ബിജെപി ഹർത്താലിൽ എസ്.ഐയെയും പോലീസുകാരനെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
നെടുമങ്ങാട്: ശബരിമല കർമസമിതിയും ബി.ജെ.പിയും കഴിഞ്ഞദിവസം നടത്തിയ ഹർത്താലിനിടെ നെടുമങ്ങാട് എസ്.ഐയെയും അഞ്ച് പോലീസുകാരെയും ആനാട്വച്ച് ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഹർത്താൽ ദിനത്തിൽ ആനാട് ബാങ്ക് ജങ്ഷനിൽ തുറന്ന് പ്രവർത്തിച്ച സ്വകാര്യ ബാങ്ക് അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഇതറിഞ്ഞാണ് നെടുമങ്ങാട് ക്രൈം എസ്.ഐ സുനിൽ ഗോപിയും പോലീസ് സംഘവും ഇവിടെയെത്തിയത്.
ആക്രമണത്തിന് നേതൃത്വം നൽകിയവരിൽ രണ്ടുപേരെ പോലീസ് പിടികൂടിയെങ്കിലും ഹർത്താലനുകൂലികൾ പോലീസ് വാഹനം അടിച്ചുതകർത്ത് എസ്.ഐയെയും പോലീസുകാരെയും ആക്രമിച്ച് ഒരാളെ വാഹനത്തിൽനിന്നും രക്ഷപ്പെടുത്തികൊണ്ടുപോയി. എന്നാൽ കസ്റ്റഡിയിലെടുത്ത ആനാട് ഇരിയനാട് മൂഴി ഊരാളിക്കോണം പഴവിള പുത്തൻവീട്ടിൽ സച്ചുവെന്ന യദുകൃഷ്ണ(25)നെ ഹർത്താലനുകൂലികൾക്കു രക്ഷപ്പെടുത്താനായില്ല. പിന്നീട് ഹർത്താലനുകൂലിയായ കരിപ്പൂരു വാണ്ട ഓഡിറ്റോറിയത്തിനു സമീപം ആദിത്യഭവനിൽ അഭിറാ(19)മിനെയും അറസ്റ്റ് ചെയ്തു. എസ്.ഐ: സുനിൽ ഗോപിയെ കൂടാതെ കെ.എ.പി ബറ്റാലിയൻ പോലീസുകാരായ ജോബിൻ, അഖിൽ, നദീർ, അനൂപ്, ആഷിക് എന്നിവർക്കാണ് പരുക്കേറ്റത്. സുനിൽ ഗോപി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group