play-sharp-fill
സഭയ്ക്കുള്ളിലെ പീഡനങ്ങൾ: ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കും; നാണംകെട്ട് ക്രൈസ്തവ സഭ

സഭയ്ക്കുള്ളിലെ പീഡനങ്ങൾ: ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കും; നാണംകെട്ട് ക്രൈസ്തവ സഭ

സ്വന്തം ലേഖകൻ

വൈക്കം: കുറവിലങ്ങാട്ട് കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ച സംഭവത്തിൽ ബിഷപ്പിന്റെ ലൈംഗിക ശേഷി പൊലീസ് പരിശോധിക്കും. കന്യാസ്ത്രീ പീഡനത്തിനു ഇരയായതായി വ്യക്തമായ സാഹചര്യത്തിലാണ് ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധിക്കാൻ പൊലീസ് ഒരുങ്ങുന്നത്. ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിൽ കന്യാസ്ത്രീ നൽകിയ രഹസ്യമൊഴി പരിശോധിച്ച ശേഷം ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടാവും ഇദ്ദേഹത്തിന്റെ ലൈംഗിക ശേഷി പരിശോധിക്കുക. സംസ്ഥാനത്തെ ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ ആദ്യമായാവും പീഡനക്കേസിൽ ഒരു ബിഷപ്പിന്റെ തന്നെ ലൈംഗിക ശേഷി പരിശോധിക്കേണ്ടി വരുന്നത്.
ജൂലൈ ഒന്ന് ഞായറാഴ്ചയാണ് ജലന്ധർ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപിച്ച് കന്യാസ്ത്രീ പരാതി നൽകിയത്. രണ്ടു വർഷത്തിനിടെ 13 തവണ ബിഷപ്പിന്റെ ലൈംഗിക വൈകൃതത്തിനു ഇരയായതായി കന്യാസ്ത്രീ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതേ തുടർന്നു ബിഷപ്പിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും ബലാത്സംഗത്തിനും പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനു ശേഷം ജൂലൈ ആറ് വെള്ളിയാഴ്ച കന്യാസ്ത്രീ ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ബിഷപ്പിനെതിരെ രഹസ്യമൊഴി കൊടുക്കുകയായിരുന്നു. പൊലീസിനു നൽകിയ മൊഴി ഈ മൊഴിയിൽ ആവർത്തിച്ചതോടെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയും ലൈംഗിക ശേഷി പരിശോധിക്കുകയും ചെയ്യേണ്ടതിലേയ്ക്കു പൊലീസ് എത്തിയത്.
കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിഷപ്പിന്റെ അറസ്റ്റിലേയ്ക്കു കടക്കും മുൻപ് പൊലീസ് ഡിജിപിയുടെയും നിയമ വിദഗ്ധരുടെയും അഭിപ്രായം തേടും. തുടർന്നാവും ബിഷപ്പിനെ അറസ്റ്റ് ചെയ്യുക. നിലവിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ ബിഷപ്പിന്റെ അറസ്റ്റിനു നിയമപരമായി തടസങ്ങളൊന്നുമില്ല. കന്യാസ്ത്രീ ബിഷപ്പ് തന്നെയാണ് പീഡിപ്പിച്ചതെന്നു പറഞ്ഞിരിക്കുകയാണ്. ഇവർ പീഡിപ്പിക്കപ്പെട്ടതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുമുണ്ട്. ഇനി ബിഷപ്പിനു പീഡിപ്പിക്കാനുള്ള ലൈംഗിക ശേഷിയുണ്ടോ എന്ന കാര്യം മാത്രമാണ് തെളിയേണ്ടത്. ഇതിനു ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരും. ഇതിനു ശേഷമാവും ഇദ്ദേഹത്തിന്റെ അറസ്റ്റിലേയ്ക്കു കടക്കുക.