ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസ്: കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കന്യാസ്ത്രികളുടെ പരാതി മുഖ്യമന്ത്രിയ്ക്ക്; കേസിൽ കുറ്റപത്രം അടുത്ത ആഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: ജലന്ധർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കന്യാസ്ത്രീകൾ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. പീഡനത്തിനിരയായ കന്യാസ്ത്രീ അടക്കം അഞ്ച് കന്യാസ്ത്രീകളാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. ഇതിനിടെ കേസിലെ കുറ്റപത്രം സമർപ്പിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലായി. അടുത്ത ആഴ്ച തന്നെ കുറ്റപത്രം സമർപ്പിച്ചേക്കും. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസിൽ കുറ്റപത്രം പൊലീസ് സമർപ്പിക്കുന്നത്. കേസിൽ അഡ്വ.ജിതേഷ് ജെ.ബാബുവിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നേരത്തെ നിയമിച്ചിരുന്നു. ഈ കേസിൽ തുടർ നടപടികൾ ഇദ്ദേഹമാണ് ഇനി ചെയ്യുന്നത്. എന്നാൽ, ജിതേഷ് ജെ.ബാബുവിനെ നിയമിച്ചുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങാത്തതാണ് നടപടികൾ വൈകിപ്പിക്കുന്നത്. കേസിൽ മൂന്നു ബിഷപ്പുമാരും, ഒൻപത് കന്യാസ്ത്രീകളും, ബിഷപ്പിന്റെ പീഡനത്തെ തുടർന്ന് തിരുവസ്ത്രം ഉപേക്ഷിച്ച പന്ത്രണ്ട് കന്യാസ്ത്രീകളും സാക്ഷികളാണ്. ആകെ 90 പേരെയാണ് സാക്ഷിപ്പട്ടികയിൽ പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. കന്യാസ്ത്രീകളെ സ്വാധീനിക്കാനും വധഭീഷണി മുഴക്കാനും പോലും ബിഷപ്പ് ഫ്രാങ്കോ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. നിരവധി തവണ ബിഷപ്പ് ഫ്രാങ്കോ വധഭീഷണി മുഴക്കിയിരുന്നു. ഇതേ തുടർന്നാണ് പതിമൂന്ന് തവണ പീഡനത്തിനിരയായിട്ടും പരാതി പറയാൻ സാധിക്കാതിരുന്നതെന്നുമാണ് കുറ്റപത്രത്തിൽ പൊലീസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ , കേസിലെ നടപടികൾ എല്ലാം വൈകുന്നത് ബിഷപ്പ് ഫ്രാങ്കോയുടെ സമ്മർദത്തെ തുടർന്നാണെന്നാണ് പുറത്തു വരുന്ന സൂചനകൾ. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതും, സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് വൈകിപ്പിക്കുന്നതും ഇതിന്റെ ഭാഗമായാണെന്നാണ് സൂചന.