കൊല്‍ക്കത്ത: താത്കാലിക ജീവനക്കാരി തനിക്കെതിരേ ലൈംഗികാതിക്രമ പരാതി നല്‍കിയതിനു മറുപടിയായി രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ പ്രദർശിപ്പിച്ച് പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസ്.
ഏപ്രില്‍ 24നും മേയ് രണ്ടിനും താൻ ലൈംഗികാതിക്രമം നേരിട്ടെന്നാണു ജീവനക്കാരിയുടെ പരാതി. രാജ്ഭവന്‍റെ പ്രധാന കവാടത്തിലെ രണ്ടു സിസിടിവികളില്‍ നിന്നുള്ള 69 മിനിറ്റ് നീണ്ട ദൃശ്യങ്ങളാണ് നൂറോളം പേർക്കു മുന്നില്‍ ഗവർണർ പ്രദർശിപ്പിച്ചത്.
മുഖ്യമന്ത്രി മമത ബാനർജിയും പൊലീസും ഒഴികെയുള്ള വരെ ദൃശ്യം കാണിക്കുമെന്ന് ആനന്ദബോസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മൂന്നു ഭാഗങ്ങളായുള്ള സിസിടിവി ദൃശ്യത്തില്‍ ഗവർണറില്ല. സത്യം വിശ്വസിക്കുക എന്ന പേരില്‍ നടത്തിയ പ്രദർശനത്തില്‍ വൈകിട്ട് 5.32നും 6.41നും ഇടയിലുള്ള ദൃശ്യങ്ങളാണുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു തവണ ഇതില്‍ നീല ജീൻസും ടോപ്പും ധരിച്ച പരാതിക്കാരിയെ കാണാം. രാജ്ഭവൻ വളപ്പിലെ പൊലീസ് എയ്ഡ് പോസ്റ്റിലേക്കു കയറിപ്പോകുന്നതാണ് ആദ്യ ദൃശ്യം. ഇവിടെ നിന്നു തിരികെയെത്തി അടുത്തുള്ള മുറിയിലേക്കു പോകുന്നതാണു രണ്ടാമത്തെ കാഴ്ച.
ഈ മാസം മൂന്നിന് സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു റാലികളുണ്ടായിരുന്നു. ഇതിനായി രണ്ടിന് എത്തിയ പ്രധാനമന്ത്രി രാജ്ഭവനിലായിരുന്നു തങ്ങിയത്. അതുകൊണ്ടു തന്നെ രാജ്ഭവനില്‍ കനത്ത പൊലീസ് വിന്യാസമുണ്ടായിരുന്നതും ദൃശ്യത്തിലുണ്ട്.’
എല്ലാവരും ദൃശ്യം കണ്ട് സത്യം തിരിച്ചറിയട്ടെയെന്ന് രാജ്ഭവൻ വൃത്തങ്ങള്‍ പറഞ്ഞു. പരാതിക്കാരിയുടെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയുമില്ലെന്ന് സിസിടിവി ദൃശ്യം കാണാനെത്തിയ പ്രൊഫ. തുഷാർ കാന്തി മുഖർജി പറഞ്ഞു.