യുവാവിനെ മർദ്ദിച്ച ഏഴു പേർക്കെതിരെ പോലീസ് കേസ്: പ്രതികളുടെ യാത്ര ദാവൂദ് ഇബ്രാഹിമിന്റെ് ഫോട്ടോപതിച്ച കാറിൽ
സ്വന്തം ലേഖകൻ
ഓച്ചിറ: യുവാവിനെ മർദ്ദിച്ച ഏഴു പേർക്കെതിരെ പോലീസ് കേസ്. തഴവ കടത്തുംമുറി കുതിരപ്പന്തി വല്ലാറ്റൂർ വിളയിൽ ശ്രീകുമാറിനെ (35) യാണ് കാറിൽ തട്ടികൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. ശ്രീകുമാർ ആലുംപീടികയിൽ ബാർബർ ഷാപ്പ് നടത്തുകയാണ്.
ചൊവ്വാഴ്ച രാത്രി 11.20 ഓടെ ഓച്ചിറ കൊണ്ടാട്ട് ജംഗ്ഷനിലുള്ള തട്ടുകടയിൽ ആഹാരം കഴിക്കുകയായിരുന്ന ശ്രീകുമാർ അവിടെയെത്തിയ ഗുണ്ടാസംഘം മറ്റൊരു യുവാവിനെ മർദ്ദിച്ചത് ചോദ്യം ചെയ്തു. ഇതിൽ കുപിതരായ അക്രമികൾ ശ്രീകുമാറിനെ മർദ്ദിച്ച് അവശനാക്കി.
നെറ്റിയിലും മുഖത്തും തലയിലും മുറിവേറ്റു. തുടർന്ന് കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ ചികിത്സതേടി രാത്രി ഒന്നോടെ തിരികെ വരുമ്‌ബോൾ ചങ്ങൻകുളങ്ങര ബ്ലോക്ക് ജംഗ്ഷനിൽ വച്ച് കാർ കുറുകെ നിറുത്തി തടഞ്ഞ് ഗുണ്ടാസംഘം ശ്രീകുമാറിനെ ബലമായി കാറിൽ കയറ്റി. ശ്രീകുമാറിന്റെ കവിളിൽ വടിവാൾകൊണ്ട് വരഞ്ഞ് മുറിവേൽപ്പിച്ചു. ഭീകരമായി മർദ്ദിച്ച ശേഷം ശ്രീകുമാറിനെ ഓച്ചിറയിലെ പെട്രോൾ പമ്പിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ ഫോട്ടോ പതിച്ച കാറിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമിസംഘത്തിലെ കുക്കു, ഇജാസ്, ജിതിൻരാജ് (നന്ദു), വൈശാഖ്, റോബോ, തരുൺ, ഗൗതം എന്നിവരെ പ്രതിയാക്കി ഓച്ചിറ പോലീസ് കേസെടുത്തു. 17കാരനെ അമ്മയുടെ മുന്നിലിട്ട് വെട്ടിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയവരാണിവരെന്ന് പോലീസ് പറഞ്ഞു. പോലീസ് തെരച്ചിലിനിടയിൽ പ്രതികൾ കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.