പറഞ്ഞത് പലതവണ മാറ്റിപ്പറഞ്ഞ് ശ്രീധരൻപിള്ള: വീണിടത്ത് കിടന്നുരുണ്ട് ആകെ അവതാളത്തിലായി ബിജെപി; സമര തന്ത്രത്തിൽ ബിജെപിയ്ക്ക് ആകെ പാളിച്ച; സമര നേതൃത്വം കൈവിട്ട് ബിജെപി

പറഞ്ഞത് പലതവണ മാറ്റിപ്പറഞ്ഞ് ശ്രീധരൻപിള്ള: വീണിടത്ത് കിടന്നുരുണ്ട് ആകെ അവതാളത്തിലായി ബിജെപി; സമര തന്ത്രത്തിൽ ബിജെപിയ്ക്ക് ആകെ പാളിച്ച; സമര നേതൃത്വം കൈവിട്ട് ബിജെപി

പൊളിറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം തന്നെയാണ് ഇന്ന് കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്. ഈ വിഷയത്തിൽ സിപിഎം ഒഴികെയുള്ള ഒരു രാഷ്ട്രീയ പാർട്ടികൾക്കും കൃത്യമായ നിലപാടില്ലെന്നതാണ് യാഥാർത്ഥ്യം. മറ്റെല്ലാ രാഷ്ട്രീയപാർട്ടികളും ഭക്തർക്കൊപ്പം ഓടുകയും, സുപ്രീം കോടതി വിധിയെ പിൻതുണയ്ക്കുകയും ചെയ്യുകയും സർക്കാരിനെ കല്ലെറിയുകയും ചെയ്യുന്നു. കൃത്യമായ നിലപാട് പ്രഖ്യാപിക്കാതെ പ്രതിരോധത്തിലായെങ്കിലും കോൺഗ്രസ് ഭക്തരുടെ പ്രതിഷേധം കണ്ടറിഞ്ഞ് നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ, ഇരട്ടത്താപ്പിൻ മുകളിൽ തളപ്പിട്ട് കയറി വോട്ട് പിടിക്കാനായി വീണിടത്ത് കിടന്ന് ഉരുളുകയാണ് ബിജെപിയും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയും. സുപ്രീം കോടതി വിധി പുറത്ത് വന്ന് 53 ദിവസത്തിനിടെ അഞ്ഞൂറ്റി മുപ്പത് നിലപാടാണ് ദേശീയതലത്തിൽ ഭരണം നടത്തുന്ന പാർട്ടി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. എവിടെ എന്ത് നിലപാട് എടുക്കണമെന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ് ഈ ദേശീയ പാർട്ടി ഇപ്പോൾ. ഏറ്റവും ഒടുവിലായി സന്നിധാനത്ത് നടക്കുന്നത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരായ സമരമല്ല, മറിച്ച് കമ്മ്യൂണിസ്റ്റ് സർക്കാരിനും പാർട്ടിയ്ക്കും എതിരായ സമരമാണെന്ന പ്രഖ്യാപനവുമായാണ് ഇപ്പോൾ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള രംഗത്ത് എത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ വിവിധ വിഷയങ്ങളിലെ ഇരട്ടത്താപ്പും നിലപാട് മാറ്റവുമായി രംഗത്ത് എത്തിയ ശ്രീധരൻപിള്ള വ്യക്തമാക്കുന്നത് വോട്ടല്ലാതെ മറ്റൊന്നും തങ്ങൾ ലക്ഷ്യമിടുന്നില്ലെന്നത് തന്നെയാണ്.
സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയുള്ള ആദ്യ പ്രസംഗത്തിൽ കോടതി വിധിയെ പിൻതുണച്ചാണ് അഭിഭാഷകൻ കൂടിയായ പി.എസ് ശ്രീധരൻപിള്ള രംഗത്ത് എത്തിയത്. എന്നാൽ, സുപ്രീം കോടതി വിധി ആളിക്കത്തിയതോടെ സന്നിധാനത്തേയ്ക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ അമ്മമാരും സ്ത്രീകളും അടക്കമുള്ളവർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇതോടെ ആർഎസ്എസും ബിജെപിയും കോൺഗ്രസും നിലപാട് മാറ്റി. പിന്നീട് കേരളം കണ്ടത് ഒരു സമരവേലിയേറ്റങ്ങളെയായിരുന്നു. ശബരിമലയിലേയ്ക്ക് സ്ത്രീകൾ പ്രവേശിച്ചാൽ തടയും എന്ന പ്രഖ്യാപനവുമായി ബിജെപി സംഘപരിവാർ നേതാക്കൾ പ്രകോപനവുമായി രംഗത്ത് എത്തുകയും ചെയ്തു.
തുടർന്ന് തുലാമാസ പൂജകൾക്കായി അഞ്ചു ദിവസം ശബരിമല നട തുറന്നു. അന്ന് നിലയ്ക്കലും പരിസരവും സംഘർഷഭൂമിയായി മാറി. പൊലീസും ഭക്തരുടെ പേരിൽ അഴിഞ്ഞാടിയ അക്രമികളും നേർക്കുനേർ നിന്ന് നിലയ്ക്കലിൽ ഏറ്റുമുട്ടി. ഇതിനെല്ലാം ഇടയിൽ നാല് സ്ത്രീകൾ ശബരിമല നടകയറാൻ എത്തുകയും ചെയ്തു. രഹന ഫാത്തിമ അടക്കമുള്ള ഈ സ്ത്രീകളെ പൊലീസ് യൂണിഫോം നൽകി സന്നിധാനത്ത് പ്രവേശിപ്പിക്കാൻ ശ്രമിച്ചു എന്നതായിരുന്നു പ്രശ്‌നം. ഇഇതിനൊടുവിൽ സന്നിധാനത്ത് നട അടയ്ക്കുമെന്ന് തന്ത്രി ഭീഷണി മുഴക്കി. ഇതോടെയാണ് യുവതികളെ തിരികെ കൊണ്ടു പോകാൻ പൊലീസ് തയ്യാറായത്.
എന്നാൽ, പിന്നീട് യുവമോർച്ചയുടെ സമ്മേളനത്തിൽ രഹസ്യമായി ബിജെപി സംസ്്ഥാന അധ്യക്ഷൻ പ്രസംഗിച്ചതിലൂടെയാണ് ഈ നട അടയ്ക്കൽ തന്ത്രത്തിനു പിന്നിലെ ഗൂഡാലോചന പുറത്തായത്. തന്ത്രി തന്നെ വിളിച്ചെന്നും തന്നോട് ആലോചിച്ച ശേഷമാണ് നട അടയ്ക്കാൻ നിർദേശം നൽകിയതെന്നും ശ്രീധരൻപിള്ള തട്ടിവിട്ടു. എന്നാൽ, ഇതിനു പിന്നാലെ സംഭവം വീണ്ടും വിവാദമായി. ഈ നിർദേശം പുറത്ത് വന്നതോടെ ബിജെപിയ്ക്കും ശ്രീധരൻപിള്ളയ്ക്കും എതിരെ ശക്തമായ പ്രതിഷേധവുമുണ്ടായി. ഇതോടെ താൻ ശ്രീധരൻപിള്ളയെ വിളിച്ചിട്ടേയില്ലെന്ന നിലപാടുമായി തന്ത്രി രംഗത്ത് എത്തി. ഇതോടെ വെട്ടിലായ ശ്രീധരൻപിള്ള തന്റെ നിലപാട് തിരുത്തി. തന്നെ ആരാണ് വിളിച്ചതെന്ന് അരിയില്ലെന്നും തന്ത്രിയാകാമെന്നാണ് കരുതുന്നതെന്നുമായി ശ്രീധരൻപിള്ള. പിന്നീട് കോടതിയിൽ നൽകിയ അപേക്ഷയിൽ തന്ത്രിവിളിച്ചെന്ന് ആവർത്തിക്കുകയും ചെയ്തു.
ഇതിനിടെ ബിജെപിയ്‌ക്കൊപ്പം നിൽക്കുകയും സമരത്തിൽ മുന്നണിയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്ത തന്ത്രികുടുംബാംഗം രാഹുൽ ഈശ്വർ നടത്തിയ പ്രസംഗവും വിവാദമായി മാറി. സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്തി നട അടപ്പിക്കാൻ പദ്ധതിയിട്ടിരുന്നു എന്നതായിരുന്നു പ്രസംഗം. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോൾ സന്നിധാനത്ത് നടക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ സമരമാണെന്ന് ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സ്ത്രീകൾ കയറുന്നതിനെതിരെ ബിജെപി സമരം നടത്തുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
ദിവസം നാൽപ്പത് വട്ടം നിലപാട് മാറ്റുന്ന, അയ്യപ്പന് വേണ്ടിയെന്ന് പറഞ്ഞ് തെരുവിൽ സമര രംഗത്തിറങ്ങുന്ന ഈ ബിജെപിക്കാരെ വിശ്വസിച്ച് ജനം എങ്ങിനെ സമരത്തിനിറങ്ങുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.