play-sharp-fill
‘ഇന്ത്യൻ റിപ്പബ്ലിക്’ എന്ന കുഞ്ഞിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഭാരതാംബ, പുസ്തകത്തിന്മേൽ തുല്യ നീതിയുടെ അടയാളമായി ത്രാസ്; സുപ്രീം കോടതി സ്ഥാപിക്കപ്പെട്ടിട്ട് ഏഴരപതിറ്റാണ്ട്

‘ഇന്ത്യൻ റിപ്പബ്ലിക്’ എന്ന കുഞ്ഞിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഭാരതാംബ, പുസ്തകത്തിന്മേൽ തുല്യ നീതിയുടെ അടയാളമായി ത്രാസ്; സുപ്രീം കോടതി സ്ഥാപിക്കപ്പെട്ടിട്ട് ഏഴരപതിറ്റാണ്ട്

ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെപ്പോലെ ഭരണഘടനാ ശിൽപികൾ. കെട്ടുറപ്പുള്ള ഒരു രാജ്യത്തിനു പോന്ന ഭരണഘടന തയാറാക്കാനുള്ള ചർച്ച ഭരണഘടനാഹാളിൽ തുടരുകയാണ്. അധ്യക്ഷക്കസേരയിൽ ഡോ.രാജേന്ദ്ര പ്രസാദ്.

1949 മേയ് 24. സമയം, രാവിലെ 8.10. സഭാംഗം ജി.എസ്.ഗുപ്ത വ്യസനത്തോടെ സംസാരിച്ചു തുടങ്ങി: ‘സമയനിഷ്ഠ പാലിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാനാകില്ലേ? 11 മിനിറ്റു വൈകിയാണ് ഇന്നു നടപടികൾ ആരംഭിച്ചിരിക്കുന്നത്’. വിഷയത്തിന്റെ ഗൗരവം അംഗീകരിച്ച പ്രസിഡന്റ്, ഇതൊന്നു തുടങ്ങിക്കിട്ടാൻ താൻ 20 മിനിറ്റായി ചേംബറിൽ കാത്തിരിക്കുകയായിരുന്നുവെന്നു മറുപടി പറഞ്ഞു. നാളെ മുതൽ കൃത്യസമയത്തു സഭ തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

പിന്നാലെ, അന്നേ ദിവസം ചർച്ച ചെയ്യാനുള്ള ഭരണഘടനാ വകുപ്പിലേക്കു കടന്നു: ‘ചീഫ് ജസ്റ്റിസും, പാർലമെന്റ് നിയമപ്രകാരം നിർദേശിക്കുന്ന ഏഴിൽ കുറയാത്ത ജഡ്ജിമാരുമുള്ള ഒരു സുപ്രീം കോടതി രാജ്യത്തുണ്ടാകും.’ 1950 ജനുവരി 28ന് അപ്രകാരം സംഭവിച്ചു. സുപ്രീം കോടതി സ്ഥാപിക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീതിന്യായ നിർവഹണത്തിനും ഭരണഘടനയുടെയും നിയമങ്ങളുടെയും വ്യാഖ്യാനത്തിനുമായുള്ള പരമോന്നത പീഠം. നിലവിലുണ്ടായിരുന്ന ഫെഡറൽ കോടതിയുടെ തുടർച്ചയിലും, ഭരണഘടനാ സഭയിൽ സുദീർഘമായ ചർച്ചകളിൽ അല്ലാടി കൃഷ്ണസ്വാമി അയ്യരും കെ. സന്താനവും ഉൾപ്പെടെയുള്ള മഹാരഥന്മാർ ഒരുക്കിയ വഴിയിലുമായിരുന്നു സുപ്രീം കോടതിയുടെ സ്ഥാപനം.

സൃഷ്ടി കർമം പൂർത്തിയാക്കിയ ദൈവത്തെപ്പോലെ വിശ്രമിക്കാവുന്ന സാഹചര്യമായിരുന്നില്ല അക്കാലത്ത് ഇന്ത്യയെ നയിച്ചവരുടെ കാര്യം. ജനാധിപത്യ തൂണുകൾക്കു മുന്നിൽ കഠിനമായ വെല്ലുവിളികൾ കാത്തു നിന്നു. പലപ്പോഴും പതർച്ചകളുണ്ടായി. ബലപ്പെടുത്താനുള്ള ശ്രമങ്ങളും. അതിന്റെ തുടർച്ചയാണ് നാം ഇന്നു കാണുന്ന ഇന്ത്യ.

ബ്രിട്ടിഷ് കാലത്തും സ്വതന്ത്രാനന്തരമുള്ള ആദ്യ വർഷങ്ങളിലും ഫെഡറൽ കോടതി പ്രവർത്തിച്ച പഴയ പാർലമെന്റ് മന്ദിരത്തിലാണ് ആദ്യം സുപ്രീം കോടതിയും പ്രവർത്തിച്ചത്. 1950 ജനുവരി 28ന് രാവിലെ 9.45ന് പാർലമെന്റ് മന്ദിരത്തിലെ പ്രിൻസസ് ചേംബറിൽ സുപ്രീം കോടതിയുടെ ഉദ്ഘാടന ചടങ്ങ് നടന്നു.

ലളിതമായ ചടങ്ങിൽ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും ഉന്നത പീഠത്തിൽ. അതിഥികളായി പ്രധാനമന്ത്രിയും മന്ത്രിമാരുമെത്തി. തിരു–കൊച്ചിയിലേത് ഉൾപ്പെടെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, അറ്റോർണി ജനറൽ, അഡ്വക്കറ്റ് ജനറൽമാർ, അഭിഭാഷകർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങി സാക്ഷികളായി വലിയ നിര.

ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ മുന്നോട്ടുള്ള ദിശ സൂചിപ്പിക്കുന്ന ചെറു പ്രസംഗങ്ങളായിരുന്നു പ്രത്യേകത. ആദ്യ വർഷം ഭരണഘടനയുടെ വ്യാഖ്യാനത്തിലും ഭാവിയിലേക്കും മറ്റ് കോടതികൾക്കുമായി കീഴ്‌വഴക്കം രൂപപ്പെടുത്തുന്നതിലുമായിരുന്നു ജഡ്ജിമാരുടെ ശ്രദ്ധ.

തമിഴ്നാട്ടിലെ ആൽവാർപേട്ടിൽ ‘ഭാഷ്യം ബഷീർ അഹമ്മദ് സ്ട്രീറ്റ്’ എന്നൊരു റോഡുണ്ട്. നിയമരംഗത്തെ രണ്ടു അതികായരോടുള്ള ആദരവാണ് ആ പേരിനു പിന്നിൽ. അതിലൊരാൾ, കെ. ഭാഷ്യം അയ്യങ്കാർ. മറ്റൊരാൾ, ബഷീർ അഹമ്മദ് സയ്യിദ്. രണ്ടു പേരും മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായവർ.

അതിലെ ബഷീർ അഹമ്മദിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മാറിപ്പോകേണ്ടതായിരുന്നു സുപ്രീം കോടതിയുടെ ആദ്യ ബെഞ്ചിന്റെ നായക ചരിത്രം.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ബഷീർ അഹമ്മദിനെ സ്ഥിരം ജഡ്ജിയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫെഡറൽ കോടതി ചീഫ് ജസ്റ്റിസ് ഹരിലാൽ ജെ.കനിയ നടത്തിയ പരാമർശങ്ങൾ കോടതിയുടെ അന്തസ്സിനു ചേരുന്നതല്ലെന്നായിരുന്നു പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ പക്ഷം.

ദിവസങ്ങൾക്കുള്ളിൽ പുതുതായി രൂപംകൊള്ളാനിരിക്കുന്ന സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി ഹരിലാൽ ജെ. കനിയയെ തീരുമാനിച്ചിരിക്കെയായിരുന്നു നെഹ്റുവിന്റെ അതൃപ്തി. കനിയയുടെ കാര്യത്തിലുള്ള അസ്വസ്ഥത പങ്കുവച്ച് നെഹ്റു ആഭ്യന്തര മന്ത്രി സർദാർ പട്ടേലിനു കത്തെഴുതി. കോടതിക്കു ചേരാത്ത പ്രസ്താവന നടത്തിയ കനിയ ചീഫ് ജസ്റ്റിസ് ആകുന്നതിൽ സന്ദേഹമുണ്ടെന്നായിരുന്നു കത്തിന്റെ ചുരുക്കം.

മദ്രാസിൽ ജസ്റ്റിസ് അഹമ്മദിനെ സ്ഥിരപ്പെടുത്താതിരുന്നാൽ അതു വർഗീയ സ്വഭാവമുള്ള നടപടിയായി വ്യാഖ്യാനിക്കപ്പെടാമെന്ന് ചീഫ് ജസ്റ്റിസ് കനിയയോടു പട്ടേൽ മുന്നറിയിപ്പു നൽകി. സ്ഥിരപ്പെടുത്തലിന് അതിനോടകം നടപടിയായിരുന്നു.

അവിവേകത്തോടെ അഭിപ്രായപ്രകടനം നടത്തിയ ചീഫ് ജസ്റ്റിസ് കനിയ ഫെഡറൽ കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നു രാജിവയ്ക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട നെഹ്റുവിന് സർദാർ പട്ടേൽ എഴുതിയ മറുപടി പല കാരണങ്ങൾ കൊണ്ട് ഇപ്പോഴും പ്രസക്തമാണ്:

‘കനിയയുടെ വീഴ്ചകളെക്കുറിച്ച് എനിക്കു പൂർണ ബോധമുണ്ട്. എന്നാൽ, പൊതുവിൽ അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ എനിക്ക് കഴിയുമെന്ന് കരുതുന്നു. ഇതാദ്യമാണ് ഈ രീതിയിൽ അദ്ദേഹം അഭിപ്രായങ്ങൾ പറയുന്നത്. ചില കാര്യങ്ങളിൽ അദ്ദേഹം യുക്തിസഹമായി പെരുമാറാറുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും സമഗ്രതയും വിശുദ്ധിയും ഉയർത്തിപ്പിടിക്കാനുള്ള കുത്തക തങ്ങൾക്കാണെന്ന ധാരണ ചില ന്യായാധിപന്മാരുടെ കാര്യത്തിൽ പുതുമയല്ല’– കനിയയുടെ നിയമനം നെഹ്റുവിനെക്കൊണ്ട് പട്ടേൽ അംഗീകരിപ്പിച്ചുവെന്നു പറയാം.

നെഹ്റുവിന്റെ വിയോജിപ്പു കൊണ്ടു മാത്രമല്ല, ആദ്യ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് കനിയ തിരഞ്ഞെടുക്കപ്പെട്ടതിന് മറ്റൊരാളുടെ വൈമനസ്യം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫെഡറൽ കോടതിയിലെ അവസാനത്തെ ഇംഗ്ലിഷ് ജഡ്ജി വില്യം പാട്രിക് സ്പെൻസ് ഭാവിയിൽ വിരമിക്കുമ്പോൾ ആ പദവി നൽകാനുദ്ദേശിച്ച് 1946-ൽ നിയമ സെക്രട്ടറിയും രാഷ്ട്രീയ നേതൃത്വവും ആദ്യം താൽപര്യം ആരാഞ്ഞത് എം.സി. സെതൽവാദിനോടായിരുന്നത്രേ.

പ്രഗല്ഭ നിയമജ്ഞനായ സെതൽവാദ് (ഗുജറാത്ത് കലാപക്കേസിൽ സർക്കാരിനെതിരായ ഇടപെടലുകളിലൂടെ ശ്രദ്ധേയായ ടീസ്റ്റ സെതൽവാദിന്റെ മുത്തച്ഛൻ) തനിക്ക് 61 വയസ്സായെന്ന കാരണം പറഞ്ഞ് ആ പദവി വേണ്ടെന്നു വച്ചു. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായിരിക്കെ 1951–ൽ കനിയ അന്തരിച്ചപ്പോഴും നെഹ്റുവിന്റെ മനസ്സിൽ ഉയർന്നുവന്ന പേര് സെതൽവാദിന്റേതായിരുന്നു. അതിനകം 65 വയസ്സു പിന്നിട്ട അദ്ദേഹം വീണ്ടും ഒഴിഞ്ഞുമാറി.

അപ്പോഴും സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന്റെ ഒന്നാം നമ്പർ അഭിഭാഷകനായി (അറ്റോർണി ജനറൽ) സെതൽവാദ് തലയുയർത്തി നിന്നു.

ഫെഡറൽ കോടതിയുടെ ഒടുക്കത്തിലും ഇന്ത്യൻ സുപ്രീം കോടതിയുടെ തുടക്കത്തിലും സീനിയോറിറ്റി പരിഗണിക്കപ്പെട്ടിരുന്നില്ല. ഫെഡറൽ കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായ സർ മൗറീസ് ഗ്വയർ വിരമിക്കാറായപ്പോൾ, സർ വില്യം പാട്രിക് സ്പെൻസിനെയാണ് വൈസ്രോയി പകരം നിയമിച്ചത്.

ബ്രിട്ടനിലെ പൊതുതിരഞ്ഞെടുപ്പിൽ തോറ്റിട്ടുള്ള സ്പെൻസിനെ ജഡ്ജി പദവിയിലെ മുൻപരിചയം പോലുമില്ലാതെ അപ്രതീക്ഷിതമായാണ് ചീഫ് ജസ്റ്റിസാക്കിയത്. തന്റെ അഭിപ്രായം തേടിയില്ലെന്നതിനാൽ മൗറീസ് ഗ്വയർ അതിനോടു വിയോജിച്ചു.

സഹജഡ്ജിയായിരുന്ന ശ്രീനിവാസ വരദാചാര്യർ ആയിരുന്നു ഗ്വയറിന്റെ മനസ്സിൽ. ഇംഗ്ലിഷുകാരൻ തന്റെ പിൻഗാമിയായി വരുന്നതിനോട് ഇംഗ്ലിഷുകാരനായ ഗ്വയർക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നും നിരീക്ഷണങ്ങളുണ്ട്. ചീഫ് ജസ്റ്റിസാകാതെ ജഡ്ജി പദവിയിൽ വിരമിച്ച വരദാചാര്യർക്ക് പകരമാണ് ജസ്റ്റിസ് കനിയ ജഡ്ജി പദവിയിലെത്തിയതും ആദ്യ ചീഫ് ജസ്റ്റിസായതുമെന്നതു മറ്റൊരു കൗതുകം.

പട്ടേലും നെഹ്റുവും തമ്മിലുള്ള കത്തുകളിലേതു പോലെ, നീതിപീഠങ്ങളിലെ നിയമനങ്ങളിൽ ആദ്യം മുതലേ സർക്കാരിന്റെ താൽപര്യം പ്രകടമായിരുന്നു. പദവിയിൽ 4 വർഷത്തോളം ബാക്കി നിൽക്കെ ഹൃദയാഘാതം മൂലമായിരുന്നു കനിയയുടെ വിയോഗം. ശേഷം സെതൽവാദ് പിന്മാറിയപ്പോൾ ജസ്റ്റിസ് എം.സി.ഛാഗ്ലയെ നെഹ്‌റു പരിഗണിച്ചു.

സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാർ ഇതറിഞ്ഞ് രാജി ഭീഷണി മുഴക്കി. അതോടെ പതഞ്ജലി ശാസ്ത്രി നിയമിക്കപ്പെട്ടു. അതിനുശേഷം സീനിയോറിറ്റി അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ജഡ്ജിമാരെ നിയമിച്ചിരുന്നത്. സീനിയോറിറ്റി പ്രശ്നം ജുഡീഷ്യറിയെ പിടിച്ചുലച്ചത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ്.

1973-ൽ ഇന്ദിരാ ഗാന്ധി സർക്കാർ സീനിയോറിറ്റി അട്ടിമറിച്ച് ജസ്റ്റിസ് എ.എൻ. റായിയെ ചീഫ് ജസ്റ്റിസാക്കി. അതിൽ പ്രതിഷേധിച്ച്, തഴയപ്പെട്ട ജഡ്ജിമാരായ ജെ.എം.ഷെലാത്ത്, എ.എം.ഗ്രോവർ, കെ.എസ്.ഹെഗ്‌ഡെ എന്നിവർ രാജി വച്ചു. 1977–ൽ ചീഫ് ജസ്റ്റിസ് എ.എൻ.റായ് വിരമിച്ചപ്പോൾ തൊട്ടടുത്ത മുതിർന്ന ജഡ്ജി എച്ച്.ആർ ഖന്ന തഴയപ്പെട്ടു.

ഈ സാഹചര്യത്തിലാണ് രണ്ടാം ജഡ്ജസ് കേസിലെ വിധിന്യായത്തിലൂടെ ജഡ്ജിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് ഏറ്റെടുത്തത്. സർക്കാരും കോടതിയും തമ്മിൽ ഇപ്പോഴും അഭിപ്രായഭിന്നത നിലനിൽക്കുന്ന വിഷയമാണിത്. ചീഫ് ജസ്റ്റിസ് പദവിയിലേക്കു സീനിയോറിറ്റി പ്രകാരം പിൻഗാമിയെന്നതാണ് നിലവിലെ രീതി.

സുപ്രീം കോടതി ഇന്നത്തെ സ്വന്തം മന്ദിരത്തിലേക്കു മാറിയത് 1958ലാണ്. സെൻട്രൽ പബ്ലിക് വർക്സ് ഡിപ്പാർട്മെന്റിന്റെ ഇന്ത്യക്കാരനായ ആദ്യ മേധാവി ഗണേഷ് ഭിക്കാജി ദിയോലാലികറാണ് മന്ദിരം രൂപകൽപന ചെയ്തത്. വരാന്തയിൽ കൂറ്റൻ തൂണുകളോടു കൂടിയ കെട്ടിടത്തിൽ ഇളം തവിട്ട്, ചുവപ്പ്, ക്രീം നിറമുള്ള കല്ലുകളാണ് ഉപയോഗിച്ചത്.

രാഷ്ട്രപതി ഭവന്റേതു പോലെ, പ്രധാനമന്ദിരത്തിന്റെ മധ്യഭാഗത്തു കിരീടമാതൃകയിൽ മകുടമുണ്ട്. അതിനു നേരെ താഴെയാണ് ഒന്നാം നമ്പർ കോടതി മുറി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കുന്നത് അവിടെയാണ്. കിഴക്കും പടിഞ്ഞാറുമായി രണ്ടു ഭാഗങ്ങൾ പിന്നീട് കൂട്ടിച്ചേർത്തതാണ്.

മുന്നിലെ ഉദ്യാനത്തിൽ അമൂർത്തമായൊരു ശിൽപമാതൃകയുണ്ട്. അമ്മയും പുസ്തകം പിടിച്ചു നിൽക്കുന്ന കുഞ്ഞുമാണതിൽ. രാജ്യത്തെ നിയമങ്ങളുടെ പുസ്തകം കയ്യിലേന്തി നിൽക്കുന്ന ‘ഇന്ത്യൻ റിപ്പബ്ലിക്’ എന്ന കുഞ്ഞിനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഭാരതാംബ എന്നതാണ് സങ്കൽപം.

പുസ്തകത്തിന്മേൽ, തുല്യ നീതിയുടെ അടയാളമായി ത്രാസ്. ബംഗാളിൽ നിന്നുള്ള വിശ്രുത ശിൽപി ചിന്താമണി കറിന്റേതാണ് സൃഷ്ടി.

ചീഫ് ജസ്റ്റിസിന്റേത് ഉൾപ്പെടെ ആകെ 19 കോടതി മുറികൾ സുപ്രീം കോടതിയിലുണ്ട്. തുടക്കത്തിൽ 8 ആയിരുന്ന ജഡ്ജിമാരുടെ അംഗബലം (1958–ൽ ചുമതലയേൽക്കുമ്പോൾ 6) പലപ്പോഴായി വർധിപ്പിച്ച് ഇപ്പോൾ 34 ആണ്. 2019–ലായിരുന്നു ഏറ്റവും ഒടുവിലത്തെ വർധന. കേസുകളുടെ ബാഹുല്യം കൂടി കണക്കിലെടുത്താണ് ഈ വർധന.

കഴിഞ്ഞ കുറെ നാളുകളായി, പൂർണ അംഗബലവുമായാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നത്.വിശാലമായ റെക്കോർഡ് മുറി, ലൈബ്രറികൾ, മ്യൂസിയം തുടങ്ങി സുപ്രീം കോടതി വളപ്പിൽ തീരാത്ത കാഴ്ചകളുണ്ട്.

ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ കാവലാളാണ് സുപ്രീം കോടതിയെന്നു പറയുമ്പോൾ, ആദ്യ കാലത്തേക്കു പോകാം. കമ്യൂണിസ്റ്റ് നേതാവ് എ.കെ. ഗോപാലൻ, മദ്രാസ് സർക്കാരിനെതിരെ നൽകിയ കേസിൽ 1950 മേയ് 19നാണ് സുപ്രീം കോടതിയുടെ ആറംഗ ബെഞ്ച് വിധി പറഞ്ഞത്.

കരുതൽ തടങ്കൽ നിയമത്തിലെ 3(1) വകുപ്പുപ്രകാരം എകെജിയെ തടവിലാക്കിയതായിരുന്നു കേസിനാധാരം. കരുതൽ തടങ്കലിന്റെ നിയമസാധുത ശരിവച്ച കോടതി, വ്യവസ്ഥ ഭരണഘടനാ വിരുദ്ധമല്ലെന്നു വിധിച്ചു. അതേസമയം, അറസ്റ്റിനുള്ള കാരണം എന്താണെന്നു പറയുന്നതു വിലക്കിയ കരുതൽ തടങ്കൽ നിയമത്തിലെ 14–ാം വകുപ്പ് ഭരണഘടനാവിരുദ്ധമെന്നു പറഞ്ഞ് അസാധുവാക്കുകയും ചെയ്തു.

സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വിഖ്യാത കേസായി പരിഗണിക്കപ്പെടുന്ന കേശവാനന്ദ ഭാരതി കേസും (1973) കേരളത്തിൽ നിന്നാണ്. ഭൂപരിഷ്കരണ നിയമങ്ങളിലൂടെ ഭൂസ്വത്തു കൈകാര്യം ചെയ്യുന്നതു നിയന്ത്രിക്കാൻ ശ്രമിച്ച കേരള സർക്കാരിന്റെ നടപടി ചോദ്യം ചെയ്ത് കാസർകോട്ടെ എടനീർ മഠാധിപതിയായ സ്വാമി കേശവാനന്ദ ഭാരതിയായിരുന്നു ഹർജിക്കാരൻ. ഭരണഘടനയുടെ അടിസ്ഥാന ഘടന സിദ്ധാന്തത്തിനു വിത്തുപാകിയ കേസാണിത്.

വ്യവഹാരികളും വക്കീലൻമാരും മാത്രമല്ല, സുപ്രീം കോടതിയിലെ ന്യായാധിപ കസേരയിലിരുന്നു വിധി കൽപിച്ച മലയാളികളും ഏറെ. മലയാളിയായ ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ്.

വി.ആർ. കൃഷ്ണയ്യർ മുതൽ മലയാളി ജഡ്ജിമാരുടെ പെരുമ പറഞ്ഞാൽ തീരാത്തതാണ്. സുപ്രീംകോടതി ജഡ്ജിയായ ആദ്യ വനിത, ഏക മലയാളി വനിത, ഏക മുസ്‌ലിം വനിത തുടങ്ങിയ വിശേഷങ്ങൾ നേടിയ ജസ്റ്റിസ് എം. ഫാത്തിമ ബീവിയും ആ കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്നു.

അഭിഭാഷകരും മറ്റുമല്ലാതെ കേസിലെ കക്ഷികൾക്കും മാധ്യമങ്ങൾക്കും സുപ്രീം കോടതി നൽകുന്ന പാസ് ഉപയോഗിച്ചെത്തുന്നവർക്കും മാത്രമായിരുന്നു കുറച്ചുനാൾ മുൻപു വരെ കോടതി നടപടികൾ നേരിട്ടു കാണാൻ കഴിഞ്ഞിരുന്നത്. കോവിഡ് തീർത്ത തീരാത്ത ബുദ്ധിമുട്ടുകൾക്കിടയിലും ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്ന് വെർച്വൽ കോടതി മുറികൾ സജീവമാക്കിയെന്നതാണ്.

അതിനുള്ള നടപടികൾ നേരത്തേ തുടങ്ങിയെങ്കിലും കോവിഡ് വ്യാപനത്തോടെ അതു സജീവമായി. ഇപ്പോൾ, ഭരണഘടന ബെഞ്ചിലെ വാദം പൂർണമായും യൂട്യൂബിൽ ലഭിക്കും. പൊതുജന താൽപര്യമേറിയ വിഷയങ്ങളിലും യൂട്യൂബിലെ ലൈവ് സ്ട്രീമിങ് കോടതി അനുവദിക്കുന്നതു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിലെ നീറ്റ്–യുജി കേസിലെ വാദം എല്ലാവർക്കും കാണാനായത്.

സ്വതന്ത്രമായ കോടതി ആണ് ഭരണഘടനയിൽ വിഭാവന ചെയ്യപ്പെട്ടതെങ്കിലും അതു പലപ്പോഴും സംഭവിച്ചില്ലെന്നു വ്യക്തമാക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പദവി രാജി വച്ച ഒരാൾ ഇന്ത്യയിലുണ്ട്.

ഇന്ത്യയുടെ ഒൻപതാമത് ചീഫ് ജസ്റ്റിസായിരുന്ന കെ. സുബ്ബ റാവു. കാലാവധി പൂർത്തിയാക്കാൻ 3 മാസം ശേഷിക്കെ അദ്ദേഹം രാജിവച്ചു. 1967ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായി. കോൺഗ്രസിനു വേണ്ടി മത്സരിച്ച സക്കീർ ഹുസൈനാണ് ജയിച്ചതെങ്കിലും സുബ്ബ റാവു വലിയ വോട്ടു നേടി.

ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നു വിരമിച്ച് ഉപരാഷ്ട്രപതിയാകുകയും രാഷ്ട്രപതിയുടെ ചുമതല വഹിക്കുകയും ചെയ്ത ആളാണ് ജസ്റ്റിസ് എം.ഹിദായത്തുള്ള. 1979-ൽ ഉപരാഷ്ട്രപതിയാവുന്നതിനും 9 കൊല്ലം മുൻപാണ് ഹിദായത്തുള്ള സുപ്രീം കോടതിയിൽ നിന്നു വിരമിച്ചത്.

കേരളത്തിലെ ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിരുന്ന ശേഷമാണ് വി.ആർ. കൃഷ്ണയ്യർ ജഡ്ജിയായത്. ജസ്റ്റിസ് പി.ബി. സാവന്തും കൃഷ്ണയ്യരെ പോലെ ഇടതുരാഷ്ട്രീയ പ്രവർത്തനത്തിനു ശേഷമാണ് ജഡ്ജിയായത്. സുപ്രീം കോടതിയുടെ ആദ്യ വർഷങ്ങളെക്കുറിച്ചുൾപ്പെടെ ഗവേഷണം നടത്തിയ ജോർജ് എച്ച്. ഗാഡ്ബോയ്സ് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെയും അതിന്റെ ഭാഗമായ ജഡ്ജിമാരെയും കുറിച്ച് ഇങ്ങനെയെഴുതി:

‘അവർ അവരുടെ രാജ്യത്തെ നന്നായി സേവിച്ചു. അവരില്ലാതെ ഊർജസ്വലമായ ഇന്ത്യൻ ജനാധിപത്യമുണ്ടാകുമായിരുന്നില്ല.’

ഇന്നത്തെ രൂപമോ സ്വഭാവമോ അല്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ സുപ്രീം കോടതി 18–ാം നൂറ്റാണ്ടിൽ കൽക്കട്ടയിലാണ് സ്ഥാപിതമായത്. ബ്രിട്ടിഷ് പാർലമെന്റ് 1773 ൽ പുറപ്പെടുവിച്ച റെഗുലേറ്റിങ് ആക്ട് പ്രകാരമായിരുന്നു അത്.

ബംഗാൾ, ബിഹാർ, ഒറീസ എന്നിവിടങ്ങളായിരുന്നു അധികാരപരിധി. സമാനരീതിയിൽ മദ്രാസിലും ബോംബെയിലും പിന്നീട് സുപ്രീം കോടതികൾ വന്നു. എന്നാൽ, 1861ലെ നിയമം വഴി ഇവ ഒഴിവാക്കിയ രാജാവ് പകരം ഹൈക്കോടതികൾ കൊണ്ടുവന്നു. ഫെഡറൽ കോടതി നിലവിൽ വരുന്നതു വരെ അവയായിരുന്നു ഇന്ത്യയിലെ പരമോന്നത കോടതികൾ.

കൽക്കട്ടയിലെ സുപ്രീം കോടതിക്ക് അതിന്റെ ആദ്യ ചീഫ് ജസ്റ്റിസായിരുന്ന എലീജ ഇംപെയും സുഹൃത്തും ഗവർണർ ജനറലുമായിരുന്ന വാറൻ ഹേസ്റ്റിങ്ങ്സും അത്ര നല്ല പേരൊന്നുമല്ല സമ്പാദിച്ചു നൽകിയത്.

ഇന്ത്യയിലെ ആദ്യത്തെ പത്രപ്രവർത്തകനായ ജെയിംസ് അഗസ്റ്റസ് ഹിക്കി ‘തന്റെയും ഇന്ത്യയുടെയും’ മാധ്യമപ്രവർത്തനം തുടങ്ങിയത് കൽക്കട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ഗവർണർ ജനറലിന്റെയും വഴിവിട്ട ഇടപാടുകൾ പുറത്തു കൊണ്ടു വന്നായിരുന്നു.

ഹിക്കീസ് ബംഗാൾ ഗസറ്റ് പത്രത്തിൽ ചീഫ് ജസ്റ്റിസിന് ‘പൂൾബന്തിയെന്ന’ ഇരട്ടപ്പേരു നൽകിയാണ് ഹിക്കി വാർത്തകൾ നിറച്ചത്. ഉന്നത നീതി പീഠത്തിൽ നിന്നുള്ള അപകീർത്തിക്കേസ് ഒഴിവാക്കാനായിരുന്നു ഹിക്കിയുടെ ജാഗ്രത.