
യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചു; തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ മാർച്ചിനെതിരെ കേസെടുത്ത് യുപി പൊലീസ്
സ്വന്തം ലേഖകൻ
ലഖ്‌നൗ: തിരുവനന്തപുരത്ത് ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ മാർച്ചിനെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വേഷം ധരിച്ചയാളെ റോഡിലൂടെ കെട്ടിവലിക്കുന്നതായി അവതരിപ്പിച്ചതിന് എതിരെയാണ് കേസ്.
ക്യാംപസ് ഫ്രണ്ട് മാർച്ചിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായിരുന്നു. തുടർന്ന് ലഖ്‌നൗവിൽ നിന്നുള്ള രണ്ട് പേർ പോലീസിൽ പരാതി നൽകുകയും ചെയ്‌തു. ലഖ്‌നൗ സൈബർ പോലീസാണ് സംഭവത്തിൽ കേസെടുത്തത്. സാമുദായിക സ്‌പർധയുണ്ടാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. കണ്ടാലറിയാവുന്ന ചിലർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്യാംപസ് ഫ്രണ്ടിന്റെ മാർച്ചിനെതിരെ ആർഎസ്എസ് അനുകൂല മാദ്ധ്യമങ്ങൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
സംഭവം നടന്നത് കേരളത്തിലായതിനാൽ യുപി പോലീസിന് നേരിട്ട് കേസെടുക്കാനാവില്ല. അതിനാലാണ് ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് സാമുദായിക സ്‌പർധക്ക് ശ്രമിച്ചെന്ന പേരിൽ സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം തുടങ്ങിയെന്നാണ് ലഖ്‌നൗ സൈബർ പോലീസ് വ്യക്‌തമാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കേരള പോലീസുമായി ബന്ധപ്പെടും.