കന്യാസ്ത്രീകളുടെ സമരത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതിൽ തീവ്രവാദി സംഘടനകളും; ഗുഡസംഘത്തെ പൊളിച്ചത് ഇന്റലിജൻസ് തന്ത്രം; സർക്കാർ മനസിൽ കണ്ടപ്പോൾ കൊടിയേരി മാനത്ത് കണ്ടു
കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം നടത്തിയ കന്യാസ്ത്രീകളുടെയും, ക്രൈസ്തവ സഭാ വിശ്വാസികളുടെയും സമരത്തിൽ നുഴഞ്ഞു കയറി ദേശ വിരുദ്ധ ശക്തികൾ. മാവോയിസ്റ്റുകളും, സർക്കാർ വിരുദ്ധരും, മത തീവ്രവാദ സംഘടനകളും കന്യാസ്ത്രീയ്ക്ക് പിൻതുണയുമായി എത്തിയതിനു പിന്നിൽ ദേശ വിരുദ്ധ താല്പര്യങ്ങളെന്നു കണ്ടെത്തിയ സംസ്ഥാന ഇന്റലിജൻസ് വിഭാഗം നൽകിയ ജാഗ്രതാ നിർദേശത്തെ തുടർന്നാണ് കന്യാസ്ത്രീ സമരത്തിൽ പൊലീസ് യാതൊരു വിധ ബലപ്രയോഗവും നടത്താതിരുന്നതെന്നാണ് സൂചന.
സംസ്ഥാനത്ത് അടുത്തിടെ നടന്ന എല്ലാ സർക്കാർ വിരുദ്ധ സമരങ്ങൾക്കും നേതൃത്വം നൽകിയ ഒരു സംഘം ഈ സമരത്തിനും പിന്നിലുണ്ടായിരുന്നു എന്നാണ് സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച മുന്നറിയിപ്പ്. ഇതേ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മുഖ്യമന്ത്രിയ്ക്കും ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥർ കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും അതുകൊണ്ടു തന്നെ കൃത്യമായ നിർദേശം പൊലീസിനും ലഭിച്ചിരുന്നു. കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനു നേരെ, ഏത് രീതിയിലുള്ള പ്രകോപനം ഉണ്ടായാലും, ബല പ്രയോഗം പാടില്ലെന്ന നിർദേശം നൽകിയിരുന്നു. അതുകൊണ്ടു തന്നെ പതിവിലും അധികം സംയമനം പാലിച്ചാണ് പൊലീസ് നിന്നിരുന്നത്.
പൊലീസിന്റെ ഭാഗത്തു നിന്നും ഏതെങ്കിലു്ം രീതിയിലുള്ള പ്രകോപനം ഉണ്ടായാൽ, ഇത് മുതലെടുക്കുന്നതിനു വേണ്ടിയുള്ള നീക്കമാണ് സമരത്തെ ഹൈജാക്ക് ചെയ്യാൻ എത്തിയ സംഘം ഒരുക്കിയിരുന്നത്. ഇതിനുള്ള സജ്ജീകരണങ്ങളെല്ലാം അണിയറയിൽ സജ്ജമായിരുന്നു എന്ന റിപ്പോർട്ടാണ് ഇന്റലിജൻസ് വിഭാഗം നൽകിയിരുന്നതും. ഈ സാഹചര്യത്തിൽ സമരത്തെ സർക്കാർ വിരുദ്ധമാക്കി മാറ്റി മുതലെടുപ്പ് നടത്താൻ മാവോയിസ്റ്റുകൾ മുതൽ മതമൗലിക വാദികൾ വരെ കാത്തിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി കൊടിയേരി ബാലകൃഷ്ണന്റെ പ്രസംഗം എത്തിയത്. ഇത് യഥാർത്ഥത്തിൽ സമരത്തെ ഹൈജാക്ക് ചെയ്യുന്നവരെ തടയുന്നതിനൊപ്പം, സിപിഎമ്മിനു നഷ്ടപ്പെടാൻ സാധ്യതയുള്ള ക്രൈസ്ത വോട്ട് കൂടി ലക്ഷ്യം വച്ചുള്ളതായിരുന്നു. ഓഖി ദുരന്തത്തോടെ ഇടഞ്ഞു നിൽക്കുന്ന ലത്തീൻ സഭയെയും, വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ നീങ്ങുന്ന കത്തോലിക്കാ സഭയെയും ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾക്കൊപ്പം സ്വന്തം തട്ടകത്തിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സിപിഎം നടത്തുന്നത്. ഇതിനിടെയാണ് കന്യാസ്ത്രീ സമരവും, ബിഷപ്പിന്റെ അറസ്റ്റും ചേർന്ന് സർക്കാരിനെ പ്രതിക്കൂട്ടിയിൽ നിർത്തിയത്. ഇതിൽ നിന്നു രക്ഷപെടുന്നതിനു കന്യാസ്ത്രീ സമരത്തിലെ മാവോയിസ്റ്റ് സാന്നിധ്യം തന്ത്ര പൂർവം കൊടിയേരി ഉപയോഗിക്കുകയായിരുന്നു എന്നാണ് സൂചന.