ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് സ്ഥാനം രാജിവച്ചു; രാജി അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ
സ്വന്തം ലേഖകൻ
കൊച്ചി: ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ ബിഷപ്പ് അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പായതോടെ താൽക്കാലികമായി സ്ഥാനം രാജിവെച്ചു. ഇതിന്റെ ഭാഗമായി ചുമതലകൾ രണ്ട് സഹായ മെത്രാൻമാർക്ക് കൈമാറി. ചോദ്യം ചെയ്യാൻ കേരളത്തിലേക്ക് വിളിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് ബിഷപ്പ് വ്യക്തമാക്കുന്നത്. ജലന്ധർ രൂപതയുടെ ആഭ്യന്തര സർക്കുലറിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കു വേണ്ടിയും ഇരയ്ക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും സർക്കുലറിൽ ബിഷപ്പ് അഭ്യർത്ഥിക്കുന്നു. ദൈവത്തിന്റെ മഹത്തായ ഇടപെടൽ സത്യം പുറത്തു കൊണ്ടുവരും. ഹൃദയങ്ങളെ സത്യപാതയിലേക്ക് നയിക്കുമെന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞു. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ വത്തിക്കാനിലേക്ക് അയച്ച കത്തിനെ തുടർന്നാണ് നടപടി. ഫാദർ മാത്യു കോക്കണ്ടത്തിന് രൂപതയുടെ താൽക്കാലിക ചുമതല.
ജലന്ധർ ബിഷപ്പ് രാജി വെച്ച വാർത്ത കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ സമര സമിതി ഔദ്യോഗികമായി അറിയിച്ചു. അതേസമയം പൂർണ്ണമായി ബിഷപ്പ് പദവി എടുത്തു മാറ്റുന്നതിന് വത്തിക്കാന് മാത്രമേ അധികാരമുള്ളൂ അതിനാൽ ബിഷപ്പ് താൽക്കാലികമായി ചുമതലയൊഴിയുക മാത്രമാണെന്നും, ഇത് പൂർണ്ണ വിജയമാണെന്ന് പറയാൻ കഴിയില്ലെന്നും കന്യാസ്ത്രീകൾ പ്രതികരിച്ചു. ബിഷപ്പ് സ്ഥാനമൊഴിഞ്ഞാലും സഭയുടെ പിന്തുണയോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഇനിയും ഉണ്ടായേക്കുമെന്ന ആശങ്കയും സമരം നടത്തുന്ന കന്യാസ്ത്രീകൾക്കുണ്ട്. വരും മണിക്കൂറുകളിൽ ഇതു സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങൾ പുറത്തുവരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group