വീട്ടുകാരു പോലുമറിയാതെ ഒറ്റമുറിയിൽ യുവതിയും യുവാവും കഴിഞ്ഞത് 10 വർഷം ; ഒരു പതിറ്റാണ്ടിലധികം ഒളിത്താമസത്തിനും പ്രണയത്തിനും ശേഷം റഹ്മാൻ–സജിത ദമ്പതികൾക്ക് ആദ്യത്തെ കൺമണി പിറന്നു
സ്വന്തം ലേഖകൻ
പാലക്കാട്: പ്രണയത്തിന് വേണ്ടി ആരും സ്വീകരിക്കാത്ത വഴിയാണ് അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും തിരഞ്ഞെടുത്തത്. ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി പത്തുവര്‍ഷം പുറംലോകം അറിയാതെ റഹ്‌മാന്റെ വീട്ടിലായിരുന്നു സജിത. ഇരുവരുടെയും ജീവിതത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയിരിക്കുകയാണ്. ആൺകുട്ടിയാണ് ഇവർക്ക്.
ജൂൺ ആറിന് ജില്ലാ ആശുപത്രിയിലായിരുന്നു പ്രസവം. റിസ്‌വാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പള്ളികളിലും അമ്പലങ്ങളിലും പോയി പ്രാര്‍ഥന നടത്തി കുഞ്ഞിന്റെ 90-ാം ദിവസം ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. 2010 ഫെബ്രുവരിയിലാണ് അയല്‍വാസിയായ റഹ്‌മാനോടൊപ്പം ജീവിക്കുന്നതിനായി, പതിനെട്ടുകാരി സജിത വീടുവിട്ടിറങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങും ചെയ്യുകയായിരുന്നു റഹ്‌മാന്‍. വീട്ടുകാരോ നാട്ടുകാരോ അറിയാതെ തന്റെ വീട്ടിലെ ഒരു കുടുസ്സുമുറിയില്‍ പത്തുവര്‍ഷത്തിലേറെ സജിതയെ പാര്‍പ്പിച്ചു. സംഭവം പുറംലോകം അറിഞ്ഞപ്പോൾ വൻ വിവാദമായിരുന്നു ഉണ്ടായിരുന്നത്. 2021 ജൂണിലാണ് ‘സാഹസികത’ നിറഞ്ഞ പ്രണയ കഥ മലയാളികൾ അറിഞ്ഞത്. നിരവധി സംഭവ വികാസങ്ങൾക്ക് ശേഷം, 2021 സെപ്തംബർ 15ന് വിവാഹം രജിസ്റ്റർ ചെയ്ത ശേഷം ഇവർ വാടക വീട്ടിലേക്ക് താമസം മാറി.
പോലീസ് അന്വേഷണത്തിലാണ് പ്രണയ സാഫല്യത്തിനായുള്ള പതിറ്റാണ്ടിന്റെ ഒളിവുജീവിതം പുറത്തറിഞ്ഞത്. അങ്ങനെ 2021 സെപ്റ്റംബര്‍ 15-ന് നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. സജിതയെ ഒളിപ്പിച്ചതിന് റഹ്മാനെതിരെ പൊലീസ് കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി. ദമ്പതിമാർക്ക് തുടർ ജീവിതത്തിന് എല്ലാ സഹായവും ചെയ്യുമെന്ന് വനിതാകമ്മിഷൻ വാഗ്ദാനം ചെയ്തെങ്കിലും രണ്ടുവർഷം പിന്നിട്ടിട്ടും യാതൊന്നും ലഭിച്ചില്ല.