ബിജെപിയ്ക്ക് ആശ്വാസവുമായി വീണ്ടും കോടതി: സുപ്രീം കോടതിയ്ക്കു പിന്നാലെ മുംബൈ കോടതിയും അമിത്ഷായെ രക്ഷിച്ചു; സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികൾക്ക് ക്ലീൻ ചീറ്റ്

ബിജെപിയ്ക്ക് ആശ്വാസവുമായി വീണ്ടും കോടതി: സുപ്രീം കോടതിയ്ക്കു പിന്നാലെ മുംബൈ കോടതിയും അമിത്ഷായെ രക്ഷിച്ചു; സൊറാബുദീൻ ഷേക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതികൾക്ക് ക്ലീൻ ചീറ്റ്

സ്വന്തം ലേഖകൻ


ന്യൂഡൽഹി: റാഫേൽ ഇടപാടിനു പിന്നാലെ തിരഞ്ഞെടുപ്പടുത്തിരിക്കെ നരേന്ദ്രമോദിയ്ക്കും അമിത്ഷായ്ക്കും ആശ്വാസവുമായി വീണ്ടും കോടതിവിധി. റാഫേലിൽ സുപ്രീം കോടതി കനിഞ്ഞനുഗ്രഹിച്ചത് പോലെ തന്നെ സൊറാബുദീൻ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ മുംബൈ സി.ബി.ഐ കോടതിയാണ് ഇപ്പോൾ മോദിയ്ക്കും അമിത്ഷായ്ക്കും ആശ്വാസ വിധി നൽകിയിരിക്കുന്നത്. 13 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ സൊറൈബുദീൻ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടൽകേസിൽ ബാക്കിയുണ്ടായിരുന്ന 22 പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടതോടെയാണ് ബിജെപിയ്ക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപ് അൽപം ആശ്വാസം ലഭിച്ചിരിക്കുന്നത്. കേസിൽ 2014 ൽ തന്നെ ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ അടക്കം 14 പ്രതികളെ ഇതേ സിബിഐ കോടതി വിട്ടയച്ചിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ച പ്രത്യേക സിബിഐ കോടതി കേസ് കൊലപാതകമാണെന്ന് തെളിയിക്കുന്നതിനു പര്യാപ്തമായ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് വിധിച്ചു. ഇതേ ന്യായം പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ അടക്കം എല്ലാവരെയും വിട്ടയക്കുകയും ചെയ്യുകയായിരുന്നു. 
2005 നവംബറിൽ സൊറാബുദിൻ ഷേക്കിനെ ഗുജറാത്തിലെയും രാജസ്ഥാനിലെയും പൊലീസ് ഓഫിസർമാർ അടങ്ങുന്ന സംഘം വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഇതേ മാസം തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ കൗസർബിയെയും എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് 2006 ൽ സൊറാബുദീൻ ഷേക്കിന് സഹായം നൽകിയ തുളസീറാം പ്രജാപത് എന്നയാളെ രാജസ്ഥാൻ പൊലീസ് വെടിവച്ച് കൊന്നത്. കേസിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കം 38 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ അമിത് ഷാ അടക്കം 16 പേരെ 2013 ൽ ഇതേ കോടതി തന്നെ കുറ്റവിമുക്തനാക്കിയിരുന്നു. 
കേസിൽ പ്രോസിക്യൂഷൻ വിചാരണ ചെയ്ത 210 സാക്ഷികളിൽ 92 പേർ കൂറുമാറുകയാണ് ചെയ്തത്. കഴിഞ്ഞ മാസം അവസാനം കേസിന്റെ വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്.ജെ ശർമ്മ ഡിസംബർ 21 ന് വിധി പ്രഖ്യാപിക്കും എന്ന് അറിയിക്കുകയായിരുന്നു. 2010 ൽ സിബിഐ ഏറ്റെടുത്ത കേസിൽ ഗുജറാത്ത് മുൻ മന്ത്രിയായിരുന്ന അമിത് ഷാ, ഗുജറാത്തിലെയും രാജസ്ഥാനിലെയും മുതിർന്നതും ജൂനിയറുമായ ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവർ അടക്കം 38 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഗുജറാത്ത് പൊലീസ് മേധാവി പി.സി പാണ്ടേ, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് മേധാവി ഡിജി വൻസാരെ എന്നിവർ അടക്കം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 
കേസിലെ ഗൂഡാലോചനയോ, കൊലപാതകമോ തെളിയിക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. മൂന്ന് അന്വേഷണ സംഘങ്ങൾ അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഗൂഡാലോചന തെളിയിക്കുന്നതിനു പര്യാപ്തമായ തെളിവുകൾ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. തുടർന്നാണ് പ്രതികളെ കോടതി വിട്ടയച്ചത്.