അപകടം കണ്ട് വാഹനങ്ങൾ നിർത്താതെ പോയി; പോസ്റ്റിൽ ബൈക്കിടിച്ച് റോഡിൽ വീണ ഗൃഹനാഥൻ രക്തം വാർന്ന് മരിച്ചു
സ്വന്തം ലേഖകൻ
കൂരോപ്പട: സ്കൂട്ടർ പോസ്റ്റിലിടിച്ച് ഗൃഹനാഥൻ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30ന് കൂരോപ്പട – പള്ളിക്കത്തോട് റോഡിൽ അച്ചൻ പടിക്ക് സമീപമുണ്ടായ അപകടത്തിൽ പങ്ങട ചാക്കാറ വെള്ളാപ്പള്ളിൽ സുരേഷ്കുമാർ (54) ആണ് മരിച്ചത്.
അപകടത്തെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ സുരേഷ് കുമാറിനെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. സുരേഷ് കുമാർ എരുത്തുപുഴയിൽ അരി മില്ല് നടത്തുകയായിരുന്നു. മില്ലിലുണ്ടായിരുന്ന ഭാര്യ ഉഷാകുമാരിയെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിന് എരുത്തുപുഴയിലേക്ക് പോകുമ്പോഴാണ് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ചത്.അപകടം അറിഞ്ഞ് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഇതേ സമയം കടന്നുപോയ വാഹനങ്ങൾ കൈകാണിച്ചിട്ടും നിർത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതശരീരം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
സംസ്ക്കാരം പിന്നീട്.
ഇടക്കുന്നം ആൽത്തറയ്ക്കൽ കുടുംബാംഗം ഉഷാകുമാരിയാണ് ഭാര്യ. മക്കൾ: സൂര്യ സുരേഷ്, സുധി സുരേഷ് (ആർമി, പശ്ചിമ ബംഗാൾ). മരുമകൻ: രഞ്ജിത് (മലയിടത്ത്, കൂരോപ്പട ).