ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റും പാർലമെന്ററി പാർട്ടി ലീഡറുമായ നേതാവ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നും: കോട്ടയം നഗരസഭയിലെ ബി.ജെ.പിയിൽ പൊട്ടിത്തെറി; പി.പി.ഇ കിറ്റ് ധരിച്ച് കൗൺസിലർമാർ എത്തിയിട്ടു പോലും ബി.ജെ.പിയുടെ ഉന്നത നേതാവ് മുങ്ങിയതിൽ എതിർപ്പുമായി പാർട്ടി പ്രവർത്തകർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നിർണ്ണായകമായ നഗരസഭ തിരഞ്ഞെടുപ്പിൽ പി.പി.ഇ കിറ്റ് ഏഴു കൗൺസിലർമാർ എത്തി വോട്ട് ചെയ്തിട്ടും ബി.ജെ.പിയുടെ അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത് വിവാദമാകുന്നു. ബി.ജെ.പിയുടെ മുതിർന്ന നേതാവും കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റുമായ ടി.ആർ അനിൽകുമാറാണ് വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്. നഗരസഭയിലെ എട്ടാം വാർഡ് അംഗവും പാർലമെന്ററി പാർട്ടി ലീഡറുമായ അനിൽകുമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതാണ് ഇപ്പോൾ ബി.ജെ.പിയിൽ വിവാദമായി മാറിയിരിക്കുന്നത്.

തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ നഗരസഭയിൽ ഏറ്റവും വാശിയേറിയ പോരാട്ടമാണ് നടന്നത്. ഓരോ വോട്ടും ഏറെ നിർണ്ണായകമായ വോട്ടെടുപ്പിൽ 22 വോട്ട് വീതമാണ് ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്കു നടന്ന വോട്ടെടുപ്പിൽ ഇരു മുന്നണികൾക്കും ലഭിച്ചത്. എന്നാൽ, എട്ട് അംഗങ്ങളുള്ള ബി.ജെ.പിയ്ക്കു ഏഴു വോട്ട് മാത്രമാണ് ഇവിടെ ലഭിച്ചത്. ഇതാണ് ഇപ്പോൾ പാർട്ടിയിൽ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പിയുടെ ചെയർപേഴ്‌സൺ സ്ഥാനാർത്ഥിയായി മത്സരിച്ചത് റീബാ വർക്കിയും, വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ചത് കെ.ശങ്കരനുമായിരുന്നു. എന്നാൽ, രണ്ടു വോട്ടെടുപ്പിലും ബി.ജെ.പിയ്ക്കു ഏഴു വോട്ട് മാത്രമാണ് ലഭിച്ചത്. കൊവിഡ് ക്വാറന്റയിനിൽ കഴിയുന്നതിനാൽ നിയോജക മണ്ഡലം പ്രസിഡന്റും, പാർലമെന്ററി പാർട്ടി ലീഡറുമായ അനിൽകുമാർ വോട്ടെടുപ്പിന് പങ്കെടുക്കാനായില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്.

എന്നാൽ, അച്ഛൻ മരിച്ചിട്ടു പോലും സി.പി.എം അംഗം പി.പി.ഇ കിറ്റ് ധരിച്ച് വോട്ടെടുപ്പിനായി എത്തിയിരുന്നു. രാവിലെ വോട്ട് ചെയ്ത സി.പി.എം അംഗം, സ്ഥിതി ഗുരുതരമായതിനാൽ ഉച്ച കഴിഞ്ഞു നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല. നഗരസഭയിലെ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണ്ണായകമായിരിക്കെയാണ് നിരുത്തരവാദപരമായി ബി.ജെ.പി നേതാവ് തന്നെ പെരുമാറിയത് എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

ബി.ജെ.പിയിലെ മുതിർന്ന നേതാവ് തന്നെ ഇത്തരത്തിൽ നിലപാട് സ്വീകരിച്ചതിനെതിരെ പാർട്ടിയിൽ വൻ വിമർശനം ഉയർന്നിട്ടുണ്ട്. അനിൽകുമാറിനെതിരെ പാർട്ടി ജില്ലാ , സംസ്ഥാന നേതൃത്വങ്ങൾക്കു പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം.