video
play-sharp-fill

കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം; അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ബി.ജെ.പി

കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം; അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ബി.ജെ.പി

Spread the love

സ്വന്തംലേഖകൻ

കോട്ടയം : സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി, ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്‌സെയാണെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്റെ പരാമര്‍ശം വിവാദമാകുന്നു. കമല്‍ ഹാസനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി ബിജെപി. മതത്തിന്റെ പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. തമിഴ്‌നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് ഇന്ത്യയിലെ ആദ്യ ഭീകരവാദി നാഥുറാം ഗോഡ്‌സെയാണെന്ന പരാമര്‍ശവുമായി മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍ രംഗത്ത് വന്നത്. മുസ്ലീം ഭൂരിപക്ഷമേഖലയാണ് അരവാകുറിച്ചി. എന്നാല്‍ ഇവിടത്തെ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല തന്റെ വാക്കുകള്‍ എന്ന് വ്യക്തമാക്കികൊണ്ടായിരുന്നു കമല്‍ ഹാസന്റെ പ്രസ്താവന. ‘ഇവിടെ നിരവധി മുസ്ലിംകള്‍ ഉള്ളതുകൊണ്ടല്ല ഞാനിത് പറയുന്നത്.. മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നാണ് ഞാനിക്കാര്യം പറയുന്നത്.. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്.. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ’…. ഇതായിരുന്നു താരത്തിന്റെ വാക്കുകള്‍. പരാമര്‍ശം വിവാദമായതോടെ രൂക്ഷവിമര്‍ശനങ്ങളുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. അപകടകരമായ തീക്കളിയാണ് കമല്‍ഹാസന്‍ നടത്തുന്നതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴ്സൈ സൗന്ദര്‍രാജന്‍ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമല്‍ ഹാസനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും ബിജെപി കേന്ദ്രങ്ങള്‍ അറിയിച്ചു. നടന്‍ വിവേക് ഒബ്‌റോയി അടക്കമുള്ള സിനിമാതാരങ്ങളും കമലിന്റെ പരാമര്‍ശത്തിനെത്തിരെ രംഗത്തെത്തി. ഭീകരവാദത്തിന് മതമില്ലെന്നിരിക്കെ ഹിന്ദു ഭീകരവാദി എന്ന പ്രയോഗം ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യമാക്കിയാണോയെന്ന് വിവേക് ഒബ്‌റോയി ചോദിച്ചു. 2017 നവംബറിലും ഹിന്ദു വിഘടനവാദം എന്ന കമല്‍ ഹാസന്റെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു.