Saturday, April 25, 2026

സഖ്യകക്ഷികൾ ബിജെപിക്ക് തലവേദനയാകുന്നു, ജാതി സെൻസസ് നടപ്പാക്കണം, അഗ്നിവീർ നിർത്തലാക്കണം എന്ന് നിർദേശം

Spread the love

 

ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിന് എൻഡിഎ സഖ്യകക്ഷികൾ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുന്നു. സഖ്യകക്ഷികള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച തുടങ്ങി. സ്പീക്കർ സ്ഥാനം ചോദിക്കുന്ന ടിഡിപിക്ക് മന്ത്രിസഭയിൽ രണ്ട് പ്രധാന വകുപ്പുകൾ നല്കി അനുനയിപ്പിക്കാനാണ് ബിജെപി നീക്കം. ഇതിനിടെ, ജാതി സെൻസസ് നടപ്പാക്കണമെന്നും അഗ്നിവീർ പദ്ധതി നിര്‍ത്തലാക്കണമെന്നും നിർദ്ദേശിച്ച് ജെഡിയു സമ്മർദ്ദം ശക്തമാക്കി.

video
play-sharp-fill

 

പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എൻഡിഎ സഖ്യകക്ഷികൾ അംഗീകരിച്ചിരുന്നു. ആന്ധ്രയിലെ വിജയത്തിനും സഹായിച്ചത് മോദിയുടെ നേതൃത്വമാണെന്നാണ് ചന്ദ്രബാബു നായിഡു യോഗത്തിൽ പറഞ്ഞത്. ജനവിധി നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനാണെന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേലും വ്യക്തമാക്കി. എത്രയും വേഗം സർക്കാർ രൂപീകരിക്കണം എന്നാണ് നിതീഷ് കുമാർ നിർദ്ദേശിച്ചത്.

 

മോദിക്ക് പിന്തുണ ഉറപ്പിച്ചെങ്കിലും സഖ്യകക്ഷികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നത് ബിജെപിക്ക് വലിയ തലവേദനയാകുകയാണ്. നാല് മന്ത്രിമാർ വേണമെന്നാണ് ജെഡിയു നിർദ്ദേശിച്ചത്. റെയിൽവേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും ജെഡിയു നല്‍കിയ പട്ടികയിൽ ഉണ്ട്. ആറു മന്ത്രിമാരെ നല്കണം എന്ന നിർദ്ദേശമാണ് ചന്ദ്രബാബു നായിഡു മുന്നോട്ട് വെച്ചിരിക്കുന്നത്. ധനകാര്യ മന്ത്രാലയത്തിൽ ടിഡിപിക്ക് താല്പര്യമുണ്ട്. സഹമന്ത്രി സ്ഥാനം നല്‍കി അനുനയിപ്പിക്കാനാണ് സാധ്യത. ഐടി, വാണിജ്യം, ട്രാൻസ്പോർട്ട് എന്നീ വകുപ്പുകളും നായിഡു ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എൻഡിഎയിൽ ഉറച്ചു നില്‍ക്കുകയാണെന്നും ഇന്ത്യ സഖ്യവുമായി ഒരു ചർച്ചയുമില്ലെന്നും ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സഖ്യം എന്തു കരുതിയാലും ഞങ്ങൾ എൻഡിഎയുടെ കൂടെ ഉറച്ചു നില്‍ക്കുകയാണെന്നാണ് ടിഡിപി വക്താവ് പ്രേംകുമാര്‍ ജയിൻ പറഞ്ഞു. ജയന്ത് ചൗധരി, എച്ച്ഡി കുമാരസ്വാമി, അനുപ്രിയ പട്ടേൽ, രാംദാസ് അതാവലെ തുടങ്ങിയ നേതാക്കളും എക്നാഥ് ഷിൻഡെയുടെ ശിവസേനയും മന്ത്രിസ്ഥാനം ചോദിച്ചിട്ടുണ്ട്.

 

അതേസമയം, ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നൽകണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ജെഡിയു നേതാവ് കെസി ത്യാഗി വ്യക്തമാക്കി. അഗ്നിവീർ പദ്ധതിയിൽ പുനരാലോചന വേണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കും. ഏകീകൃത സിവിൽ കോഡ് സങ്കീർണമായ വിഷയമാണെന്നും മുന്നണിയിൽ വിശദമായ ചർച്ച നടക്കുമെന്നും കെ സി ത്യാഗി പറഞ്ഞു.