കേരള ബിജെപി അദ്ധ്യക്ഷനെ പത്തു ദിവസത്തിനകം തിരഞ്ഞെടുക്കാൻ നിർദ്ദേശം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരള ബിജെപി അദ്ധ്യക്ഷനെ പത്തു ദിവസത്തിനകം തിരഞ്ഞെടുക്കാൻ നിർദ്ദേശം. പി.എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായതോടെ ഒഴിവുവന്ന കേരള ബി.ജെ.പിയുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പത്തു ദിവസത്തിനകം പുതിയ ആളെ തിരഞ്ഞെടുക്കാൻ നിർദേശം. ഡിസംബർ മുപ്പതിന് ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടതിനാൽ ഈ മാസം പകുതിയ്ക്കകം സംസ്ഥാന അദ്ധ്യക്ഷനെ നിയമിക്കണമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാരംഭ ചർച്ചകൾ ആരംഭിക്കും. കോർ കമ്മിറ്റിയംഗങ്ങളുമായും തുടർന്ന് ആർ.എസ്.എസ്. നേതൃത്വവുമായുമാണ് ചർച്ച നടത്തുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ പാർട്ടി പ്രവർത്തനം സജീവമല്ലെന്നാണ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്. അതിനാൽ തന്നെ അണികളെ വിശ്വാസത്തിലെടുക്കുന്ന, ശക്തമായ നേതൃപാടവം കാഴ്ച വയ്ക്കാനാവുന്നയാളെ അദ്ധ്യക്ഷനാക്കുവാനാണ് പാർട്ടി താത്പര്യപ്പെടുന്നത്. നിലവിൽ അദ്ധ്യക്ഷ സ്ഥാനത്തിനായുള്ള ചരട് വലികളുമായി കേന്ദ്രമന്ത്രി വി. മുരളീധരനും മുൻ പ്രസിഡന്റ് പി.കെ. കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് രംഗത്തുള്ളത്. കെ.സുരേന്ദ്രന്റെ പേരാണ് മുരളീധരപക്ഷം ഉയർത്തിക്കാട്ടുന്നത് എന്നാൽ മുതിർന്ന നേതാവ് എം.ടി.രമേശിന്റെ പേരാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ട് വയ്ക്കുന്നത്. കേന്ദ്രമന്ത്രി എന്ന നിലയിൽ ദേശീയ നേതാക്കളുമാിയുള്ള വി.മുരളീധരന്റെ അടുപ്പം കെ. സുരേന്ദ്രന് കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നുണ്ട്. അദ്ധ്യക്ഷസ്ഥാനം ലഭിച്ചില്ലെങ്കിൽ കൂടി അദ്ദേഹത്തെ ദേശീയ തലത്തിലേക്ക് കൊണ്ടുപോയേക്കും. നെഹ്രു യുവകേന്ദ്രയുടെ ദേശീയ ഉപാധ്യക്ഷനാക്കുമെന്ന സൂചനകൾ ചില നേതാക്കൾ പങ്കുവയ്ക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമവായത്തിലൂടെ അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ വന്നാൽ മാത്രമേ പാർട്ടിയെ നയിക്കാൻ പറ്റിയ മറ്റൊരു നേതാവിനെകുറിച്ച് ആലോചിക്കേണ്ടി വരികയുള്ളു. ബി.ജെ.പി ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. കേരളത്തിലെ ആർ.എസ്.എസ് ഘടകത്തിന്റെ പൂർണ പിന്തുണയുള്ളവർക്കു മാത്രമേ അദ്ധ്യക്ഷനാവാൻ കഴിയുള്ളു എന്നാണ് മുൻകാല ചരിത്രം തെളിയിക്കുന്നത്. കുമ്മനം രാജശേഖരനെ വീണ്ടും അദ്ധ്യക്ഷനാക്കണമെന്ന ആവശ്യം ആർ. എസ്.എസ് പാർട്ടിക്കു മുൻപാകെ വച്ചിട്ടുള്ളതായും അറിയുന്നു. ഏതായാലും അദ്ധ്യക്ഷനെ നിയമിക്കുവാനുള്ള അന്തിമ ചർച്ചകൾ ആരംഭിക്കുകയാണ് പത്തുനാളുകൾക്കകം പുതിയ അദ്ധ്യക്ഷനെ കണ്ടെത്തണമെന്ന നിർദ്ദേശമാണ് ഡൽഹിയിൽ നിന്നും ലഭിച്ചിരിക്കുന്നത്.