
അവിവാഹിതയായ യുവതി ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവം ; കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് : യുവതി ഡിസ്ചാർജ് ആയാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പനയിലെ ഹോസ്റ്റൽ മുറിയിൽ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്. കട്ടപ്പനയിലെ നഗരത്തിലെ സ്വകാര്യ ഹോസ്റ്റലിൽ 21ന് പുലർച്ചെയായിരുന്നു യുവതി പ്രസവിച്ചത്.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. മൂലമറ്റം സ്വദേശിയായ യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പം താമസിച്ചിരുന്ന മൂത്ത സഹോദരിയോടു പോലും മറച്ചുവച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസവത്തിനു മുൻപ് യുവതിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇതേതുടർന്ന് ഒപ്പമുണ്ടായിരുന്ന സഹോദരിയെ പുറത്തേക്കു പറഞ്ഞയക്കുകയായിരുന്നു.
സഹോദരി തിരികെ എത്തിയപ്പോഴാണ് യുവതി ആൺകുഞ്ഞിനു ജന്മം നൽകിയതായി കണ്ടത്. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കുകയായിരുന്നു.
എന്നാൽ പ്രസവിക്കുമ്പോൾ കുഞ്ഞ് മരിച്ചനിലയിൽ ആയിരുന്നെന്നാണ് യുവതി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിന്റെ തലയിൽ മുറിവും ഉണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയെ ഡിസ്ചാർജ് ചെയ്താൽ ഉടൻ തന്നെ കേസിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.