video
play-sharp-fill
നാട് മുഴുവൻ പൊലീസ് കാവൽ നിൽക്കുന്ന ലോക്ക് ഡൗൺ കാലത്ത് വൻ മോഷണം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ചു കടത്തിയത് സ്വകാര്യ ബസ്; ബസ് റോഡരികിൽ ഉപേക്ഷിച്ച ശേഷം കടന്നത് തൊട്ടടുത്ത കടയുടമയുടെ സ്‌കൂട്ടറുമായി: ഉടമ പിന്നാലെ എത്തിയതോടെ മോഷ്ടാവ് ബസ് ഉപേക്ഷിച്ചു രക്ഷപെട്ടു

നാട് മുഴുവൻ പൊലീസ് കാവൽ നിൽക്കുന്ന ലോക്ക് ഡൗൺ കാലത്ത് വൻ മോഷണം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ചു കടത്തിയത് സ്വകാര്യ ബസ്; ബസ് റോഡരികിൽ ഉപേക്ഷിച്ച ശേഷം കടന്നത് തൊട്ടടുത്ത കടയുടമയുടെ സ്‌കൂട്ടറുമായി: ഉടമ പിന്നാലെ എത്തിയതോടെ മോഷ്ടാവ് ബസ് ഉപേക്ഷിച്ചു രക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ

കോട്ടയം: നാട് മുഴുവൻ പൊലീസ് കാവൽ നിൽക്കുന്ന ലോക്ക്ഡൗൺ കാലത്ത് കോട്ടയം നഗരത്തിൽ വൻ മോഷണം. നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസാണ് പൊലീസുകാരുടെ കൺമുന്നിലൂടെ പ്രതി മോഷ്ടിച്ചു കടത്തിയത്. ബസ് ചവിട്ടുവരിയിൽ ഉപേക്ഷിച്ച ശേഷം, ഇവിടുത്തെ കടയുടമയുടെ സ്‌കൂട്ടറും പ്രതി മോഷ്ടിച്ചു. അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ഷാലിമാർ ബസാണ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ചത്.

ബുധനാഴ്ച രാവിലെ പത്തുമണിയോടെ നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. നാഗമ്പടത്തു നിന്നും ബസ് മോഷ്ടിച്ച പ്രതി ആദ്യം പോയത് അയർക്കുന്നം ഭാഗത്തായിരുന്നു. ഇവിടെ എത്തിയ ശേഷം പമ്പിൽ നിന്നും ഇന്ധനം നിറച്ചു. ഇത് കൂടാതെ ഒരു ജാറിൽ നിറയെ പെട്രോളും വാങ്ങി. തുടർന്നു ബസിന്റെ  ഇന്ധനം നിറച്ചതിന്റെ  പണം ഉടമ നൽകും എന്ന് പമ്പ് ജീവനക്കാരെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു മോഷ്ടാവ് ബസുമായി പമ്പിൽ നിന്നും പുറത്തിറങ്ങി. ഇവിടെ നിന്നും ബസ് ചവിട്ടുവരി ഭാഗത്തേയ്ക്ക് എത്തിയതോടെ റോഡിൽ പൊലീസ് ചെക്കിംങ് കണ്ടു. ചവിട്ടുവരിയിൽ നിന്നും എം.സി റോഡിലേയ്ക്കു പ്രവേശിക്കുന്ന ഭാഗത്ത് അതിശക്തമായ പൊലീസ് ചെക്കിംങ് ഉണ്ട്. ഇതേ തുടർന്നു റോഡരികിൽ ബസ് നിർത്തിയിട്ടു. തുടർന്നു സമീപത്തെ കടയിൽ കയറിയ പ്രതി, കണ്ടക്ടറെ വിളിക്കണമെന്നും കൊറോണ പ്രതിരോധത്തിന്റെ സർക്കാർ ഓട്ടത്തിനായി ബസ് വിളിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.

കടയ്ക്കു മുന്നിൽ നിന്നും ഇയാൾ കണ്ടക്ടറെ ഫോൺ ചെയ്യുകകൂടി ചെയ്തതോടെ സംഭവം ഉള്ളതാണ് എന്നു കടയുടമ വിശ്വസിച്ചു. തുടർന്നു, പ്രദേശത്ത് പൊലീസ് ചെക്കിംങ് ഉള്ളതിനാൽ കണ്ടക്ടർക്ക് എത്താനാവില്ലെന്ന് ഇയാൾ നിലപാട് എടുത്തു. തന്റെ കയ്യിൽ സർക്കാർ ഓർഡറുണ്ടെന്നും ഇത് കാണിച്ച് കണ്ടക്ടറെ കൂട്ടിക്കൊണ്ടു വരണമെന്നും കട ഉടമയെ വിശ്വസിപ്പിച്ച മോഷ്ടാവ്, കടയുടമയോട് ഇയാളുടെ സ്‌കൂട്ടർ ആവശ്യപ്പെട്ടു. കടയുടമ സ്‌കൂട്ടർ കൊടുത്തതിനു പിന്നാലെ ഇയാൾ വാഹനവുമായി കടക്കുകയായിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഇയാൾ തിരിച്ചെത്താതെ വന്നതോടെയാണ് കടയുടമ ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ സ്വകാര്യ ബസിന്റെ ഉടമ ഈസ്റ്റ് പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്നു പൊലീസ് ബസിന്റെ ഉടമയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. ബസ് മോഷ്ടിച്ചതിനു ഈസ്റ്റ് പൊലീസും, സ്‌കൂട്ടർ മോഷ്ടിച്ചതിന് ഗാന്ധിനഗർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നിർമ്മൽ ബോസ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

എന്നാൽ, ബസ് എപ്പോഴാണ് മോഷണം പോയതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു പൊലീസ് പറയുന്നു. ഫുൾ ടാങ്ക് ഇന്ധനം നിറച്ച ശേഷമാണ് ബസ് ഇവിടെ പാർക്ക് ചെയ്തിരുന്നത്. എന്നാൽ, ബസ് കണ്ടെത്തുമ്പോൾ ഫുൾടാങ്ക് ഡീസൽ ബസിനുള്ളിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ബസ് കൂടുതൽ ദൂരം സഞ്ചരിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. ബസ് മോഷ്ടിച്ചത് എന്നാണ്, ഇത് എത്രദൂരം ഓടി തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.