
പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്പന; പെരുമ്പാവൂരിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ, 9,000 രൂപക്ക് ബംഗാളില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് വിൽക്കുന്നത് 30,000 രൂപയ്ക്ക്, മൂന്ന് കിലോയോളം കഞ്ചാവും 36,500 രൂപയും പോലീസ് പിടിച്ചെടുത്തു
പെരുമ്പാവൂര്‍: പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ.
വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ഡൊംകാല്‍ സ്വദേശി ശറഫുല്‍ ഇസ്ലാം ഷേഖിനെയാണ് (42) പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്. ഇയാളില്‍ നിന്ന് മൂന്ന് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ചുനാളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.
ബംഗാളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ച് പ്രത്യേകം പൊതികളാക്കി വില്പന നടത്തിവരികയായിരുന്നു. കിലോക്ക് 9,000 രൂപക്ക് ബംഗാളില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് ഇവിടെ 30,000 രൂപക്കാണ് വിൽക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണ്ടേക്കാടുള്ള കടയില്‍ പോലീസ് ആവശ്യക്കാര്‍ എന്ന നിലക്കാണ് സമീപിച്ചത്. കഞ്ചാവ് തൂക്കാന്‍ ഉപയോഗിച്ച ത്രാസും വില്പന നടത്തിക്കിട്ടിയ 36,500 രൂപയും പോലീസ് കണ്ടെടുത്തു.
കഞ്ചാവ് വാങ്ങിയിരുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എ.എസ്.പി മോഹിത് രാവത്ത്, ഇന്‍സ്പെക്ടര്‍ എം.കെ. രാജേഷ്, സബ് ഇന്‍സ്പെക്ടര്‍ റിന്‍സ് എം. തോമസ്, എ.എസ്.ഐമാരായ ഷിബു മാത്യു, പി.എ. അബ്ദുൽ മനാഫ്, സീനിയര്‍ സി.പി.ഒമാരായ മനോജ് കുമാര്‍, കെ.എ. അഫ്സല്, ബെന്നി ഐസക്, എ.ടി. ജിന്‍സ്, സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.