play-sharp-fill
ശബരിമലയിലെ സമരം ബിജെപി സർക്കുലർ പ്രകാരം തന്നെ: ശനിയാഴ്ച അറസ്റ്റിലായത് സർക്കുലറിൽ പേരുള്ള ചുമതലക്കാരൻ; സംഘർഷ സാധ്യത നില നിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി: സന്നിധാനത്തെ സമരത്തിനെതിരെ വിശ്വാസികൾ രംഗത്ത്

ശബരിമലയിലെ സമരം ബിജെപി സർക്കുലർ പ്രകാരം തന്നെ: ശനിയാഴ്ച അറസ്റ്റിലായത് സർക്കുലറിൽ പേരുള്ള ചുമതലക്കാരൻ; സംഘർഷ സാധ്യത നില നിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ബിജെപി: സന്നിധാനത്തെ സമരത്തിനെതിരെ വിശ്വാസികൾ രംഗത്ത്

സ്വന്തം ലേഖകൻ
പമ്പ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും നടക്കുന്ന സമരങ്ങൾ ആർ.എസ്.എസ്, ബിജെപി സംഘപരിവാർ പദ്ധതി പ്രകാരമെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. ശനിയാഴ്ച രാത്രി സന്നിധാനത്ത് പ്രതിഷേധ നാമജപം നടത്തിയതിന് അറസ്റ്റിലായത് സംഘപരിവാറിന്റെ കോട്ടയം പൊൻകുന്നം ജില്ലയുടെ ചുമതലക്കാരനും, ബിജെപി ജില്ലാ ട്രഷററുമായ കെ.ജി കണ്ണനാണെന്ന് വ്യക്തമായതോടെയാണ് സമരങ്ങളെല്ലാം അരങ്ങേറുന്നത് ബിജെപിയുടെ സർക്കുലറിൻ പ്രകാരമാണെന്ന വ്യക്തമായ സൂചന ലഭിക്കുന്നത്. സർക്കുലർ അനുസരിച്ച് ഇന്നലെ സന്നിധാനത്ത് സമരം നടത്തേണ്ട ചുമതല കെ.ജി കണ്ണനായിരുന്നു. ഇത്തരത്തിൽ ഒരു സർക്കുലറില്ലെന്ന് ബിജെപി സംഘപരിവാർ നേതാക്കൾ ആരോപിക്കുമ്പോഴാണ് സർക്കുലർ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് കൂടുതൽ വ്യക്തമാകുന്നത്. ഇത് സന്നിധാനത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ബിജെപിയും സംഘപരിവാറും വ്യക്തമായ ആസൂത്രണത്തോടെയാണ് ശ്രമിക്കുന്നതെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇതിനിടെ പവിത്രമായ ശബരിമല സന്നിധാനത്തെ സമരഭൂമിയാക്കാനുള്ള സംഘപരിവാറിന്റെ ശ്രമത്തിനെതിരെ വിശ്വാസികളിൽ ഒരു വിഭാഗം പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. സ്ത്രീ പ്രവേശനത്തിനെതിരെ സമരം നടത്തണമെങ്കിൽ പമ്പയിലോ നിലയ്്ക്കലിലോ സമരം നടത്തിക്കൂടെ, എന്തിന് സന്നിധാനത്ത് നടത്തണമെന്നാണ് ഇവരുടെ ചോദ്യം. സമരത്തെ പിൻതുണയ്ക്കുന്ന വിശ്വാസികളിൽ ഒരു വിഭാഗം തന്നെയാണ് ഇത്തരത്തിൽ ചോദ്യം ഉന്നയിക്കുന്നതും.
ശനിയാഴ്ച രാത്രിയിലാണ് നിരോധനാജ്ഞ ലംഘിച്ച് എൺപതോളം വരുന്ന പ്രവർത്തകർ സന്നിധാനത്ത്. പൊലീസിന്റെ മുന്നിലൂടെ ചെറു സംഘങ്ങളായി വിവർ നടയ്ക്കു മുന്നിലെത്തിയ ഇവർ, രണ്ട് സംഘങ്ങളായി തിരിഞ്ഞ് ശരണം വിളി ആരംഭിക്കുകയായിരുന്നു. പെട്ടന്ന് തന്നെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇവരോട് ഹരിവരാസനം പാടി നട അടയ്ക്കുമ്പോഴേയ്ക്കും ശരണം വിളി അവസാനിച്ച് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഹരിവരാസനത്തിനു ശേഷവും ഇവർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ പിന്നീട് നിലയ്ക്കലിൽ എത്തിച്ച് ജാമ്യത്തിൽ വിട്ടയച്ചു.
എന്നാൽ, കൃത്യമായ ആസൂത്രണത്തോടെയാണ് ഇന്നലെ വരെയുള്ള സമരങ്ങൾ നടന്നിരുന്നതെന്നാണ് വ്യക്തമാകുന്നത്. സന്നിധാനത്ത് പ്രതിഷേധം പ്രകടിപ്പിക്കുന്നത് ഭക്തരാണെന്ന് ബിജെപി സംഘപരിവാർ സംഘടനകളും, ജനം ടിവി അടക്കമുള്ള മാധ്യമങ്ങളും പ്രചരിപ്പിക്കുമ്പോഴാണ്, ബിജെപിയുടെയും സംഘപരിവാറിന്റെയും ആസൂത്രണം സംബന്ധിച്ചുള്ള വ്യക്തമായ തെളിവുകൾ ഇപ്പോൾ പുറത്ത് വരുന്നത്. ശനിയാഴ്ച സന്നിധാനത്ത് സമരം നടത്താനുള്ള ചുമതല പൊൻകുന്നം സംഘജില്ലയുടെ ചുമതലയുള്ള കെ.ജി കണ്ണനായിരുന്നു. സർക്കുലർ പ്രകാരം പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ശനിയാഴ്ച സമരത്തിനായി സന്നിധാനത്ത് എത്തിക്കണമെന്നായിരുന്നു നിർദേശം. ഇതേ സ്ഥലങ്ങളിൽ നിന്നുള്ള ബിജെപി, യുവമോർച്ചാ പ്രവർത്തകരാണ് ശനിയാഴ്ച രാത്രിയിൽ സന്നിധാനത്ത് എത്തി പ്രതിഷേധം പ്രകടിപ്പിച്ചതും നാമജപം നടത്തിയതും.
സമരങ്ങൾ താല്കാലികമായി അവസാനിച്ചതോടെ സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. ഇതോടെ സന്നിധാനത്തേയ്ക്ക് എത്തുന്ന ഭക്തരുടെ എണ്ണവും വർധിച്ചിരുന്നു. എന്നാൽ, ഇതെല്ലാം തകിടം മറിയ്ക്കുന്നതാണ് ശനിയാഴ്ച നടന്ന നാമജപ പ്രതിഷേധവും സംഘർഷവും എല്ലാം. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തരെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ തിരിച്ചടി.