ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഉടനെന്ന് സൂചന: ചോദ്യം ചെയ്യൽ മൂന്നു ദിവസം നീണ്ടേക്കും; നൂറിൽ പത്ത് ഉത്തരം തെറ്റിയാൽ ഉടൻ അറസ്റ്റ്; ഐജിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യൽ
തേർഡ് ഐ ബ്യൂറോ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ ഉടൻ അറസ്റ്റിലായേക്കുമെന്ന് സൂചന. കേസിൽ പൊലീസ് തയ്യാറാക്കിയ നൂറ് ചോദ്യങ്ങളിൽ പത്തെണ്ണമെങ്കിലും തെറ്റിയാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബിഷപ്പ് ആദ്യം നൽകിയ മൊഴികളിലെ വൈരുദ്ധ്യം പൊലീസ് സംഘം പരിശോധിച്ച് വരികയാണ്. ഈ മൊഴിയും ബുധനാഴ്ച നൽകുന്ന മൊഴിയും ചേർത്ത് വച്ചാവും പൊലീസ് സംഘം വിശദമായ റിപ്പോർട്ട് തയ്യാറാക്കുക. കഴിഞ്ഞ ദിവസം ബിഷപ്പ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത 25 നാണ് ഹൈക്കോടതി പരിഗണിക്കുക. ഈ ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി പൊലീസ് സംഘം അറസ്റ്റിലേയ്ക്ക് കടന്നേയ്ക്കും. അറസ്റ്റ് അനിവാര്യമായിരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ കേസിൽ നിർണ്ണായക വഴിത്തിരിവാകും ഉണ്ടാകുക.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പൂണിത്തറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ എത്തിയത്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ, കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി നൂറ് ചോദ്യങ്ങളും, ഇതിന്റെ ഉപചോദ്യങ്ങളും അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ബിഷപ്പിനെതിരെ നിലവിൽ ആറ് തെളിവുകളാണ് പൊലീസ് സംഘം ശേഖരിച്ചിരിക്കുന്നത്. ഈ തെളിവുകളുടെ വിശദമായ പരിശോധനയും ബുധനാഴ്ച നടക്കുന്ന ചോദ്യം ചെയ്യലിലുണ്ടാകും. കന്യാസ്ത്രീയെ ആറ് സ്ഥലത്ത് വച്ച് 13 തവണ ബിഷപ്പ് പീഡിപ്പിച്ചതായാണ് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം മുന്നോട്ട് നീങ്ങുന്നതും. ഈ സാഹചര്യത്തിൽ ബിഷപ്പ് ബുധനാഴ്ച അന്വേഷണ സംഘത്തിനു മുന്നിൽ നൽകുന്ന മൊഴികൾ ഏറെ നിർണ്ണായകമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഷപ്പിന്റെ ചോദ്യം ചെയ്യൽ മൂന്നു ദിവസമെങ്കിലും നീണ്ടേയ്ക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ബിഷപ്പിൽ നിന്ന് നിലവിൽ നൂറ് ചോദ്യങ്ങൾ ചോദിച്ച് വിവരം ശേഖരിക്കേണ്ടതുണ്ട്. ഇതിനുള്ള ഉപ ചോദ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇതു കൂടാതെയാണ് ബിഷപ്പ് ചോദ്യം ചെയ്യലിൽ പറയുന്ന കാര്യങ്ങളിൽ വ്യക്തതവരുത്താൻ പല ചോദ്യങ്ങളും ചോദിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യൽ മൂന്നു ദിവസമെങ്കിലും നീണ്ടേയ്ക്കുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ബിഷപ്പിന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെങ്കിൽ അറസ്റ്റിലേയ്ക്കു തന്നെ നീങ്ങുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. മുൻകൂർ ജാമ്യം കോടതിയുടെ പരിഗണനയിലിരിക്കെ ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഇതു സംബന്ധിച്ചു കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാവും. ഈ സാഹചര്യത്തിൽ ബിഷപ്പിന്റെ അറസ്റ്റ് 25 ന് മുൻപുണ്ടാകുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.