play-sharp-fill
ശബരിമലയിൽ നടക്കുന്നത് ബിജെപി ഗൂഡാലോചന: നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന്; വിവാദ പ്രസംഗം പുറത്ത്

ശബരിമലയിൽ നടക്കുന്നത് ബിജെപി ഗൂഡാലോചന: നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന്; വിവാദ പ്രസംഗം പുറത്ത്

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി നടത്തുന്ന ഗൂഡാലോചന വെളിപ്പെടുന്നു. യുവതികൾ സന്നിധാനത്ത് എത്തിയാൽ നട അടച്ചിടുമെന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് മോഹനര് പ്രഖ്യാപിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ളയുമായി ആലോചിച്ചിട്ടെന്നതിന്റെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്. കഴിഞ്ഞ ദിവസം ചേർന്ന യുവമോർച്ചാ സംസ്ഥാന നേതൃയോഗത്തിലാണ് പി.എസ് ശ്രീധരൻപിള്ള വിവാദപ്രസംഗം നടത്തിയത്. രഹ്നഫാത്തിമയും, കവതാ ജക്കാലയും ശബരിമല സന്ദർശനത്തിനു എത്തിയ ദിവസമാണ് നട അടച്ചിടുമെന്ന് പ്രഖ്യാപിച്ച ക്ഷേത്രം തന്ത്രി രംഗത്ത് എത്തിയത്. ഇത് സംസ്ഥാന സർക്കാരിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഇത് ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗമായാണ് തന്ത്രി പ്രഖ്യാപിച്ചതെന്നാണ് ഇപ്പോൾ പി.എസ് ശ്രീധരൻപിള്ളയുടെ പ്രസ്താവനയോടെ വ്യക്തമായിരിക്കുന്നത്.
നട അടയ്ക്കുന്നതിനെക്കുറിച്ച് തന്ത്രി ഏറെ നേരം തന്നോട് സംസാരിച്ചു. താൻ പരിപൂർണ പിൻതുണ നൽകി. ഇതേ തുടർന്നാണ് നട അടയ്ക്കാൻ തന്ത്രി തീരുമാനിച്ചത്. തന്നെ ഫോണിൽ വിളിക്കുമ്പോൾ തന്ത്രി ഏറെ അസ്വസ്ഥനായിരുന്നു. ഒന്നും പേടിക്കേണ്ടെന്നും, ഞാൻ ഒപ്പമുണ്ടെന്നും തന്ത്രിയ്ക്ക് വാക്കു നൽകി. കോടതി അലക്ഷ്യമുണ്ടാകുമോ എന്നായിരുന്നു തന്ത്രിയുടെ സംശയം. കോടതി അലക്ഷ്യം വന്നാലും താൻ ഒന്നാം പ്രതിയാകുമെന്നും, തന്ത്രി രണ്ടാം പ്രതി മാത്രമേ ആകൂ എന്നുമായിരുന്നു തന്റെ ഉറപ്പ്. ഇത് വിശ്വസിച്ചാണ് തന്ത്രി ശബരിമല നട അയ്ക്കുമെന്ന് പ്രഖ്യാപിച്ചതെന്നും ശ്രീധരൻപിള്ള പറയുന്നു.
ശബരില വിഷയം ബിജെപിയ്ക്ക് കേരളത്തിൽ ലഭിച്ച സുവർണാവസരമാണ്. ഇത് മുതലെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ശ്രീധരൻ പിള്ള പ്രഖ്യാപിക്കുന്നു. സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ശബരിമല വിഷയത്തിൽ ആർഎസ്എസും ബിജെപിയും നടത്തുന്ന സമരത്തിന്റെ ലക്ഷ്യം കൂടിയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിശ്വാസത്തിന്റെ മറവിൽ സമരം നടത്തി തങ്ങളുടെ രാഷ്ട്രീയം നടപ്പാക്കാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നാണ് ഇതിലൂടെ ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
ഇതിനിടെ, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത് എത്തി. തന്ത്രികുടുംബത്തെ ശ്രീധരൻപിള്ള ഹൈജാക്ക് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമായാണ് സംഘർഷം ശബരിമലയിൽ അരങ്ങേറിയത്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
സുപ്രീം കോടതി വിധി തന്നെ ബിജെപിയുടെ ഗൂഡാലോചനയാണെന്ന സിപിഎമ്മിന്റെ ആരോപണമാണ് ഇപ്പോൾ ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.