക്കൗണ്ട് നമ്പർ : 17610100088373.
ഐ.എഫ്.എസ്‌.സി : FDRL 0001761.ബാങ്ക് ഫെഡറൽ ബാങ്ക്, തൃക്കടവൂർ ബ്രാഞ്ച്.