
അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസിന്റെ പിൻവാതിലൂടെ റോഡിലേക്ക് തെറിച്ച് വീണ് ഗൃഹനാഥൻ മരിച്ചു
സ്വന്തം ലേഖകൻ
മാവേലിക്കര : അമിത വേഗതയിൽ പാഞ്ഞ ബസിന്റെ ഡോറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര വെട്ടിയാർ ഗോകുലം ചന്ദ്രമോഹൻ തമ്പി (66) ആണ് മരിച്ചത്. അമിത വേഗതയിലായിരുന്ന സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് വാതിൽ അടിച്ചിട്ടില്ലായിരുന്നു.
വിദേശ ജോലി മതിയാക്കി പത്ത് ദിവസം മുൻപാണ് ചന്ദ്രമോഹൻ തമ്പി നാട്ടിലെത്തിയത്. പന്തളംമാവേലിക്കര റോഡിൽ വെട്ടിയാർ കളത്തട്ട് ജംക്ഷനു സമീപത്തെ വളവിൽ കഴിഞ്ഞ രാവിലെ ഒൻപതിന് ആയിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാവേലിക്കരയിലേക്കു പോകുകയായിരുന്ന കടുകോയിക്കൽ എന്ന ബസിൽ നിന്നാണ് ചന്ദ്രമോഹൻ തമ്പി തെറിച്ചു വീണത്. ഡ്രൈവിങ് പരിശീലനത്തിന് മാവേലിക്കരയിലേക്കു പോകുന്നതിനായി വെട്ടിയാർ ക്ഷേത്ര ജംക്ഷനിൽ നിന്നാണ് ബസിൽ കയറിയത്.
ബഹ്രൈനിലെ ജോലി മതിയാക്കിയെത്തിയ ചന്ദ്രമോഹൻ തമ്പി പുതിയ കാർ ബുക്ക് ചെയ്തിരുന്നു. സൈന്യത്തിൽ നിന്നു വിരമിച്ച ശേഷമാണു വിദേശത്തേക്കു പോയത്. ചുനക്കര കോമല്ലൂർ വേണാട് കുടുംബാംഗമാണ്. ഭാര്യ സുജാത. മകൾ രഞ്ജു തമ്പി (ബെംഗളൂരു). മരുമകൻ: അനീഷ് (ബെംഗളൂരു)