video
play-sharp-fill

ബ്ലേഡുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടു; കൊലപാതകം നടന്നത് പട്ടാപ്പകൽ വീടിനുള്ളിൽ: പിന്നിൽ ബ്ലേഡ് ഇടപാടിനു പിന്നിലെ കുടിപ്പകയെന്ന് സൂചന; സംഭവത്തിനു തൊട്ടുമുൻപ് വീട്ടിലെത്തിയ ബൈക്ക് യാത്രക്കാർക്കു പിന്നാലെ പൊലീസ്

ബ്ലേഡുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടു; കൊലപാതകം നടന്നത് പട്ടാപ്പകൽ വീടിനുള്ളിൽ: പിന്നിൽ ബ്ലേഡ് ഇടപാടിനു പിന്നിലെ കുടിപ്പകയെന്ന് സൂചന; സംഭവത്തിനു തൊട്ടുമുൻപ് വീട്ടിലെത്തിയ ബൈക്ക് യാത്രക്കാർക്കു പിന്നാലെ പൊലീസ്

Spread the love
തേർഡ് ഐ ബ്യൂറോ
കോട്ടയം: കടുത്തുരുത്തി കുറുപ്പന്തറയിൽ സ്വകാര്യ ബ്ലേഡ് ഇടപാടുകാരൻ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെട്ടു. കടുത്തുരുത്തി കുറുപ്പന്തറ റെയിൽവേ ഗേറ്റിനു സമീപം ചിറയിൽ വീട്ടിൽ സ്റ്റീഫനെ(61) യാണ് വീടിനുള്ളിൽ ഹാളിൽ കഴുത്തറുത്തും, വയറ്റിൽ ആഴത്തിലേറെ മുറിവോടെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്ലേഡ് ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സ്റ്റീഫനെ ഒരു സംഘം കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകത്തിനു പിന്നിൽ ഒന്നിലധികം ആളുകളുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സ്റ്റീഫനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്തുരുത്തിയ്ക്കു സമീപത്തെ സ്വകാര്യ സ്്കൂളിലെ അധ്യാപികയാണ് സ്റ്റീഫന്റെ ഭാര്യ എലിസബത്ത്. ഇവർ ജോലിയ്ക്കു ശേഷം നാലരയോടെ വീട്ടിലെത്തിയപ്പോൾ വീടിന്റെ വാതിലുകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. കാറും, ബൈക്കും വീടിന്റെ പോർച്ചിൽ തന്നെ നിർത്തിയിട്ടിരുന്നു. വീടിനോട് ചേർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന സ്റ്റീഫൻ വൈകുന്നേരങ്ങൾ കടുത്തുരുത്തിയിൽ തന്റെ ഇടപാടുകളുടെ പിരിവിനായി പോകുന്നത് പതിവായിരുന്നു. ഇന്നലെ വീട്ടിന്റെ പോർച്ചിൽ വാഹനങ്ങൾ കാണുകയും, വീട് അകത്തു നിന്നും അടച്ചിട്ടതും കണ്ട എലിസബത്ത് സ്റ്റീഫനെ വിളിച്ചു. എന്നാൽ, അകത്തു നിന്നും ശബ്ദമൊന്നും കേട്ടില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്ന് അകത്തു കടന്ന എലിസബത്ത് നോക്കിയപ്പോഴാണ് മുറിയ്ക്കുള്ളിൽ രക്തം കെട്ടിക്കിടക്കുന്നത് കണ്ടെത്തിയത്.
ഈ രക്തത്തിന്റെ ചുവട് പിടിച്ച് ഇവർ ഹാളിനുള്ളിലേയ്ക്ക് കടന്നപ്പോൾ കണ്ടത്, രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭർത്താവിന്റെ മൃതദേഹമാണ്. കഴുത്തറുത്ത നിലയിൽ കിടന്ന മൃതദേഹത്തിന്റെ വയർ പിളർന്ന് കുടൽ മാല പുറത്തു ചാടിയിരുന്നു. മൃതദേഹം കണ്ട് ഭയന്ന എലിസബത്ത് ബഹളം വച്ച് ആളുകളെ കൂട്ടി. ഓടിക്കൂടിയ അയൽവാസികളും ബന്ധുക്കളുമാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് കടുത്തുരുത്തി എസ്.ഐ സുകുമാരന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് എത്തി. വീട് കസ്റ്റഡിയിൽ എടുത്ത പൊലീസ് സംഘം ബന്ധുക്കൾ ഒഴികെയുള്ള നാട്ടുകാരെ പൂർണമായും വീടിനുള്ളിൽ നിന്നും പുറത്തിറക്കി. തുടർന്ന് വീടും പരിസരവും പൂർണമായും പൊലീസ് കസ്റ്റഡിയിൽ ആക്കി.
വീടിനുള്ളിലെ അലമാരകൾ മുഴുവൻ അക്രമി സംഘം അരിച്ചു പെറുക്കി പരിശോധിച്ചിട്ടുണ്ട്. എന്നാൽ, ഇതിനുള്ളിൽ നിന്നും വിലപിടിപ്പുള്ള ഒന്നും നഷ്ടമായതായി കണ്ടെത്തിയിട്ടില്ല. സ്റ്റീഫന്റെ കഴുത്തിൽ കിടന്ന അഞ്ചു പവൻ തൂക്കമുള്ള സ്വർണമാല നഷ്ടമായിട്ടില്ല. അതുകൊണ്ടു തന്നെ മോഷണമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നത് പൊലീസ് ആദ്യം തന്നെ തള്ളിക്കളയുന്നു.
സംഭവം നടന്ന ബുധനാഴ്ച ഉച്ചയോടെ  സ്റ്റീഫന്റെ വീട്ടിലേയ്ക്ക് രണ്ടു ചെറുപ്പക്കാർ ബൈക്കിൽ എത്തിയിരുന്നതായി ദൃക്‌സാക്ഷികളിൽ ചിലർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, ഡിവൈ.എസ്.പി കെ.സുഭാഷ്, സി.ഐ കെ.എസ് ജയൻ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തുന്നുണ്ട്.
ബുധനാഴ്ച ഉച്ചവരെ സ്്റ്റീഫന്റെ ബന്ധുവിന്റെ മകൻ പീറ്റർ വീട്ടിലുണ്ടായിരുന്നു. കുറുപ്പന്തറയിൽ കടയുടമയുമായി സ്റ്റീഫന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഈ വിവരങ്ങൾ ചർച്ച ചെയ്യാൻ സഹോദരൻ തന്നെയാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് പീറ്റർ പൊലീസിനോടു പറഞ്ഞു. കുറുപ്പന്തറയിൽ കട നടത്തുന്ന വ്യക്തി സ്റ്റീഫന്റെ പക്കൽ നിന്നും നേരത്തെ 27 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 50 സെന്റ് സ്ഥലം ഈടുവച്ചാണ് ഇയാൾ പണം കടം വാങ്ങിയിരുന്നത്. ഈ തുക തിരികെ നൽകാൻ തയ്യാറാണെന്ന് ഇയാൾ അറിയിച്ചത് സംബന്ധുച്ചു ചർച്ച ചെയ്യുന്നതിനാണ് ഇരുവരും ഒന്നിച്ച് കൂടിയതെന്നാണ് പീറ്ററുടെ മൊഴി.
കൊലപാതകത്തിനു പിന്നിൽ പ്രഫഷണൽ സംഘമാണെന്ന സംശയമാണ് പൊലീസ് ഉയർത്തുന്നത്. ക്വട്ടോഷൻ സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല. ഏതെങ്കിലും രേഖകൾ മോഷ്ടിച്ചു കടത്തുന്നതിനായി പ്രത്യേകം ക്വട്ടേഷൻ എടുത്താകണം പ്രതികൾ എത്തിയതെന്നും സംശയിക്കുന്നുണ്ട്.