play-sharp-fill
വിലയ്ക്കുവാങ്ങിയ ബുള്ളറ്റിന്റെ എൻ.ഒ.സി നൽകിയില്ല: ഗുണ്ടാ സംഘം യുവാവിനെ വീട് കയറി മർദിച്ചു; ആക്രമണക്കേസിൽ അഞ്ചു യുവാക്കൾ അറസ്റ്റിൽ

വിലയ്ക്കുവാങ്ങിയ ബുള്ളറ്റിന്റെ എൻ.ഒ.സി നൽകിയില്ല: ഗുണ്ടാ സംഘം യുവാവിനെ വീട് കയറി മർദിച്ചു; ആക്രമണക്കേസിൽ അഞ്ചു യുവാക്കൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ
ആറ്റിങ്ങൾ: വിലയ്ക്കു വാങ്ങിയ ബുള്ളറ്റിന്റെ എൻ.ഒ.സി നൽകാത്തതിനെ ചോദ്യം ചെയ്ത യുവാവിനെ വീട് കയറിയ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ അ്ഞ്ചംഗ ഗുണ്ടാ സംഘം അറസ്റ്റിലായി. അക്രമി സംഘത്തെ തടയാനുള്ള ശ്രമത്തിനിടെ പ്രദേശത്തെ സ്റ്റേഷനിലെ എസ്.ഐയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കിഴുവിലം ചെറുവള്ളിമുക്ക് പറയത്തുകോണം വിജയാ വിഹാറിൽ അജിത് (25), പാങ്ങപ്പാറ ചാവടിമുക്ക് പുതുവൽ ജംഗ്ഷൻ മേക്കോണത്ത് വീട്ടിൽ ശ്രീകുമാർ (46), ആറ്റിങ്ങൽ പച്ചംകുളം കമലാ രംഗത്തിൽ മഞ്‌ജേഷ് (35), ആറ്റിങ്ങൽ തോട്ടവാരം തമ്പുരാൻ വിളാകത്ത് വീട്ടിൽ അനിൽകുമാർ (40), ആറ്റിങ്ങൽ ബി.എച്ച്.എസ്.എസിനു സമീപം മണിബെൻ വീട്ടിൽ ജോഷി (46) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 9 ഓടെ ഇടയ്‌ക്കോട് പൂവണത്തുമൂട് ചാവടിമുക്ക് നിധിയിൽ വാടകയ്ക്ക് താമസിക്കുന്ന ജുനൈദിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ജുനൈദ് വിലയ്ക്കു വാങ്ങിയ ബുള്ളറ്റിന്റെ എൻ.ഒ.സി നൽകാത്തത് ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ് സംഘമായെത്തി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസമയം സമീപത്ത് പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ്റിങ്ങൽ എസ്.ഐ ശ്യാം വിവരമറിഞ്ഞ് എത്തുകയായിരുന്നു. പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതു കണ്ട് അവരെ ഓടിച്ച് പിടികൂടുന്നതിനിടെ പ്രതികളുടെ ബലപ്രയോഗത്തിൽ എസ്.ഐക്ക് തോളെല്ലിന് പൊട്ടലേറ്റു. ശ്യാം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി വിദ്യാധരന്റെ നിർദ്ദേശപ്രകാരം എസ്.ഐ ശ്യാം, എ.എസ്.ഐ റെജി, സി.പി.ഒമാരായ ദിനേശ്, ബാലു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.