video
play-sharp-fill
തെറി പറഞ്ഞവർ തിരുത്തുന്നു, പ്രധാനമന്ത്രിയെ പിടിച്ച കൈയ്യല്ലേ എന്നു പറഞ്ഞു ഹസ്തദാനം  ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു ; ബിജെപിയിൽ ചേർന്ന ശേഷമുള്ള അനുഭവങ്ങൾ പങ്കുവെച്ച് അബ്ദുള്ളകുട്ടി

തെറി പറഞ്ഞവർ തിരുത്തുന്നു, പ്രധാനമന്ത്രിയെ പിടിച്ച കൈയ്യല്ലേ എന്നു പറഞ്ഞു ഹസ്തദാനം ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു ; ബിജെപിയിൽ ചേർന്ന ശേഷമുള്ള അനുഭവങ്ങൾ പങ്കുവെച്ച് അബ്ദുള്ളകുട്ടി

സ്വന്തം ലേഖിക

തിരുവനന്തപുരം: കോൺഗ്രസ് നേതാവായിരുന്ന എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നിട്ട് അധികനാളായിട്ടില്ല. എന്നാൽ അതിന് ശേഷം പള്ളിയിൽ നിസ്‌കാരത്തിനെത്തിയപ്പോൾ തനിക്കുണ്ടായ രണ്ട് അനുഭവങ്ങൾ പങ്കുവെക്കുകയാണദ്ദേഹം. രണ്ട് പള്ളികളിൽ നിന്നും ഇറങ്ങുമ്‌ബോൾ വ്യത്യസ്ത പ്രതികരണങ്ങളാണ് ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭങ്ങൾ തുറന്നു പറഞ്ഞത്.

നരേന്ദ്ര മോദിയെ ഡൽഹിയിൽ ചെന്നുകണ്ട് ബി.ജെ.പി അംഗത്വം സ്വീകരിച്ച ശേഷം തിരികെ കണ്ണൂരിൽ മടങ്ങിയെത്തിയത് ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു. ജുമാ നിസ്‌കാരത്തിനായി സിറ്റി സെന്ററിലുള്ള പള്ളിയിലെത്തി തിരികെ ഇറങ്ങുമ്പോൾ തനിക്കു ചുറ്റും കൂടിയ യുവാക്കളുടെ ചെറുസംഘം തന്റെ കരം കവർന്നശേഷം പ്രധാനമന്ത്രി മോദിയെ പിടിച്ച കൈയ്യല്ലേ എന്നു ചോദിച്ച അനുഭവമാണ് തനിക്കുണ്ടായത്. അന്ന് എതിർപ്പിന് പകരം നല്ല പെരുമാറ്റമാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ തനിക്ക് തലസ്ഥാനത്തുവെച്ചുണ്ടായ ഒരനുഭവം നേരെ മറിച്ചായിരുന്നെന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തിയ സമരത്തിൽ പങ്കെടുക്കാനായി ബി.ജെ.പി അദ്ധ്യക്ഷന്റെ ക്ഷണപ്രകാരം തലസ്ഥാനത്തെത്തി പരിപാടിയിൽ പങ്കെടുത്തശേഷം പാളയം പള്ളിയിൽ നിസ്‌കാരത്തിനെത്തിയപ്പോഴുണ്ടായ സംഭവമാണ് തന്റെ രണ്ടാമത്തെ അനുഭവമായി അബ്ദുള്ളക്കുട്ടി വിവരിക്കുന്നത്. നിസ്‌കാരത്തിന് ശേഷം പുറത്തിറങ്ങി ചെരുപ്പിടവേ ഒരു യുവാവ് ബി.ജെ.പിക്കാർ പള്ളിയിൽ കയറുമോ എന്ന് വിളിച്ചു ചോദിക്കുകയായിരുന്നു. അതെന്താ അങ്ങനെ പറഞ്ഞതെന്ന് കൂട്ടത്തിലൊരാൾ യുവാവിനോട് ചോദിച്ചപ്പോൾ കുറച്ചുമുൻപ് ബി.ജെ.പിയുടെ സമരപന്തലിൽ കണ്ടിരുന്നെന്നും അതിനാലാണ് ചോദിച്ചതെന്നുമായിരുന്നു അയാളുടെ മറുപടി.

തുടക്കത്തിലുണ്ടായിരുന്ന എതിർപ്പുകളൊന്നും ഇപ്പോഴില്ല. പാർട്ടിയുമായി ന്യൂനപക്ഷങ്ങളുടെ അകൽച്ച കുറഞ്ഞ് കൂടുതൽപേർ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മോദി ഭരണഘടന തകർക്കും, ജനാധിപത്യം തകർക്കും എന്നൊക്കെയുള്ള പ്രചാരണം ശരിയല്ല. ഇന്ത്യയുടെ ജനാധിപത്യം തകർത്തത് അടിയന്തരാവസ്ഥക്കാലത്താണ്. കശ്മീർ വിഷയത്തിൽ ശക്തമായ തീരുമാനമാണുണ്ടായത്. പലപ്രമുഖരും ഇപ്പോൾ ബിജെപിയിൽ അംഗത്വമെടുത്ത് തുടങ്ങി. ഇപ്പോൾ എതിർക്കുന്നവർ നാളെ നിലപാട് തിരുത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പിയെകുറിച്ച് സമൂഹത്തിൽ തെറ്റായ കാഴ്ചപ്പാടുണ്ടാക്കുവാനാണ് എതിർ പാർട്ടിയിലുള്ളവർ ശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ ആരോപിക്കുന്നു.

https://www.facebook.com/abdullakuttyofficial/videos/2559044227656313/

Tags :