കോപ്പാ അമേരിക്ക ചരിത്ര സെമി: അർജന്റീനയ്ക്ക് തോൽവി; ബ്രസീലിനോടു തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്
സ്‌പോട്‌സ് ഡെസ്‌ക്
ബെലെഹൊറിസോണ്ടോ: ബ്രസീലിൽ നടന്ന ലോകകപ്പിൽ ജർമ്മിനിയോട് ഏഴു ഗോളിന് തോറ്റ വേദിയിൽ, മെസിയുടെ അർജന്റീനയെ കോപ്പയിൽ നിന്നും കെട്ടുകെട്ടിച്ച് മഞ്ഞപ്പട..! കോപ്പ അമേരിക്കയുടെ ചരിത്ര സെമിഫൈനലിൽ രണ്ടു പകുതിയിൽ നേടിയ ഓരോ ഗോളിനാണ് അർജന്റീനയ്ക്ക് ബ്രസീൽ മടക്കടിക്കറ്റ് നൽകിയത്. ആദ്യ പകുതിയിൽ 19 -ാം മിനിറ്റിൽ ഗബ്രിയേൽ ജിസ്യൂസും, രണ്ടാം പകുതിയിൽ 71 -ാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയുമാണ് ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയത്. തീർത്തും നിറം മങ്ങിപ്പോയ മെസിയും സംഘവും നിരവധി അവസരങ്ങൾ നേടിയെങ്കിലും ഒന്നു പോലും ഗോളാക്കാനായില്ല. ബോക്‌സിനു പുറത്തു വച്ചു ലഭിച്ച രണ്ടു ഫ്രീക്കിക്കുകൾ മെസി പാഴാക്കുകയും ചെയ്തു. അർജന്റീനയെ മലർത്തിയടിച്ചതിലൂടെ ബ്രസീൽ കോപ്പ അമേരിക്ക വിജയിക്കാനുള്ള സാധ്യതയിലേയ്ക്ക് ഒരു പടി കൂടി അടുത്തു. വ്യാഴാഴ്ച രാവിലെ ആറിനു നടക്കുന്ന പെറു – ചിലെ സെമി ഫൈനലിലെ ജേതാക്കളെ ബ്രസീൽ ഫൈനലിൽ നേരിടും. തുടർച്ചയായ മൂന്നാം കോപ്പ അമേരിക്ക കപ്പ് തേടിയാണ് ചിലെ പോരാട്ടത്തിനിറങ്ങുന്നത്.
മത്സരത്തിലുടനീളം മികച്ച പോരാട്ടം നടത്തിയെങ്കിലും ബ്രസീലിന്റെ പ്രഫഷണൽ ഫുട്‌ബോളിനും കളിയിലെ ഒത്തിണക്കത്തിനും മുന്നിൽ അർജന്റീന പരാജയപ്പെടുകയായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതിൽ ഏതാണ്ട് 50.3 ശതമാനത്തോടെ നേരിയ മേധാവിത്വം അർജന്റീന നേടിയിരുന്നു. 14 ഷോട്ടുകൾ പോസ്റ്റിലേയ്ക്കുതിർത്ത അർജന്റീനയ്ക്ക് രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേയ്ക്ക് ലക്ഷ്യം വയ്ക്കാനെങ്കിലും സാധിച്ചത്. നാല് ഷോട്ട് ഉതിർന്ന ബ്രസീലാവട്ടെ മൂന്നെണ്ണം ലക്ഷ്യത്തിലേയ്ക്ക് ഉന്നം വച്ചപ്പോൾ, ഇതിൽ ര്ണ്ടും ഗോളാക്കി മാറ്റുകയും ചെയ്തു.
അനാവശ്യമായ ഫൗളുകളും തർക്കങ്ങളുമായാണ് അർജന്റിന രണ്ടാം പകുതിയിൽ ഇറങ്ങിയത്. ഇതിനുള്ളത് ലഭിക്കുകയും ചെയ്തു. കോച്ച് അടക്കം അഞ്ചു പേർക്കാണ് റഫറി മഞ്ഞക്കാർഡ് വീശിയത്. മൂന്നു കോപ്പാ അമേരിക്കയിൽ രണ്ടു ഫൈനലും ഒരു സെമിയും കളിച്ചിട്ടും മെസി എന്ന ഇതിഹാസം കപ്പില്ലാതെ ഇക്കുറിയും മടങ്ങി..!