play-sharp-fill
ശബരിമല; പൊളിഞ്ഞ് പാളീസായ സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ബിജെപി

ശബരിമല; പൊളിഞ്ഞ് പാളീസായ സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ബിജെപി


സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ആരംഭിച്ച സമരം പൊളിഞ്ഞ് പാളീസാകുമെന്ന ആശങ്കയിൽ സമരം എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ ആശയക്കുഴപ്പത്തിൽ ബിജെപി. ഇതോടെ വിഷയം ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനുമായി നാളെ ബി.ജെ.പി നേതൃയോഗം തിരുവനന്തപുരത്ത് വിളിച്ച് ചേർത്തു. സംസ്ഥാന ഭാരവാഹികളെയും മോർച്ച പ്രസിഡന്റുമാരെയും പാർട്ടിയുടെ ജില്ലാ പ്രസിഡന്റുമാരെയുമാണ് വിളിച്ചിരിക്കുന്നത്. യുവമോർച്ചാ യോഗത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നടത്തിയ അഭിപ്രായ പ്രകടനത്തോടെയാണ് സമരത്തിന്റെ ഗതി താഴോട്ട് പോയതെന്നാണ് പാർട്ടിക്കുള്ളിലെ ഭൂരിപക്ഷത്തിന്റെയും വിമർശനം. ബി.ജെ.പി ക്ക് രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പല പദ്ധതികളും ആർ.എസ്.എസും പരിവാർ സംഘടനകളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടും അത് പ്രയോജനപ്പെടുത്താൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയുടെ അറസ്റ്റും കെ. സുരേന്ദ്രന്റെ ജയിൽവാസവും പാർട്ടി അർഹിക്കുന്ന പ്രാധാന്യത്തോടെ ഏറ്റെടുത്തില്ലെന്നാണ് വിമർശനം. നിലയ്ക്കലിൽ നിന്നും സമരവേദി സെക്രട്ടേറിയറ്റിന് മുമ്പിലേക്ക് മാറ്റിയത് വലിയ ക്ഷീണം ചെയ്തു. ഈ ആരോപണം ഉയർന്നപ്പോൾ നിലയ്ക്കലിൽ തുടർന്നും സമരമുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ പേരിന് മാത്രമാണ് അവിടെ നിരോധനാജ്ഞ ലംഘിക്കൽ സമരം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗത്തിൽ സി.പി.എം ബി.ജെ.പി സംഘടനകൾ തമ്മിൽ ഒത്തുതീർപ്പ് നിലപാടുകളായിരുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും വിമർശനമുണ്ട്. വത്സൻ തില്ലങ്കേരിയെ സംരക്ഷിക്കാൻ യോഗത്തിൽ പി.സി. ജോർജ് മാത്രമേ ഉണ്ടായുള്ളൂവെന്നതാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് കാരണമായതെന്നാണ് പാർട്ടി ഘടകങ്ങളിൽ വിമർശനം ഉയർന്നത്. ഹർത്താൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ടും പാർട്ടിക്കുള്ളിൽ ഭിന്നത നില നിൽക്കുകയാണ്. അനവസരത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു എന്നതാണ് നേതൃത്വത്തിനെതിരായ ഒരു ആരോപണം. പ്രസിഡന്റ് ഡൽഹിയിലുള്ള സമയത്ത് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ആർ.എസ്.എസിലെ ഒരു വിഭാഗവുമായി ആലോചിച്ചാണ് ഒടുവിലത്തെ ഹർത്താൽ പ്രഖ്യാപന തീരുമാനമെടുത്തതത്രെ. ഈ സാഹചര്യത്തിലാണ് നാളെ നേതൃയോഗംചേരുന്നത്. യോഗത്തിൽ ദേശീയ സഹ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, ദേശീയ സെക്രട്ടറി എച്ച്.രാജ, നളിൻ കുമാർ കട്ടീൽ എം.പി. എന്നിവർ പങ്കെടുക്കും.