ഫ്രാങ്കോയുടെ പീഡനം: കന്യാസ്ത്രീകളെച്ചൊല്ലി സഭയിൽ കൂട്ടയടി; ബിഷപ്പോ പി.ആർ.ഒ യോ വലുത് എന്നതിനെച്ചൊല്ലി തർക്കം
സ്വന്തം ലേഖകൻ
കോട്ടയം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീകളെ പിൻതുടർന്ന് പീഡിപ്പിച്ച് കത്തോലിക്കാ സഭ. പീഡനത്തിന് ഇരയായ കന്യാസ്ത്രീകളോട് പോപ്പ് ഫ്രാൻസിസ് പോലും അനുകമ്പയോടെ പെരുമാറുമ്പോഴാണ് അതി ക്രൂരമായ പീഡനങ്ങൾ സഭ തുടരുന്നത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീകളോട് അനുകമ്പാ പൂർണമായ സമീപനം മാർപാപ്പയുടെ പ്രതിനിധിയായ ജലന്ധർ രൂപതാ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ചപ്പോഴാണ് , ഇതിനെ തിരുത്തി സഭ പി.ആർഒയുടെ പത്രക്കുറിപ്പ് പുറത്ത് വന്നത്. കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം റദാക്കിയെന്നും അവർക്ക് മഠത്തിൽ തുടരാമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചപ്പോൾ , അങ്ങിനെ ഒരു തീരുമാനമില്ലെന്നാണ് പി.ആർ.ഒ യുടെ പത്രക്കുറിപ്പ്.
ഇതിനിടെ ജലന്ധര്‍ രൂപത അപ്പസ്റ്റോലിക അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിനെ തരുത്തിക്കൊണ്ടുള്ള രൂപത പിആര്‍ഒ ഫാ. പീറ്റര്‍ കാവുമ്പുറത്തിന്റെ കത്ത് തങ്ങള്‍ തള്ളിക്കളയുന്നതായി കന്യാസ്ത്രീകളും അറിയിച്ചു. രൂപത ബിഷപ്പിനെ തിരുത്താന്‍ കേവലം ഒരു പിആര്‍ഒയ്ക്ക് അധികാരമില്ലെന്നും കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരാന്‍ ബിഷപ്പ് അഗ്നലോ നല്‍കിയ നിര്‍ദേശമാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും സി. അനുപമ .
അഡ്മിനിസ്‌ട്രേറ്റീവ് അപ്പസ്റ്റോലിക് ബിഷപ്പിനെ വത്തിക്കാനില്‍ നിന്നാണ് നിയമിച്ചിരിക്കുന്നത്. ഞങ്ങളുടെ കോണ്‍ഗ്രിഗേഷന്‍ രൂപതയുടെ കീഴിലുള്ളതാണ്. രൂപതയുടെ അധ്യക്ഷന്‍ ആരാണോ അവര്‍ക്ക് അതില്‍ ഇടപെടുന്നതില്‍ യാതൊരു കുഴപ്പവുമില്ല. എല്ലാക്കാര്യങ്ങളിലും എന്നല്ല, പ്രധാനപ്പെട്ടവയില്‍. അതിനുള്ള അധികാരം രൂപത അധ്യക്ഷനുണ്ട്. പ്രത്യേകിച്ച് ഞങ്ങളുടെ വിഷയം ഒരു വിവാദ സംഭവവുമായിരിക്കുന്ന സ്ഥിതിക്ക് ബിഷപ്പിന് തീര്‍ച്ചയായും ഇടപെടാം. അതില്‍ ഒരു തിരുത്തലിന്റെയും ആവശ്യമില്ല. രൂപത ബിഷപ്പ് കോണ്‍ഗ്രിഗേഷന്‍ കാര്യങ്ങളില്‍ ഇടപെടാറില്ലെന്നു പിആര്‍ഒ ഇപ്പോള്‍ പറയുമ്പോള്‍, ഫ്രാങ്കോ മുളയ്ക്കല്‍ രൂപത അധ്യക്ഷനായിരുന്ന സമയത്ത് എല്ലാ കാര്യങ്ങളിലും ഇടപെട്ടിരുന്നുവെന്ന കാര്യം മറന്നു പോയോ? ഞങ്ങളെ എത്രമാത്രം ദ്രോഹിച്ചു.
അപ്പോഴൊന്നും ബിഷപ്പിന് കന്യാസ്ത്രീകളുടെ കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ഒരാളും പറഞ്ഞു കേട്ടില്ലല്ലോ! അന്നും രൂപതയ്ക്ക് പിആര്‍ഒ ഉണ്ടായിരുന്നല്ലോ. അപ്പോള്‍ ഒരാള്‍ക്ക് ഇടപെടാന്‍ പറ്റും മറ്റാര്‍ക്കും കഴിയില്ലെന്നാണോ? കേസിന്റെ വിചാരണ കഴിയും വരെ കുറവിലങ്ങാട് മിഷന്‍ ഹോമില്‍ തന്നെ ഞങ്ങളെ നില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരുന്നത്. അത് അനുവദിച്ചുകൊണ്ട് ആഗ്നലോ ഗ്രേഷ്യസ് പിതാവ് ഇ മെയില്‍ അയച്ചത്. അതാണ് ഞങ്ങള്‍ അംഗീകരിക്കുന്നതും സ്വീകരിക്കുന്നതും. അതിനെ എതിര്‍ത്തുകൊണ്ട് ഇപ്പോള്‍ പിആര്‍ഒ പുറപ്പെടുവിച്ച കത്തിന് യാതൊരു പ്രസക്തിയുമില്ല. കാരണം, ബിഷപ്പ് ആഗ്നലോയെക്കാള്‍ വലുതല്ല പിആര്‍ഒ ഫാദര്‍ പീറ്റര്‍ കാവുമ്പുറം. അദ്ദേഹമൊരു ജീവനക്കാരന്‍ മാത്രമാണ്. പിആര്‍ഒ എന്നത് അത്രവലിയ പോസ്റ്റ് ഒന്നും അല്ലല്ലോ, സാധാരണ ഒരു വൈദികന്‍ മാത്രമാണ്. ബിഷപ്പിനെക്കാള്‍ വലിയവനൊന്നും അല്ല. അതുകൊണ്ട് തന്നെ പിആര്‍ഒയുടെ കത്തിനെ ഞങ്ങള്‍ മാനിക്കുന്നില്ല. ബിഷപ്പ് എന്തുപറഞ്ഞോ അതിനാണ് പ്രാധാന്യം.
പക്ഷേ, ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഒരു ബിഷപ്പിനെ തിരുത്തിക്കൊണ്ട് പിആര്‍ഒയ്ക്ക് ഇങ്ങനെയൊരു കത്ത് പുറപ്പെടുവിക്കാന്‍ കഴിയുന്നുവെങ്കില്‍ അതെങ്ങനെ സാധിക്കുന്നു? അവിടെയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഇപ്പോഴും രൂപതയിലുള്ള സ്വാധീന്യം വ്യക്തമാകുന്നത്. ഫ്രാങ്കോയുടെ വലംകൈയായി നില്‍ക്കുന്നയാളാണ് ഫാ. പീറ്റര്‍ കാവുമ്പുറം. എല്ലാ സമയത്തും ഫ്രാങ്കോയെ പിന്തുണച്ചു വരുന്നൊരാളാണ് അദ്ദേഹം. ഫ്രാങ്കോയ്ക്ക് വേണ്ടി ഞങ്ങള്‍ക്കും വീട്ടുകാര്‍ക്കുമെതിരേ കേസ് കൊടുക്കുന്നതുപോലും പിആര്‍ഒ പീറ്റര്‍ കാവുമ്പുറമാണ്. ഫ്രാങ്കോയ്ക്കുവേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് അഗ്നലോ പിതാവിനെ തിരുത്തിക്കൊണ്ടുള്ള ഈ കത്തുപോലും. പക്ഷേ ഇനിയും ഞങ്ങളെ വരുതിക്കു നിര്‍ത്താന്‍ അവര്‍ക്ക് കഴിയില്ല. പിആര്‍ഒയുടെ കത്ത് ഞങ്ങള്‍ തള്ളുന്നതും അതുകൊണ്ടാണ്. പിതാവ് പറഞ്ഞത് ഇവിടെ തുടര്‍ന്നോളാനാണ്. അതുകൊണ്ട് ഞങ്ങള്‍ക്കും ഞങ്ങളുടെ സിസ്റ്ററിനും നീതി കിട്ടുന്നതുവരെ കുറവിലങ്ങാട് തന്നെ ഞങ്ങള്‍ ഉണ്ടാകും. ഇവിടെയിപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ്.പലസ്ഥലങ്ങളിലേക്ക് പോയാല്‍ അത് ഞങ്ങളുടെ ജീവന് തന്നെ അപകടം ഉണ്ടാക്കിയേക്കാം.
ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം പോന്നതെന്നാണല്ലോ പറയുന്നത്, അത് ശരിയാണ്. ഞങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെ പോന്നതാണ്. എന്തുകൊണ്ട് എന്നു കൂടി പറയാം. ഞങ്ങളുടെ സിസ്റ്ററിനെ ഈ സഭയിയോ കോണ്‍ഗ്രിഗേഷനിലോ ഉള്ള ഒരാള്‍ പോലും പിന്തുണയ്ക്കാനോ കൂടെ നില്‍ക്കാനോ ഇല്ലാതിരുന്നതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങോട്ട് പോന്നത്. എല്ലാ വെല്ലുവിളികളും സഹിച്ച് കൂടെ നില്‍ക്കുന്നത്. അതില്‍ ന്യായമുണ്ട്.