കോവിഡിൽ തകര്‍ന്നടിഞ്ഞ് വ്യാപാര മേഖല; കിട്ടിയ സമയം മുതലെടുത്ത് ബ്ലേഡ് മാഫിയ കോട്ടയം നഗരം കീഴടക്കി; പണം നല്കുന്നത് പത്താം കളം മുതൽ കഴുത്തറപ്പൻ വരെ
സ്വന്തം ലേഖകന്‍
കോട്ടയം: കോവിഡ് വ്യാപനത്തിന്റ രണ്ടാം ഘട്ടം തുടരുകയും സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ വ്യാപാര മേഖല കടുത്തവെല്ലുവിളിയിലേക്ക്.
കിട്ടിയ സമയം മുതലെടുത്ത് ബ്ലേഡ് മാഫിയയും രംഗത്തെത്തി. വ്യാപാരികളില്‍ ഭൂരിഭാഗവും പലിശയ്ക്ക് പണം വാങ്ങിയാണ് ദിനംപ്രതിയുള്ള കാര്യങ്ങള്‍ നീക്കിയിരുന്നത്.പത്താം കളവും, കഴുത്തറപ്പനുമാണ് രംഗത്തുള്ളത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
വര്‍ഷങ്ങളായി ഇങ്ങനെയാണ് മിക്ക വ്യാപാരികളും വ്യാപാരം ചെയ്തുകൊണ്ടിരുന്നത്. കോവിഡിന് മുമ്പ് മികച്ച രീതിയിലാണ് പണത്തിന്റെ ക്രയവിക്രയം നടന്നുകൊണ്ടിരുന്നത്.
കോവിഡിന്റെ ഒന്നാം വരവില്‍ തകര്‍ന്ന വ്യാപാരമേഖല കരകയറി വരുന്നതിനിടെയാണ് കോവിഡ് രണ്ടാം വരവ് ആരംഭിച്ചത്.
ഇതോടെ വ്യാപാര മേഖലയുടെ നട്ടെല്ലൊടിഞ്ഞു. ഇതിനിടെയാണ് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയും. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി അടഞ്ഞുകിടക്കുമ്പോഴും ബ്ലേഡ്പിരിവ് ആവശ്യപ്പെട്ട് ഗുണ്ടകള്‍ വ്യാപാരികളുടെ വീട്ടിലെത്തി ഭീഷണി മുഴക്കുകയാണ്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മാര്‍ക്കറ്റിലെ നിരവധി സ്ഥാപന ഉടമകളുടെ വീട്ടില്‍ ബ്ലേഡ് ഗുണ്ടകളെത്തിയിരുന്നു.
പോലീസ് അടിയന്തിര ഇടപെടല്‍ നടത്തിയില്ലങ്കില്‍ വന്‍ ദുരന്തമാകും വ്യാപാര മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്