തിരുവനന്തപുരം: ബഫര്‍സോണില്‍ പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. റവന്യൂ-തദ്ദേശ വകുപ്പുകള്‍ ഇന്നു വിളിച്ചു ചേര്‍ത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഈ ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ പരാതികള്‍ നല്‍കാം.
വാര്‍ഡ് അംഗവും വില്ലേജ് ഓഫിസറും വനംവകുപ്പ് ഉദ്യോഗസ്ഥനും ചേര്‍ന്ന് പരിശോധനകള്‍ നടത്തണം. പഞ്ചായത്ത് തലത്തില്‍ ഹെല്‍പ് ഡെസ്‌ക് ക്രമീകരിക്കണമെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 2021 ല്‍ കേന്ദ്ര വനംമന്ത്രാലയത്തിനാണ് കേരളം സീറോ ബഫര്‍സോണ്‍ ഭൂപടം സമര്‍പ്പിച്ചത്.
ബഫര്‍സോണിന്റെ പരിധിയില്‍ ജനവാസ മേഖലയുണ്ടെങ്കില്‍ അത് കരുതല്‍ മേഖലയില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണിത്. 2021 ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടം സര്‍ക്കാര്‍ ഉടന്‍ പുറത്തു വിടും. അതേസമയം കാടുകള്‍ ബഫര്‍ സോണുകളായി നിലനിര്‍ത്തിയിട്ടുമുണ്ട്. ഈ ഭൂപടം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാനാണ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബഫര്‍സോണ്‍ ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചത്. 2021ലെ സീറോ ബഫര്‍സോണ്‍ ഭൂപടം പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും. ഇതില്‍ വിട്ടുപോയ നിര്‍മിതികള്‍ കൂട്ടിച്ചേര്‍ക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും നിര്‍ദേശം നല്‍കി.