
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ സുഹൃത്തുക്കളിൽ നിന്നടക്കം തട്ടിയെടുത്ത് പണയം വയ്്ക്കുന്ന സംഘത്തിലെ രണ്ടു പ്രതികൾ പിടിയിൽ. സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും കയ്യിൽ നിന്നും ഒന്നോ രണ്ടോ ദിവസത്തെ അത്യാവശ്യത്തിന് എന്ന പേരിൽ വാങ്ങിയെടുക്കുന്ന കാറുകളാണ് സംഘം തട്ടിയെടുത്ത് മറിച്ചു വിൽക്കുന്നതും പണയം വയ്ക്കുന്നതും. കാർ തിരികെ വാങ്ങുന്നതായി എത്തുന്നവരെ ആത്മഹത്യാ ഭീഷണി മുഴക്കി വിരട്ടിയോടിക്കുന്നതും പതിവ് കാഴ്ചയാണ്.
പാമ്പാടി വെള്ളൂർ അരീപ്പറമ്പ് ഭാഗത്ത് പുറകുളം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവാർപ്പ് കളപ്പുരയ്ക്കൽ വീട്ടിൽ പവിത്രൻ മകൻ നിഖിൽ കെ. പി. (28), എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ഭാഗത്ത് പായിപ്ര മാനാറി പോസ്റ്റ് ഓഫീസ് പരിധിയിൽ ഇരിഞ്ഞാളിൽ വീട്ടിൽ സുരേന്ദ്രൻ മകൻ അനിമോൻ (34) എന്നിവരെയാണ് കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഡി വൈ എസ് പി യ്ക്ക് ചെങ്ങളം സ്വദേശിയായ ഒരാൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ഈ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വെളിവായത്. തന്റെ കയ്യിൽ നിന്നും മുൻപ് തിരുവാർപ്പിൽ താമസിച്ചിരുന്ന നിഖിൽ എന്ന സുഹൃത്ത് കുറച്ചു ദിവസത്തെ ഉപയോഗത്തിനായി മാരുതി സ്വിഫ്റ്റ് ഡിസയർ കാർ വാങ്ങി കൊണ്ടുപോയത് തിരികെ തരാതെ കബളിപ്പിക്കുന്ന കാര്യത്തിനു പരാതി നൽകിയപ്പോഴാണ് നിഖിലിന്റെ സ്വഭാവ രീതികളെക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ ഇടയായത്.
ഇത്തരത്തിൽ സൂത്രത്തിൽ കരസ്ഥമാക്കുന്ന വാഹനങ്ങൾ നിഖിൽ തന്റെ സുഹൃത്തുമായി ചേർന്ന് പെരുമ്പാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനുമോൻ എന്ന എൽ എൽ ബി വിദ്യാർഥിക്ക് കൈമാറും അനുമോൻ ഈ വാഹനങ്ങൾ പെരുമ്പാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിവിധ വാഹന തട്ടിപ്പ് സംഘങ്ങൾക്ക് വാഹനത്തിന്റെ മതിപ്പ് വിലയേക്കാൾ ഒരുപാട് കുറഞ്ഞ തുകയ്ക്ക് വിൽപന ഉടമ്പടി ഉൾപ്പടെ തയാറാക്കി നൽകും.
വാഹന ഉടമകൾ പിന്നീട് വിളിച്ചാൽ ഫോൺ എടുക്കുകയോ പ്രതികരിക്കുകയോ ഇല്ല. നിഖിലിന്റെ വീട്ടിൽ അന്വേഷിച്ച് ചെല്ലുന്ന ആളുകളെ അമ്മ, നിങ്ങൾടെ പേര് എഴുതിവച്ച് ഞങ്ങൾ കുടുംബ സമേതം ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. അതോടെ വാഹനം നഷ്ടപ്പെട്ട ആളുകൾ പേടിച്ച് തിരികെ പോരുകയാണ് പതിവ്.
ആളുകളിൽ നിന്ന് തട്ടുന്ന പണം നിഖിൽ കുമരകത്ത് ലീസ് എഗ്രീമെന്റിൽ എടുത്തിരിക്കുന്ന ഹോം സ്റ്റേ യുടെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു വരുന്നതിനിടയ്ക്കാണ് പിടിയിൽ ആകുന്നത്. പല സംഘങ്ങളിൽ നിന്നായി അൻപതിലേറെ വാഹനങ്ങൾ അനിമോൻ പെരുമ്പാവൂർ കേന്ദ്രമാക്കി ഇത്തരത്തിൽ പണയപ്പെടുത്തുകയും അന്തർ സംസ്ഥാന വാഹന മോഷണ സംഘങ്ങളുമായി ചേർന്ന് പൊളിച്ച് വിറ്റിട്ടുള്ളതായും സംശയിക്കുന്നു.
മംഗലാപുരത്തും കോയമ്പത്തൂരും ഉള്ള വാഹനം പൊളിച്ചു വിൽക്കുന്ന ആളുകളുമായും അനിമോന് അടുത്ത ബന്ധമുള്ളതായി സംശയിക്കുന്നു. കോട്ടയം ടൌണിൽ നിന്നും പരിസരങ്ങളിൽ നിന്നുമായി എട്ടോളം വാഹങ്ങൾ ഈ സംഘം വിൽക്കുകയും പണയം വെയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് വെളിവായിട്ടുണ്ട്. പതിനഞ്ചു ലക്ഷത്തിനു മേൽ വിലയുള്ള ഇന്നോവ കാർ വെറും ഒന്നര ലക്ഷം രൂപയ്ക്കാണ് ഇവർ പെരുമ്പാവൂറുള്ള ഒരു വാഹന ബ്രോക്കർക്ക് വിൽപ്പന ഉടമ്പടി പ്രകാരം കൈമാറിയത്.
ഈ തട്ടിപ്പ് സംഘത്തെ പറ്റി പോലിസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു. ജില്ലാ പോലിസ് മേധാവി ജി ജയദേവ് ഐ പി എസിന്റെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം ഡി വൈ എസ് പി ആർ ശ്രീകുമാർ കോട്ടയം ഈസ്റ്റ് ഇൻസ്‌പെക്ടർ എസ് എച് ഓ നിർമ്മൽ ബോസ് എസ് ഐ, രഞ്ജിത്ത് വിശ്വനാഥൻ ഷാജൻ , ഷിബു കുട്ടൻ , എ എസ് ഐ രാധാകൃഷ്ണൻ , കോട്ടയം ഡി വൈ എസ് പി ഓഫീസിലെ എ എസ് ഐ അരുൺ കുമാർ കെ ആർ, എസ് ഐ കെ ആർ പ്രസാദ് എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടി കൂടിയത്.