വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍

വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് കുറ്റിക്കാട്ടൂരില്‍ വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍.

ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് സലിം, പശ്ചിമ ബംഗാള്‍ സ്വദേശി ഹബീബുള്ള ഷേഖ് എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച്‌ എഞ്ചിനീയറിംഗ് കോളേജിന് സമീപം കൊളക്കാടത്ത് കുറ്റിപ്പാടത്ത് ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് പോലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ് ടീമും കഞ്ചാവ് കണ്ടെടുത്തത്.

ബംഗാളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ജില്ലയില്‍ എത്തിച്ച്‌ വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കുറ്റിക്കാട്ടൂര്‍ ഭാഗത്ത് മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. വാടകവീട് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി നാട്ടുകാർക്കും സംശയമുയർന്നിരുന്നു. തുടര്‍ന്ന് ഈ ഭാഗത്തെ അതിഥി തൊഴിലാളികളെ ഉള്‍പ്പെടെ പൊലീസ് നിരീക്ഷിച്ച്‌ വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നാളത്തെ നിരീക്ഷണത്തിനൊടുലാണ് അതിഥി തൊഴിലാളികളിലേക്ക് പൊലീസ് എത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തവേയാണ് കഞ്ചാവ് പിടിച്ചെടുക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കും. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും കഞ്ചാവ് കടത്തിന് കേരളത്തില്‍ നിന്നുമുള്ള സഹായം ലഭിക്കുന്നുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.