play-sharp-fill
കോട്ടയം നഗരത്തിൽ ബോംബ് പൊട്ടിക്കുമെന്ന് കെ.എസ്.ആർ.ടി.സി ബസിലിരുന്ന് ഭീഷണി: ജില്ലയിലോടിയ ബസുകൾ തടഞ്ഞു നിർത്തി പൊലീസിന്റെ പരിശോധന; ഒടുവിൽ കുടുങ്ങിയത് തലയിൽ മഫ്‌ളറിട്ട പാവം എൻജിനീയർ..!

കോട്ടയം നഗരത്തിൽ ബോംബ് പൊട്ടിക്കുമെന്ന് കെ.എസ്.ആർ.ടി.സി ബസിലിരുന്ന് ഭീഷണി: ജില്ലയിലോടിയ ബസുകൾ തടഞ്ഞു നിർത്തി പൊലീസിന്റെ പരിശോധന; ഒടുവിൽ കുടുങ്ങിയത് തലയിൽ മഫ്‌ളറിട്ട പാവം എൻജിനീയർ..!

തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരത്തിൽ വൻ ബോംബ് സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതായി ‘ കെ.എസ്.ആർ.ടി.സി ബസിലിരുന്ന്’ ഗൂഡാലോചന നടത്തിയതായി പൊലീസിനു രഹസ്യ വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലൂടെ കടന്നു പോയ എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും പൊലീസ് സംഘം അരിച്ചു പെറുക്കി. ഇതിനിടെയാണ് പാലാ വഴി തിരുവനന്തപുരത്തിന് പോയ കെ.എസ്ആർടിസി ബസിനുള്ളിൽ മഫ്‌ളർ ധാരിയെ കണ്ടെത്തിയത്. മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയതിനു സമാനമായ രൂപത്തിൽ കണ്ടയാളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മഫ്‌ളർ ധരിച്ച പാവം ഒരു വർക്കലക്കാരനാണ് ഇയാളെന്ന് വ്യക്തമായത്. തുടർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന് ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ സ്‌ഫോടനം നടത്തുമെന്ന രഹസ്യ സന്ദേശം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കി. കളക്ടറേറ്റ് അടക്കമുള്ള സ്ഥലങ്ങളിൽ പരിശോധനയും, സുരക്ഷയും വർധിപ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് പാലാ റൂട്ടിലൂടെ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിനുള്ളിലെ യാത്രക്കാരൻ, നഗരത്തിൽ ബോംബ് സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതായി സൂചന ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം ഈ റൂട്ടിൽ പരിശോധന ശക്തമാക്കി. ഇതിനിടെയാണ് കിടങ്ങൂർ ഭാഗത്തു നിന്നും കെ.എസ്.ആർ.ടിസി ബസിനുള്ളിൽ യാത്രക്കാരൻ ബോംബ് സ്‌ഫോടനത്തിന് ആസൂത്രണം നടത്തുന്നതായി വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം ഈ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചു.
വർക്കല സ്വദേശിയായ എൻജിനീയറെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇദ്ദേഹം വാഗമൺ യാത്രയ്ക്ക് ശേഷം തിരികെ നാട്ടിലേയ്ക്ക് പോകുന്നതിനായാണ് കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്. തണുപ്പ് സഹിക്കാനാവാതെ വന്നതോടെ തലയിൽ മഫ്‌ളർ ധരിച്ചാണ് ബസിനുള്ളിൽ ഇരുന്നത്. ഇതിനിടെ ഫോണിൽ സംസാരിച്ചപ്പോൾ അസ്വാഭാവികമായി തോന്നിയ ആരെങ്കിലും ഫോണിൽ പൊലീസിനെ വിളിച്ചു പറഞ്ഞാതാവാമെന്നാണ് സംശയിക്കുന്നത്. ഇദ്ദേഹത്തെ സ്റ്റേഷനിൽ എത്തിച്ച് വിശദമായ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.