video
play-sharp-fill

ജലന്ധർ ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീ വേശ്യ; കന്യാസ്ത്രീയ്‌ക്കൊപ്പം നിൽക്കുന്ന കന്യാസ്ത്രീകളെ കന്യകാത്വപരിശോധനയ്ക്കു വിധേയരാക്കണം; കന്യാസ്ത്രികളെ അപമാനിച്ച് പി.സി ജോർജ്

ജലന്ധർ ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീ വേശ്യ; കന്യാസ്ത്രീയ്‌ക്കൊപ്പം നിൽക്കുന്ന കന്യാസ്ത്രീകളെ കന്യകാത്വപരിശോധനയ്ക്കു വിധേയരാക്കണം; കന്യാസ്ത്രികളെ അപമാനിച്ച് പി.സി ജോർജ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീ വേശ്യയെന്ന ആരോപണവുമായി പി.സി ജോർജ്. കന്യാസ്ത്രീയ്‌ക്കൊപ്പം ബിഷപ്പിനെതിരെ സാക്ഷിപറഞ്ഞ മൂന്നു കന്യാസ്ത്രീകളെയും കന്യകാത്വ പരിശോധനയ്ക്കു വിധേയരാക്കണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു. ശനിയാഴ്ച കോട്ടയം പ്രസ്‌ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പീഡനക്കേസിലെ ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം പി.സി ജോർജ് എം.എൽ.എ നടത്തിയത്. പീഡനക്കേസിലെ ഇരയെ അപമാനിക്കുന്ന രീതിയിൽ പരാമർശം നടത്തിയാൽ രണ്ടു വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. മിസ്റ്റർ ഇന്ത്യ യുവതിയെ പീഡിപ്പിച്ച കേസിൽ യുവതിയുടെ ചിത്രങ്ങൾ വാട്‌സ്അപ്പിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ച കേസിൽ പിടിയിലായ യുവാക്കൾക്കെതിരെ ഈ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതേ വകുപ്പ് അനുസരിച്ചാണെങ്കിൽ പി.സി ജോർജിനെതിരെയും കേസെടുക്കേണ്ടി വരും.
നാലു വർഷത്തിനിടെ ബിഷപ്പ് പതിമൂന്ന് തവണ പീഡിപ്പിച്ചതായാണ് കന്യാസ്ത്രീയുടെ പരാതി. പന്ത്രണ്ടു തവണയും സുഖിച്ച ശേഷം, പതിമൂന്നാം തവണയാണ് കന്യാസ്ത്രീ പരാതി നൽകിയിരിക്കുന്നത്. ഇത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നു പി.സി ജോർജ് പറയുന്നു. ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ പരസ്പര സമ്മതത്തോടെയാണ് ബന്ധമുണ്ടായിരുന്നത്. കന്യാസ്ത്രീ എന്നാൽ കന്യാമറിയത്തിന്റെ പ്രതിരൂപമാണ്. പുരുഷനുമായി ബന്ധമില്ലാതെ യേശുക്രിസ്തുവിനെ ഗർഭം ധരിച്ചു എന്നാണ് കന്യാമറിയത്തെപ്പറ്റിയുള്ള കഥ. അതുകൊണ്ടു തന്നെ ആദ്യം ബിഷപ്പുമായി പീഡനമുണ്ടായപ്പോൾ തന്നെ കന്യാസ്ത്രീ തന്റെ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടിയിരുന്നു. അതു പോലെ തന്നെ കന്യാസ്ത്രീയുമായി ബന്ധമുണ്ടായിരുന്ന ബിഷപ്പും ഈ വിഷയത്തിൽ തെറ്റുകാരൻ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയെ പിൻതുണച്ച് കൊച്ചിയിൽ സത്യാഗ്രഹം നടത്തുന്ന കന്യാസ്ത്രീമാരുടെ കന്യകാത്വം പരിശോധനയ്ക്കു വിധേയമാക്കണം. ബിഷപ്പിനെതിരായ കേസ് അന്വേഷണം കേരള പൊലീസ് വേറെ പണിയില്ലാഞ്ഞിട്ടാണ് നടത്തുന്നത്. പല പീഡനക്കേസുകളിലും പുരുഷൻമാരെ കുടുക്കുന്നതിനായി സ്ത്രീ സംരക്ഷണ നിയമങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. പീഡനക്കേസിൽ കുടുങ്ങി കോൺഗ്രസ് എംഎൽഎ വിൻസന്റെ ജയിലിൽ കിടന്നത് നാളുകളാണ്. എം.എൽഎയാകുന്നതിനു മുൻപുള്ള ബന്ധം ഉപയോഗിച്ച് അദ്ദേഹത്തെ കേസിൽ കുടുക്കുകായിരുന്നു. പി.കെ ശശി എംഎൽഎയ്‌ക്കെതിരെ പരാതിയുണ്ടായിരുന്നെങ്കിൽ യുവതി പൊലീസിൽ പരാതി നൽകണമായിരുന്നു. യുവതി യുടെ പരാതിയിൽ ശശിയെ ജയിലിൽ അടയ്ക്കണമെന്ന ആഗ്രഹമൊന്നും തനിക്കില്ലെന്നും പി.സി ജോർജ് പറഞ്ഞു.
പീഡനത്തിനിരയായ പെൺകുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമപ്രകാരം, ഇവരുടെ പേര് വെളിപ്പെടുത്തുകയോ, ചിത്രം പുറത്ത വിടുകയോ, ഇവരെ പൊതുവേദിയിൽ അപമാനിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. രണ്ടു മുതൽ അഞ്ചു വർഷം വരെ ഈ വകുപ്പ് പ്രകാരം തടവും ലഭിക്കാം. എന്നാൽ, ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെ പി.സി ജോർജ് നടത്തിയ പ്രതികരണം കന്യാസ്ത്രീയെ അപമാനിക്കുന്നതാണ്. ഞായറാഴ്ച രാവിലെ കോട്ടയത്ത് പീഡനത്തിനിരയായ കന്യാസ്ത്രീ മാധ്യമങ്ങളെ കാണാനിരിക്കെയാണ് പി.സി ജോർജ് ഇപ്പോൾ കന്യാസ്ത്രീയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സഭയെയും സർക്കാരിനെയും വലിയ പ്രതിസന്ധിയിൽ നിന്നു രക്ഷിക്കുന്നതിനായാണ് പി.സി ജോർജ് തന്നെ രംഗത്ത് എത്തിയിരിക്കുന്നതെന്നാണ് സൂചന.