
15 ഹൈവേകളിൽ 110 ഇന്ധന സ്റ്റേഷനുകൾ;അയ്യായിരം കിലോമീറ്ററിലേറെ ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കാനൊരുങ്ങി ബി പി സി എൽ
സ്വന്തം ലേഖകൻ
കൊച്ചി: വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് സംസ്ഥാനങ്ങളിലായി അയ്യായിരം കിലോമീറ്ററിലേറെ ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കാനൊരുങ്ങി ഭാരത് പെട്രോളിയം (ബി പി സി എല്‍).
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ 15 ഹൈവേകളില്‍ 110 ഇന്ധനസ്റ്റേഷനുകളിലായി 19 വാഹന ചാര്‍ജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക. അതിവേഗ ചാര്‍ജിങ് കോറിഡോറുകളുടെ ഉത്ഘാടനം ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.എസ് രവി കൊച്ചിയില്‍ നിര്‍വഹിച്ചു.
സംസ്ഥാനത്ത് 19 ഇന്ധന സ്റ്റേഷനുകളുമായി മൂന്ന് കോറിഡോറുകളും, കര്‍ണാടകയില്‍ 33 ഇന്ധന സ്റ്റേഷനുകളുമായി ആറ് കോറിഡോറുകളും, തമിഴ്‌നാട്ടില്‍ 58 ഇന്ധന സ്റ്റേഷനുകളുമായി 10 കോറിഡോറുകളുമാണ് തുറക്കുന്നത്. വൈദ്യുത വാഹന ചാര്‍ജര്‍ ലൊക്കേറ്റര്‍, ചാര്‍ജര്‍ പ്രവര്‍ത്തനങ്ങള്‍, ഇടപാടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഹലോ ബി പി സി എല്‍ ആപ്പ് വഴി ഡിജിറ്റലൈസ് ചെയ്തിട്ടുള്ളതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി.എസ് രവി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിപിസിഎല്ലിന്റെ ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് 125 കിലോമീറ്റര്‍ വരെ റേഞ്ചുകിട്ടുന്ന രീതിയില്‍ വൈദ്യുതവാഹനം ചാര്‍ജ് ചെയ്യാന്‍ 30 മിനിറ്റാണ് വേണ്ടിവരുക. അതിനാല്‍ രണ്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കിടയില്‍ 100 കിലോമീറ്റര്‍ ദൂരമാണ് നല്‍കിയിട്ടുള്ളതെന്നും സൗത്ത് റീട്ടെയില്‍ മേധാവി പുഷ്പ് കുമാര്‍ പറഞ്ഞു.
തീര്‍ത്ഥാടന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കികൊണ്ടാണ് ഹൈവേ സ്‌ട്രെച്ചുകള്‍ വൈദ്യുതീകരിക്കുന്നത്. ഇതുവരെ 21 ഹൈവേകള്‍ ബി പി സി എല്‍ വൈദ്യുത കോറിഡോറുകളാക്കി മാറ്റിക്കഴിഞ്ഞു. 2023 മാര്‍ച്ച് 31-ഓടു കൂടി 200 ഹൈവേകള്‍ അതിവേഗ വൈദ്യുത ചാര്‍ജിങ് പോയിന്റുകളാക്കി മാറ്റാനാണ് പദ്ധതി. ഇതോടെ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വളര്‍ച്ചയില്‍ വന്‍ കുതിപ്പാണ് ഉണ്ടാവുക.